മധ്യവയസിലെ സജീവതയ്ക്കു നന്ദി പറയേണ്ടത് സംതൃപ്തജീവിതത്തോട്

മധ്യവയസിലെ സജീവതയ്ക്കു നന്ദി പറയേണ്ടത് സംതൃപ്തജീവിതത്തോട്

മധ്യവയസ്‌കരാകുമ്പോഴേക്കും ജീവിതത്തിലെ ആവേശം കെട്ടടങ്ങി തളര്‍ന്നു പോകുന്നതായാണ് പൊതുവേ കണ്ടു വരുന്നത്. എന്നാല്‍ ഈ പ്രായത്തിലും കായികക്ഷമതയോടെ സജീവമായി തുടരാനാകുന്നുവെങ്കില്‍ അതിനു കാരണം നിലവിലെ ശാരീരികാരോഗ്യമല്ല, ഒരു ദശാബ്ദം മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. 42 വയസില്‍, ഉയര്‍ന്ന മാനസികാരോഗ്യത്തോടെ കാണപ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും 50 വയസാകുമ്പോള്‍ കൂടുതല്‍ സജീവമായ കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണു കാണാനായത്. അതേ സമയം 42 വയസില്‍ മാനസികമായി അത്ര നല്ല ഉയര്‍ച്ച പ്രാപ്തമാകാതിരുന്നവരുടെ 50ാംവയസിലെ പ്രകടനം താരതമ്യേന കുറവായിരുന്നു. അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ക്വാളിറ്റി ലൈഫ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചതാണ് ഇക്കാര്യം. മാനസികക്ഷേമം സംബന്ധിച്ച് വൈകാരികം, മാനസികം, സാമൂഹികം എന്നിങ്ങനെ ത്രിമാനപഠനമാണ് ഗവേഷകര്‍ നടത്തിയത്. വൈകാരികക്ഷേമത്തില്‍ ജീവിതത്തിലെ മൊത്തത്തിലുള്ള സംതൃപ്തിയും ഗുണപരമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള പ്രവണതയുമാണു സൂചിപ്പിക്കുന്നത്. അതേസമയം മാനസികക്ഷേമം കൊണ്ട് അര്‍ത്ഥമാക്കുന്നത് വ്യക്തിപരമായ വളര്‍ച്ചയുടെയും ജീവിതോദ്ദേശ്യങ്ങളുടെയും അനുഭവങ്ങളാണ്.

സാമൂഹികക്ഷേമം എന്നു പറയുമ്പോള്‍ ഇതര മനുഷ്യരുമായും സമൂഹവുമായും ഉള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. യുവത്വത്തിലെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് പില്‍ക്കാല മാനസികാരോഗ്യത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ മാനസിക ആരോഗ്യം പില്‍ക്കാല ശാരീരിക പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം, ഈ പഠനത്തില്‍ വ്യായാമത്തിന്റെ കാര്യം പ്രതിപാദിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള മാനസികാരോഗ്യത്തിനും കായികാരോഗ്യത്തിനും വ്യായാമം വളരെ പ്രധാനമാണെന്നു വിദഗ്ധര്‍ പറയുന്നു. വൈകാരികമായ ക്ഷേമത്തിന് നടത്തവും പ്രകൃതിയിലേക്കു തിരിഞ്ഞുള്ള യാത്രകള്‍ സാമൂഹികക്ഷേമത്തിനും നിരന്തര പരിശീലനം കായികാരോഗ്യത്തിനും നല്ലതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഗവേഷണത്തിനായി 42 നും 50 നും ഇടയില്‍ പ്രായമുള്ള 300ല്‍പ്പരം ആളുകളില്‍ നിന്ന് വിവരശേഖരണം നടത്തിയിരുന്നു. ചോദ്യാവലികളിലൂടെയും ഇന്റര്‍വ്യൂകളിലൂടെയുമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.

Comments

comments

Categories: Health