നിശബ്ദനായ ഇന്ത്യക്കാരുടെ അന്തകന്‍

നിശബ്ദനായ ഇന്ത്യക്കാരുടെ അന്തകന്‍

ഇന്ത്യക്കാര്‍ക്കിടയില്‍ ഈ രോഗത്തിന്റെ സാന്നിധ്യം നിഴല്‍ പോലെ കൂടെയുണ്ട്. എന്നാല്‍ ഒട്ടുമിക്കവരും ഇക്കാര്യം അറിയുന്നില്ല

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മാരകരോഗമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലി സംബന്ധമായ സമ്മര്‍ദ്ദമോ ആണ് ഇത് ഇന്ത്യക്കാരില്‍ വളര്‍ത്തുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെടുക്കാന്‍ പോന്ന തരത്തില്‍ ഇത് വളരുമ്പോഴും പലരും ഇത് തിരിച്ചറിയുന്നില്ലന്നതാണ് ഏറ്റവും വലിയ അപകടം. രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ പകുതിയിലധികം പേരും അവരുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരല്ല. അത് നിയന്ത്രിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ വഷളാക്കുന്നു.

രാജ്യത്ത് നാലില്‍ ഒരാള്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടെങ്കിലും 45 ശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമാണ് രോഗവിവരം അറിയാവുന്നത്. പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (പിഎച്ച്എഫ്‌ഐ), ഹാര്‍വാര്‍ഡ് ടി ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹീദല്‍ബെര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത്, ബിര്‍മിംഗാം യൂണിവേഴ്‌സിറ്റി, ഗോട്ടിംഗെന്‍ യൂണിവേഴ്‌സിറ്റി എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലേതാണ് ഈ കണ്ടെത്തല്‍. 15-49 പ്രായപരിധിയുള്ളവരിലാണു പഠനം നടത്തിയത്.

മേയ് 3 ന് അമേരിക്കയിലെ പിഎല്‍ഒഎസ് മെഡിക്കല്‍ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്. ചികില്‍സയുടെ അഭാവം വെളിവാക്കുന്നതാണു പഠനഫലമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴ് രോഗികളില്‍ ഒരാള്‍ മാത്രമാണ് രക്തസമ്മര്‍ദ്ദത്തിനു മരുന്നുകള്‍ കഴിക്കുന്നത്. പത്തിലൊരാള്‍ മാത്രമേ രോഗം നിയന്ത്രണവിധേയമാക്കി നിലനിര്‍ത്തുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായ മരണങ്ങളുടെ 10.8% രക്താതിസമ്മര്‍ദ്ദം കാരണമായിരുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ഹൈപ്പര്‍ടെന്‍ഷന് സാധ്യതയുള്ളവരാണെന്ന് പഠനം പറയുന്നു.

ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന വൃദ്ധരും ദരിദ്രരും ചികില്‍സ ലഭിക്കാതെ കഴിയുന്നവരാണ്. 15-49 പ്രായപരിധിയിലുള്ള 5.3 ശതമാനം പരുഷന്മാരും 10.9 ശതമാനം സ്ത്രീകളും മാത്രമാണ് മരുന്നുകള്‍ വഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലും ഇക്കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഛത്തീസ്ഗഡില്‍ രോഗത്തെക്കുറിച്ച് 22.1 ശതമാനം പേര്‍ക്കാണ് ബോധവല്‍ക്കരണം കിട്ടിയിട്ടുള്ളതെങ്കില്‍ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ 80.5 ശതമാനം പേര്‍ക്ക് ഇതേക്കുറിച്ചറിയാം. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രക്തസമ്മര്‍ദ്ദ നിയന്ത്രണ നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.

ഹൈപ്പര്‍ ടെന്‍ഷന്‍ കണ്ടുപിടിക്കുക എളുപ്പമാണെന്നു പിഎച്ച്എഫ്‌ഐ വൈസ് പ്രസിഡന്റ് ദൊരൈരാജ് പ്രഭാകരന്‍ പറയുന്നു. രോഗത്തിനുള്ള ചികില്‍സകള്‍ ലളിതവും ഫലപ്രദവുമായതിനാല്‍ ഇത് എളുപ്പത്തില്‍ നിയന്ത്രിക്കാനാകും. രോഗനിര്‍ണയം, ചികില്‍സ, നിയന്ത്രണം എന്നീ മേഖലകളില്‍ ശക്തമായ ഇടപെടല്‍ ടത്താന്‍ ഇന്ത്യ തയ്യാറാകുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബോധവല്‍ക്കരണത്തിലെന്നതു പോലെ രോഗനിര്‍ണയത്തിനെത്തുന്നവരുടെ കാര്യത്തിലും
സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചവരുടെ നിരക്ക് 61.3 ശതമാനമാകുമ്പോള്‍ ഹരിയാനയില്‍ ഇത് 93.5 ശതമാനമാകുന്നു. ഇന്തയിലാകെ 76.1ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 44.7ശതമാനത്തിന് തങ്ങള്‍ രോഗികളാണെന്ന ബോധമുണ്ട്. 13.3% രോഗികള്‍ ചികില്‍സ സ്വീകരിച്ചു. 7.9% പേര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

സാധാരണ പരിശോധനകളും ജീവിതശൈലി പരിഷ്‌കരണങ്ങളും കൊണ്ട് ഹൈപ്പര്‍ടെന്‍ഷന്‍ ഒഴിവാക്കാമെന്ന് പിഎച്ച്എഫ്‌ഐയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആശിഷ് അവസ്തി പറയുന്നു. ഈ നിശബ്ദ കൊലയാളിക്കെതിരേ പ്രതിരോധമൊരുക്കാന്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിന്റെ അടുത്ത പടി ഹൃദ്രോഗമാണ്. രോഗങ്ങളും അകാലമരണനിരക്കും തടയാന്‍ ഈ രോഗത്തെ നിയന്ത്രണത്തിലാക്കിയേ തീരുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബോധവല്‍ക്കരണരംഗത്തെ അഭാവം ഇന്ത്യയിലെ ഏറ്റവും മാരകമായ സാംക്രമികേതര രോഗമായി ഹൈപ്പര്‍ടെന്‍ഷനെ മാറ്റിയിരിക്കുകയാണ്. രക്തസമ്മര്‍ദ്ദ പരിശോധനയിലൂടെയും രോഗനിര്‍ണയത്തിലൂടെയും പ്രതിരോധം സാധ്യമാണ്. രക്തസമ്മര്‍ദ്ദ ചികില്‍സയും നിയന്ത്രണവും ചെലവുകുറഞ്ഞതാണ്. ഇത്തരം പരിശോധനകള്‍ വ്യാപകമാക്കുന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രയോജനം ചെയ്യും.

Comments

comments

Categories: Health
Tags: Hypertension