ആദ്യ സംരംഭക തോല്‍വിയില്‍ നിന്ന് എങ്ങനെ കരകയറാം ?

ആദ്യ സംരംഭക തോല്‍വിയില്‍ നിന്ന് എങ്ങനെ കരകയറാം ?

സംരംഭകനാവാന്‍ ധൈര്യം കാട്ടുകയെന്നത് തന്നെ വലിയ കാര്യമാണ്. ചുരുക്കം ആളുകള്‍ മാത്രമാണ് മാസവരുമാനം ലഭിക്കുന്ന തൊഴിലുകളുപേക്ഷിച്ച് സംരംഭകത്വത്തിലേക്കിറങ്ങാന്‍ തന്റേടം കാട്ടുന്നത്. ഇതില്‍ തന്നെ 90 ശതമാനം ആളുകളുടെയും ആദ്യ സംരംഭം വൈകാതെ പൂട്ടിപ്പോവാറാണ് പതിവ്. നാട്ടുകാരെന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് നഷഅടത്തിലായ സംരംഭം തട്ടിമുട്ടി മുന്നോട്ടു കൊണ്ടുപോയി ഒടുവില്‍ വലിയ നഷ്ടത്തിലേക്ക് നിപതിക്കുന്നവരും കുറവല്ല. നഷ്ടത്തിലായ സംരംഭത്തോടുള്ള വൈകാരിക ബന്ധം ഉപേക്ഷിച്ച് പുറത്തു നിന്നു ചിന്തിക്കുകയും അനുഭവപാഠത്തിന്റെയും മതിയായ ആലോചനകളുടെയും പിന്‍ബലത്തില്‍ ധൈര്യമായി അടുത്ത സംരംഭത്തിലേക്ക് കടക്കുകയുമാണ് വേണ്ടത്

സംരംഭകത്വം; അത് തുടങ്ങാന്‍ ഒരെല്ല് കൂടുതല്‍ വേണം, ശരിയല്ലേ? ഒരു സംരംഭം തുടങ്ങിക്കൂടെ എന്ന് ചോദിച്ചാല്‍ ‘അയ്യേ, നമുക്ക് ശരിയാവില്ല ഈ ടെന്‍ഷന്‍. ഒന്നാം തിയതി ശമ്പളം കിട്ടുന്നത് വേണ്ടെന്നു വെച്ചിട്ട് ഒരു സംരംഭം ഒന്നും ശരിയാവില്ലപ്പ,’ എന്ന് പറയുന്ന എത്രയോ ആളുകള്‍ ഉണ്ട്. അപ്പോള്‍ ഇതിന്റെ അര്‍ഥം എന്താവും? സംരംഭകര്‍ ഒരു പ്രത്യേക ഇനം തന്നെ. ഒരു പ്രത്യേക ജനുസ്സ്. നമുക്ക് ഒരു കൈ നോക്കാം എന്ന് നെഞ്ച് വിരിച്ചു പറയുന്ന ജനുസ്സ്. അപ്പോള്‍ വിജയത്തിലേക്കുള്ള ആ ചവിട്ടുപടിയില്‍ ചില പരാജയങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികം മാത്രമാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് നവസംരംഭകരില്‍ 90% പേരും അഞ്ചു കൊല്ലം കൊണ്ട് പൂട്ടിപ്പോകുന്നു എന്നാണ്. അതില്‍ 42% പേര്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അടുത്ത സംരംഭത്തിന് തയാറെടുക്കുന്നു. ഇന്ന് നമുക്ക് പരാജയപ്പെട്ട സംരംഭകന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നോക്കാം.

സാമ്പത്തിക പുനഃപ്രാപ്തി

അടുത്ത സംരംഭം തുടങ്ങണമെങ്കില്‍ തന്നെ അതിനു സമ്പത്തു വേണ്ടേ? അതു മാത്രമല്ല തകര്‍ന്ന ആദ്യ വ്യാപാരത്തില്‍ എന്തെങ്കിലും കടം ബാക്കിയുണ്ടെങ്കില്‍ അതും വീട്ടണം. ഇത്തരമൊരു സ്ഥിതിയില്‍ ഉടന്‍ തന്നെ അടുത്ത സംരംഭത്തെക്കുറിച് ആലോചിക്കുക താല്‍ക്കാലികമായെങ്കിലും അസാധ്യമാകും. അപ്പോള്‍ ചെയ്യേണ്ടത് പരിഭ്രമം കൂടാതെ തിരിച്ചു നല്‍കാനുള്ള തുകയുടെ അടങ്കല്‍ കാലാവധി സംസാരിച്ചു നിശ്ചയിക്കുകയും അടുത്ത സംരംഭത്തിന് കുറച്ചു തുക ഓരോ മാസവും മാറ്റിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്. ഒരു തികഞ്ഞ സംരംഭകന്‍ തീര്‍ച്ചയായും കുറെ കാലമൊന്നും ഒരു ജോലിയില്‍ തുടരുകയില്ല. അതിനയാള്‍ക്ക് കഴിയില്ലെന്നതാണ് സത്യം.

മാനസിക പുനഃക്രമീകരണം

തകര്‍ന്നാലും ലക്ഷ്യത്തിലേക്കുള്ള പ്രയാണം വേണ്ടെന്നുവെക്കാതെ വിജയിച്ച ഒരു സംരംഭകനാണ് നാരായണ മൂര്‍ത്തി. വെറും നാരായണ മൂര്‍ത്തി എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അറിയാനിടയില്ല. ഇന്‍ഫോസിസ് എന്ന പ്രസ്ഥാനം സ്ഥാപിച്ച വ്യക്തി തന്നെ. 1976 ല്‍ സോഫ്‌റ്റെറോണികസ് എന്ന ഒരു കമ്പനി തുടങ്ങുകയും കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ കുത്തുപാളയെടുക്കുകയും ചെയ്തു അദ്ദേഹം. പിടിച്ചു നില്‍ക്കാനും അടുത്ത സംരംഭം ആരംഭിക്കാനുള്ള തയാറെടുപ്പിനും വേണ്ടി അദ്ദേഹം പാട്‌നി കംപ്യൂട്ടേഴ്‌സില്‍ (patni computers) ചേര്‍ന്ന് ജോലി ചെയ്തു. അവിടെയിരുന്ന് തന്റെ പിഴവുകള്‍ തിരിച്ചറിഞ്ഞു. വേണ്ട ഒരുക്കങ്ങള്‍ നടത്തി വീണ്ടും തുടങ്ങിയതാണ് ഇന്‍ഫോസിസ്.

വൈ വൈ അനാലിസിസ് (Why, Why)

നിങ്ങളും സംരംഭവും തമ്മിലുള്ള വൈകാരിക ബന്ധത്തില്‍ നിന്നും ആദ്യം പുറത്തേക്ക് വരുക. എന്നിട്ട് പരാജയത്തെ പുറത്തു നിന്നുകൊണ്ട് വിലയിരുത്തുക. പറ്റിയ തെറ്റുകള്‍ കണ്ടെത്തുക, വ്യക്തമായി അവ പ്രമാണമാക്കി സൂക്ഷിക്കുക. തീര്‍ച്ചയായും അടുത്ത സംരംഭത്തിന് ഇത് ഉപകരിക്കും. സ്വന്തം അനുഭവത്തെക്കാള്‍ വലിയ പാഠം വേറെ ഒന്നും തന്നെ ഇല്ല.

ഇതിന്റെ ഒപ്പം തന്നെ കേരളത്തിലെ പ്രശസ്തരായ, പ്രചോദനം നല്‍കുന്ന, വിജയന്‍ സര്‍, സുധീര്‍ജി, വാമനമൂര്‍ത്തിജി എന്നിവരെ പോലെയുള്ള പരിശീലകരുടെ ക്ലാസ്സുകളില്‍ ചേരുക. നിങ്ങളുടെ നഷ്ടപ്പെട്ട ഊര്‍ജം പെട്ടെന്ന് തന്നെ തിരിച്ചു ലഭിക്കാന്‍ ഇത് സഹായിക്കും. സ്റ്റീവ് ജോബ്‌സിന്റെ കാര്യം തന്നെ എടുക്കുക. അദ്ദേഹം തുടങ്ങിയ ആപ്പിള്‍ കമ്പനിയില്‍ നിന്നും അതിലെ ഡയറക്ടര്‍മാര്‍ തന്നെ പുറത്താക്കിയപ്പോള്‍ ആദ്യം ചെയ്തത് മനസ്സിന്റെ ഉണര്‍വ് വീണ്ടെടുക്കാന്‍ യൂറോപ്പിലും ഭാരതത്തിലും ഒരു യാത്ര നടത്തുകയായിരുന്നു. ഈ സമയത്തു തന്നെ അദ്ദേഹം ഭാരതത്തില്‍ നിന്നും പ്രാണായാമം പോലെയുള്ള സംഗതികള്‍ പഠിച്ച് മനസ്സിന്റെ ഏകാഗ്രത വീണ്ടെടുത്തു. അദ്ദേഹത്തിന്റെ രണ്ടാം വരവ് ചരിത്രമാേെണ് എല്ലാവര്‍ക്കും അറിയാമല്ലോ?

മറ്റുള്ളവരെ കുറിച്ച് വേവലാതി വേണ്ട

നിങ്ങള്‍ക്കറിയാമോ, അമിതാഭ് ബച്ചന്റെ ശബ്ദം ഒന്നിനും കൊള്ളില്ലെന്നാണ് ഓള്‍ ഇന്ത്യ റേഡിയോയിലെ ജോലിക്കു വേണ്ടി മുഖാമുഖത്തിനു പോയപ്പോള്‍ പറഞ്ഞത്. വാള്‍ട് ഡിസ്‌നിക്ക് സര്‍ഗാത്മകത തീരെ ഇല്ലെന്നാണ് ഡിസ്‌നി സ്റ്റുഡിയോ തുടങ്ങുന്നതിനു മുന്‍പ് കുറ്റപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് തുടങ്ങുന്നതിനു മുന്‍പ് ബില്‍ ഗേറ്റിന്റെ ആദ്യ സംരംഭം കുത്തുപാളയെടുത്തപ്പോള്‍, പഠിപ്പും ഇല്ല വിവരവും ഇല്ല എന്തിനു കൊള്ളാം എന്ന് ചോദിച്ചവര്‍ ഏറെ. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇവരെല്ലാം വിഷമിച്ചിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ ഏങ്ങനെ ഇരുന്നു പോയേനെ. അതുകൊണ്ട് തന്നെ തോല്‍വികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കി മുന്നേറുക. ഞാന്‍ എന്റെ ആദ്യ സംരംഭത്തില്‍ ചെയ്ത തെറ്റ്, മറ്റുള്ളവര്‍ എന്ത് കരുതും എന്ന് അനാവശ്യമായി ചിന്തിക്കുകയും നഷ്ടമായിട്ടും നടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ചതുമാണ്. എനിക്ക് നല്ല ഒരു വഴികാട്ടിയെ കിട്ടിയതുകൊണ്ടും അവരുടെ ശ്രദ്ധേയമായ വിലയിരുത്തലില്‍ തെറ്റുകള്‍ മനസ്സിലാക്കാന്‍ പറ്റിയതും പിന്നീട് വളരെയധികം സഹായിച്ചു. സംരംഭകരില്‍ പലരും മറ്റുള്ളവര്‍ എന്ത് കരുതും എന്ന് വിചാരിച്ചു മാത്രം നഷ്ടത്തിലായിട്ടും വ്യാപാരം തുടരുന്നവരാണ്. അവസാനം കൈയില്‍ ഉള്ളതെല്ലാം തീര്‍ന്ന ശേഷം അപമാനിതരായി തലയും താഴ്ത്തി പോകേണ്ട അവസ്ഥയില്‍ എത്തും. അതിനു ഇടവരുത്താതെ ഇപ്പോഴും പ്ലാന്‍ ബി തയാറാക്കി വെച്ചുകൊണ്ട് തീരുമാനത്തിന്റെ ശരിതെറ്റുകള്‍ മനസ്സിലാക്കി അടുത്ത നടപടിയിലേക്ക് എത്രയും പെട്ടെന്ന് കടക്കുക.

കൃത്യമായ പ്ലാനിംഗും ചെയ്യേണ്ട കാര്യങ്ങളിലെ വ്യക്തതയും കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയും ഉണ്ടെങ്കില്‍ വ്യാപാരത്തില്‍ വിജയം സുനിശ്ചയം.

(കല്യാണ്‍ജി പേര്‍സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റെജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider