അമേരിക്കന്‍യുവാക്കളില്‍ ഹൃദയാഘാതമരണങ്ങള്‍ വര്‍ധിക്കുന്നു

അമേരിക്കന്‍യുവാക്കളില്‍ ഹൃദയാഘാതമരണങ്ങള്‍ വര്‍ധിക്കുന്നു

യുഎസിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണനിരക്ക് അടുത്തകാലത്തായി കൂടിവരുന്നതായി റിപ്പോര്‍ട്ട്. 35 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗമരണങ്ങള്‍ ഇപ്പോള്‍ രാജ്യമൊട്ടാകെ പടരുകയാണ്. തിങ്കളാഴ്ച അമേരിക്കന്‍ ജേണലിസ്റ്റ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവാക്കള്‍ക്കിടയില്‍ പ്രമേഹവും പൊണ്ണത്തടിയും വര്‍ധിക്കുന്നത് ഇതിനു സമാന്തരമായി കാണാമെന്ന് പ്രബന്ധത്തില്‍ പറയുന്നു. 65 വയസ്സിനു താഴെയുള്ളവരുടെ അകാലമരണത്തില്‍ ഹൃദയാഘാതം വലിയ പങ്കു വഹിക്കുന്നതായി ഷിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സ്റ്റിയിലുള്ള ഫിന്‍ബര്‍ഗ്ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഹൃദ്രോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാദിയ ഖാന്‍ പറഞ്ഞു. അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയാണ് ഹൃദ്രോഗത്തിലേക്കു നയിക്കുന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ 5.7 ദശലക്ഷം പേര്‍ ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട് അവശത അനുഭവിക്കുന്നുണ്ടെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സിഡിസി) പറയുന്നു. പൊണ്ണത്തടിയുള്ളവരിലും പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളവരിലുമാണ് ഇത്തരം മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇടക്കാലത്തു കുറഞ്ഞ ഹൃദ്രോഗമരണനിരക്ക് വീണ്ടും ഉയര്‍ന്നതായാണ് സിഡിസിയുടെ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ഉദാഹരണത്തിന് 1999മുതല്‍ 2017വരെ 35 നും 84 നും ഇടയില്‍ പ്രായമുള്ളവരിലെ മരണനിരക്കു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ 1999 മുതല്‍ 2012 വരെ ഹൃദയാഘാത മരണ നിരക്ക് ഗണ്യമായി കുറയുകയും പിന്നീട് 2017 വരെ വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് ഗവേഷകര്‍ കണ്ടെത്തി. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാത്തതാണ് ഹൃദ്രോഗകാരണങ്ങളില്‍ പ്രധാനമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊണ്ണത്തടിയാണ് ഇതിലേക്കു നയിക്കുന്ന പ്രധാനകാരണം. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത നേരത്തേ കണ്ടെത്താനും ബോധവല്‍ക്കരണം നടത്താനും കഴിഞ്ഞാല്‍ ഇത്തരം മരണങ്ങള്‍ കുറയ്ക്കാനാകും.പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദ്ദം എന്നിവയ്‌ക്കൊപ്പം മയക്കുമരുന്നുപയോഗം പോലുള്ള ശീലങ്ങളും യുവാക്കളിലെ ഹൃദയത്തകരാറുകള്‍ക്കു കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Health
Tags: heart attack