യുഎന്‍ സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്

യുഎന്‍ സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്

ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രഞ്ച് പ്രതിനിധി

യുണൈറ്റഡ് നേഷന്‍സ്: ഐക്യ രാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. ആഫ്രിക്കക്കും മതിയായ പ്രാതിനിധ്യം ലഭിക്കണം. സമകാലിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ രാജ്യങ്ങളുടെ അംഗത്വമെന്നും ഇത് ഫ്രാന്‍സിന്റെ തന്ത്രപരമായ മുന്‍ഗണനാ വിഷയമാണെന്നും ഐക്യരാഷ്ട്രസഭയിലെ ഫ്രഞ്ച് സ്ഥാനപതി വ്യക്തമാക്കി. ‘പുതുതായി രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് വഴി ഐക്യരാഷ്ട്രസഭയില്‍ ലോകത്തിന്റെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സാധിക്കും,’ ഫ്രഞ്ച് പ്രതിനിധി ഫ്രനൊയ്‌സ് ഡെലാട്രെ ചൂണ്ടിക്കാട്ടി.

193 രാജ്യങ്ങള്‍ അംഗങ്ങളായുള്ള യുഎന്നില്‍ 15 രാജ്യങ്ങളാണ് സുരക്ഷാ കൗണ്‍സിലിലുളളത്. 10 താല്‍ക്കാലിക അംഗങ്ങളും അഞ്ച് സ്ഥിരാംഗങ്ങളും. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍. സുരക്ഷാ കൗണ്‍സിലിന്റെ ഘടന തീരുമാനിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ചാര്‍ട്ടറാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചില രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കിയിട്ടുള്ളത്. ഈ ചാര്‍ട്ടറില്‍ ഭേദഗതി വരുത്താതെ മാറ്റവും കൂട്ടിച്ചേര്‍ക്കലും സാധ്യമല്ല.

സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഇന്ത്യ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേത്.

Categories: FK News, Slider