ഡ്രാക് ആന്‍ഡ് സ്‌കള്‍ ചെയര്‍മാന്‍ രാജിവെച്ചു

ഡ്രാക് ആന്‍ഡ് സ്‌കള്‍ ചെയര്‍മാന്‍ രാജിവെച്ചു

സിഇഒയുടെയും സിഎഫ്ഒയുടെയും പുറത്തുപോകലിന് പിന്നാലെയാണ് കമ്പനിക്ക് ചെയര്‍മാനെയും നഷ്ടമാകുന്നത്

ദുബായ്: വര്‍ഷങ്ങളായി നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്ന ദുബായിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കമ്പനി ഡ്രാക് ആന്‍ഡ് സ്‌കള്‍ ഇന്റെര്‍നാഷ്ണലിലെ ചെയര്‍മാന്‍ രാജിവെച്ചു. മറ്റൊരു ഡയറക്റ്റര്‍ ബോര്‍ഡ് അംഗത്തോടൊപ്പം ചെയര്‍മാന്‍ ഒബൈദ് ബിന്‍ തൗക് രാജിക്കത്ത് സമര്‍പ്പിച്ചതായി ദുബായ് ധനകാര്യ വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഡിഎസ്‌ഐ വ്യക്തമാക്കി. കമ്പനി സിഇഒയുടെയും സിഎഫ്ഒയുടെയും പടിയിറക്കത്തിന് പിന്നാലെയാണ് ചെയര്‍മാന്റെയും രാജി. നഷ്ടം തുടര്‍ക്കഥയായതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ഡിഎസ്‌ഐയില്‍ പുനഃസംഘടന നടപ്പിലാക്കി വരികയാണ്.

ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായ ഖമിസ് ബൗമിമാണ് ഒബൈദിനൊപ്പം രാജി സമര്‍പ്പിച്ചത്. സിഇഒയ്ക്കും സിഎഫ്ഒയ്ക്കും പിന്നാലെ ചെയര്‍മാനും കൂടി പുറത്തുപോകുന്നതോടെ ഡിഎസ്‌ഐ നാഥനില്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. പദവിയിലിരുന്ന കാലത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഎസ്‌ഐ നന്ദി പറഞ്ഞു. ബോര്‍ഡംഗങ്ങളുടെ യോഗം വിളിച്ച് ഉടന്‍ തന്നെ പുതിയ അംഗങ്ങളെ തീരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.

2014ല്‍ മൂന്ന് വര്‍ഷം നീണ്ടുനിന്ന എണ്ണവില ഇടിവിനെ തുടര്‍ന്ന് തങ്ങളുടെ പ്രധാനവിപണിയായ യുഎഇയിലെ പ്രോപ്പര്‍ട്ടി, നിര്‍മാണ മേഖലകള്‍ തകര്‍ന്നതോടെയാണ് ഡിഎസ്‌ഐ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്. 2016ന് ശേഷം നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാന വിപണികളില്‍ മാത്രം ശ്രദ്ധ നല്‍കി ഡിഎസ്‌ഐ പ്രവര്‍ത്തങ്ങള്‍ ചുരുക്കിയിരുന്നു. മുന്‍ മാനേജ്‌മെന്റുകളുടെയും മുന്‍ ഡിഎസ്‌ഐ ചീഫ് എക്‌സിക്യുട്ടീവ് ഖാല്‍ദൂണ്‍ അല്‍ തബ്‌രിയുടെയും മകള്‍ സൈന തബ്‌രിയുടെയും ദുര്‍നടപ്പാണ് 272.3 മില്യണ്‍ ഡോളറിന്റെ ബാധ്യത കമ്പനിക്ക് വരുത്തിവെച്ചതെന്ന് 2018 ജൂലൈയില്‍ കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖാല്‍ദൂണ്‍ അല്‍ തബ്‌രി നിഷേധിച്ചിട്ടുണ്ട്. 2016 ഒക്‌റ്റോബറിലാണ് തബ്‌രി സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. കമ്പനിയില്‍ തനിക്കുള്ള ഓഹരികള്‍ വിറ്റ അദ്ദേഹം ബോര്‍ഡ് അംഗത്വവും രാജിവെച്ചു.

2018ല്‍ 4.5 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക നഷ്ടമാണ് ഡിഎസ്‌ഐയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ നിന്നും നഷ്ടം 1.18 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. വായ്പാ ബാധ്യതയുമായും മതിപ്പുവിലയുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തുക മാറ്റിവെച്ചതാണ് പ്രധാനമായും നഷ്ടത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. വാര്‍ഷിക വരുമാനം 70 ശതമാനം ഇടിഞ്ഞ് 798 മില്യണായി കുറയുകയും ചെയ്തു. നഷ്ടത്തില്‍ നിന്നും പുറത്ത് കടക്കുന്നത് സംബന്ധിച്ച വിദഗ്‌ധോപദേശങ്ങള്‍ക്കായി നവംബറില്‍ ചില ഉപദേശകരെ കമ്പനി നിയമിച്ചിരുന്നു. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് കഴിഞ്ഞ ജനുവരി മുതല്‍ കമ്പനി പുനഃസംഘടനാ പദ്ധതി നടപ്പിലാക്കാന്‍ ആരംഭിച്ചത്. കമ്പനിയുടെ ബാധ്യതകള്‍ തിട്ടപ്പെടുത്തുന്നതിനായി ബാങ്കുകളുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിക്കും കമ്പനി രൂപം നല്‍കിയിട്ടുണ്ട്. ഭാവിയില്‍ കമ്പനി പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളുമായി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച പരിഹാര നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റി മുന്നോട്ട് വെക്കും. പുനഃസംഘടനയ്ക്കിടയിലും പ്രവര്‍ത്തനങ്ങളിലും ഭരണത്തിലും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുമെന്ന് കമ്പനി അറിയിച്ചു. പുതിയ ബിസിനസ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ധനകാര്യ ഉപദേശകരായി ടസ്സ്ബ്രിഡ്ജ് അഡൈ്വസറിയെയും നിയമ ഉപദേശകരായി അലെന്‍ ആന്‍ഡ് ഒവെറിയേയും അല്‍ തമീമി ആന്‍ഡ് കമ്പനിയെയും കഴിഞ്ഞ വര്‍ഷം ഡിഎസ്‌ഐ നിയമിച്ചിരുന്നു.

ഡിഎസ്‌ഐയിലെ സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം

ഇതിനിടെ ഡിഎസ്‌ഐയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനായി എമിറേറ്റ്‌സ് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി(ഇഎസ്‌സിഎ) ഓഡിറ്റ് കമ്മിറ്റിക്ക് രൂപം നല്‍കി. ഇഎസ്‌സിഎയില്‍ നിന്നും അന്വേഷണം നേരിടുകയാണെന്ന വിവരം ഓഹരി വിപണിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഡിഎസ്‌ഐ തന്നെയാണ് വ്യക്തമാക്കിയത്. നഷ്ടം വര്‍ധിച്ച് വരികയാണെന്ന തുടര്‍ച്ചയായ റിപ്പോര്‍ട്ടുകളുടെയും മാനേജ്‌മെന്റ് തലത്തിലുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പുറത്തുപോകലിന്റെയും അടിസ്ഥാനത്തിലാണ് കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകള്‍ പരിശോധിക്കുന്നതിനായി ഇഎസ്‌സിഎ ഓഡിറ്റ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. നടപടി സ്വാഗതം ചെയ്ത കമ്പനി മാനേജ്‌മെന്റ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അറിയിച്ചു.

2018 ഡിസംബറില്‍ മുന്‍ചെയര്‍മാന്‍ അബ്ദുള്ള അതത്‌റെഹ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഒബൈദ് ബിന്‍ തൗക് ഡിഎസ്‌ഐ ചെയര്‍മാനാകുന്നത്. നേരത്തെ പോലീസ് ഓഫീസറായിരുന്ന ഒബൈദ് ബിന്‍ തൗക് ട്രാന്‍സ്‌പോര്‍ട്ട്, ബിന്‍ തൗക് ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങി നിരവധി ബിസിനസുകളുടെ തലപ്പത്തിരുന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഡിഎസ്‌ഐ സിഇഒ സ്ഥാനത്തെത്തിയ തൗഫീഖ് അബു സൗദിനെയും സിഎഫ്ഒ ആയിരുന്ന ഖാലിദ് ജറാറിനെയും ചീഫ് ലീഗല്‍ ഓഫീസറായിരുന്ന മുഹമ്മദ് ഗാനെമിനെയും കഴിഞ്ഞ മാസമാണ് കമ്പനി പുറത്താക്കിയത്.

Comments

comments

Categories: Arabia