അരിഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി വെക്കുമോ?

അരിഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി വെക്കുമോ?

അരിയാഹാരവും പൊണ്ണത്തടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന പ്രചരണത്തെ വിശകലനം ചെയ്യുകയാണിവിടെ

ലോകത്തിലെ ഒട്ടുമുക്കാല്‍ രാജ്യങ്ങളിലും അരിയാണ് പ്രധാന ആഹാരം. അരിഭക്ഷണത്തിന്റെ അളവ് കൂടിയാല്‍ പൊണ്ണത്തടി വെക്കുമെന്ന സിദ്ധാന്തത്തെ ഇത് തള്ളുന്നു. എന്നിട്ടും ഇതിനെ മുറുകെ പിടിക്കുന്നവര്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. അരിയാഹാരം പൊതുവേ കുറച്ചു കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലാണ് ഇന്ന് പൊണ്ണത്തടി കൂടുതല്‍ കാണുന്നത്. അരി മുഖ്യാഹാരമാക്കുന്ന ചില പൗരസ്ത്യദേശങ്ങള്‍ ഇത്തരം വെല്ലുവിളി നേരിടുന്നതു കുറവുമാണ്. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) സെന്ററിന്റെ കണക്കു പ്രകാരം അമേരിക്കയില്‍ 39.8% ആളുകള്‍ക്ക് പൊണ്ണത്തടി ഉണ്ടാകുന്നു. അതേ സമയം അരി പ്രധാന ഭക്ഷണമാകുന്ന ജപ്പാനില്‍ വെറും 4.3 ശതമാനം പേര്‍ക്കു മാത്രമാണ് പൊണ്ണത്തടിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു.

പാശ്ചാത്യലോകത്ത് അമേരിക്കക്കാരെപ്പോലെ അമിതഭക്ഷണം കഴിക്കുന്നവര്‍ കുറവാണ്. പൊണ്ണത്തടി കുറച്ചു മാത്രം കാണപ്പെടുന്ന രാജ്യങ്ങളിലെ ഭക്ഷണരീതിയിലുള്ള ഒരു പൊതുഘടകം അരിയാണ്. ജപ്പാനിലെ ക്യോട്ടോയിലെ ഡോഷിഷാ വുമന്‍സ് കോളേജ് ഓഫ് ലിബറല്‍ ആര്‍ട്‌സില്‍ നിന്നുള്ള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ബ്രിട്ടണിലെ ഗ്ലാസ്‌ഗോയില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് ഒബിസിറ്റി യില്‍ അവര്‍ ഈയിടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. അരിയുടെ ആഗോള ഉപഭോഗത്തെക്കുറിച്ചു പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ 136 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. പ്രതിദിനം കുറഞ്ഞത് 150 ഗ്രാം അരിഭക്ഷണം ഉപയോഗിക്കുന്ന രാജ്യങ്ങളിലെ പൗരന്മാരില്‍ പൊണ്ണത്തടി കാണാനുള്ള സാധ്യത വളരെ കുറവാണ്. ഇവരിലെ പൊണ്ണത്തടി സാന്നിധ്യം ആഗോളതലത്തില്‍ ശരാശരി 14 ഗ്രാം പ്രതിശീര്‍ഷം നെല്ല് ഉപയോഗിക്കുന്ന രാജ്യക്കാരേക്കാള്‍ കുറവായാണ് കാണപ്പെടുന്നത്.

ശരാശരി വിദ്യാഭ്യാസനിലവാരം, പുകവലി നിരക്ക്, മൊത്തം കലോറി ഊര്‍ജ്ജം, ആരോഗ്യസംരക്ഷണത്തിനായി ചെലവാക്കിയ തുക, 65 വയസ്സിനു മുകളിലുള്ള ജനസംഖ്യ, പ്രതിശീര്‍ഷ ആഭ്യന്തര ഉല്‍പ്പാദനശേഷി തുടങ്ങിയ കാര്യങ്ങളും ഗവേഷകര്‍ പരിഗണിച്ചു. ഈ ഘടകങ്ങളിലും അരി കൂടുതല്‍ ഉപയോഗിക്കുന്നവരുടെ രാജ്യങ്ങളില്‍ തഴ്ന്ന നിരക്കാണു കാണിക്കുന്നത്. വിശകലനത്തില്‍ ഇവയെല്ലാം കണക്കിലെടുത്ത ശേഷവും, പൊണ്ണത്തടി കുറയ്ക്കുന്നതില്‍ അരിക്കു സ്വാധീനമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രതിദിനം ഒരു കപ്പ് അരി (50 ഗ്രാം) കഴിക്കുന്നത് ആഗോള പൊണ്ണത്തടി ഒരു ശതമാനം കുറയ്ക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അരിഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് എങ്ങനെയെന്ന് പ്രൊഫസര്‍ ഇമൈ വിശദീകരിക്കുന്നു. അരിയില്‍ അടങ്ങിയ നാര്, പോഷകങ്ങള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവ ഉപഭോക്താവിന് സംതൃപ്തി നല്‍കുകയും അമിതഭക്ഷണത്തിനുള്ള ആസക്തിയെ ചെറുക്കുകയും ചെയ്യുന്നു. അരിഭക്ഷണം സൃഷ്ടിക്കുന്ന കൊഴുപ്പ് കുറഞ്ഞ നിരക്കിലുള്ളതും അത്, ഭക്ഷണത്തിനു ശേഷം ഉല്‍പ്പാദിപ്പിക്കുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താരതമ്യേന കുറവുമാണ്, ഇത് ഇന്‍സുലിന്‍ സ്രവണം അടിച്ചമര്‍ത്തുന്നു.

ആഗോള ഭക്ഷണരീതികള്‍ കണക്കിലെടുക്കുമ്പോള്‍ കാരണവും പഠനഫലവും വേര്‍തിരിക്കുകയെന്നതാണ് പഠനത്തിന്റെ ഒരു പ്രധാന പരിമിതി. മിക്ക അഭിപ്രായവ്യത്യാസങ്ങളും അവര്‍ കണക്കിലെടുത്തിട്ടുണ്ടെങ്കിലും, വിശകലനത്തിലെ മറ്റു പല ഘടകങ്ങളെയും അവര്‍ പരിഗണിക്കുന്നില്ല. അവര്‍ വ്യക്തിതല വിവരങ്ങളേക്കാള്‍ രാജ്യാടിസ്ഥാനത്തിലുള്ള വിവരങ്ങളെയാണ് ആശ്രയിച്ചത്. ഇതിന് നിരവധി പോരായ്മകളുണ്ട്. ഉദാഹരണത്തിന്, രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ മറ്റുള്ള സ്ഥലങ്ങളേക്കാള്‍ അരിയുടെ ഉപഭോഗത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. അതുപോലെ, രാജ്യത്തിനകത്തു തന്നെ പ്രാദേശികമായി പൊണ്ണത്തടി നിരക്ക് വ്യത്യാസപ്പെടാം. ശരീരഭാരസൂചിക (ബിഎംഐ) ഉപയോഗിക്കുന്നതാണു മറ്റൊരു പ്രശ്‌നം. ഗവേഷകര്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സാധാരണ അളവുകോലാണെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരു മാനദണ്ഡമായി ഇതിനെ കാണാനാകില്ല. ഉദാഹരണത്തിന്, എത്രത്തോളം അനാരോഗ്യകരമായ താഴ്ന്ന ബിഎംഐ ഉണ്ട് എന്നത് ഒരിക്കലും രാജ്യത്തിന്റെ ശരാശരി ശരാശരി ബിഎംഐ താഴ്ന്നതാണെന്നതിന്റെ സൂചനയാകില്ല.

അരിയുടെ ഇനം സംബന്ധിച്ച കാര്യങ്ങളും വിശകലനത്തില്‍ കണക്കിലെടുത്തിട്ടില്ലെന്നതും പഠനത്തിന്റെ പരിമിതിയാണ്. ഉദാഹരണത്തിന് നാരിന്റെ അളവു കുറവുള്ള വെള്ള അരി പൊണ്ണത്തടി ഉണ്ടാക്കാനിടയുണ്ട് എന്നതു പോലുള്ള പ്രസക്ത വിഷയങ്ങളില്‍ പഠനം മൗനം പാലിക്കുന്നു. 2012ല്‍ നടത്തിയ ഒരു പഠനത്തില്‍ വെള്ള അരി ടൈപ്പ് രണ്ട് പ്രമേഹത്തിനു കാരണമാകുന്നുവെന്നു കണ്ടിത്തിയിരുന്നു. ഏഷ്യക്കാരില്‍ പ്രമേഹരോഗികള്‍ കൂടാനുള്ള പ്രധാന കരണമിതാണ് എന്നു പഠനം വ്യക്തമാക്കിയിരുന്നു. ഇത്തരം സംശയങ്ങള്‍ നിലിനില്‍ക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഏറ്റവും ചെലവുകുറഞ്ഞതും എല്ലാവര്‍ക്കും പ്രാപ്തവുമായ അരിഭക്ഷണത്തിന് പൊണ്ണത്തടി നിയന്ത്രണത്തില്‍ പങ്കുണ്ടെങ്കില്‍ അത് അങ്ങനെ അവഗണിക്കാന്‍ പാടില്ല.

Comments

comments

Categories: Health