എംജി ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിച്ചുതുടങ്ങി

എംജി ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിച്ചുതുടങ്ങി

ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. ഈ മാസം 15 ന് കോംപാക്റ്റ് എസ്‌യുവി അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു. എംജി മോട്ടോര്‍ ഇന്ത്യയുടെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഈ മാസം 15 ന് എസ്‌യുവി അനാവരണം ചെയ്യും. തുടര്‍ന്ന് അധികം വൈകാതെ വിപണിയിലെത്തിക്കും. ഭാവിയില്‍ എംജി മോട്ടോറിന്റെ മറ്റ് മോഡലുകളും ഹാലോള്‍ പ്ലാന്റിലായിരിക്കും നിര്‍മ്മിക്കുന്നത്.

75 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയാണ് ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ എസ്‌യുവിയുടെ വില പിടിച്ചുനിര്‍ത്താന്‍ എംജി മോട്ടോര്‍ ഇന്ത്യയ്ക്കു കഴിയും. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടൂസോണ്‍ തുടങ്ങിയ മോഡലുകളാണ് ഹെക്ടര്‍ എസ്‌യുവിയുടെ എതിരാളികള്‍.

നിലവില്‍ പ്രതിവര്‍ഷം 80,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഹാലോള്‍ പ്ലാന്റ്. ആവശ്യമെങ്കില്‍, ഭാവിയില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം യൂണിറ്റായി ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനാണ് തീരുമാനം. തുടക്കമെന്ന നിലയില്‍, രണ്ടായിരം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആകെ മുതല്‍മുടക്ക് 5,000 കോടി രൂപയായി വര്‍ധിപ്പിക്കും.

ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വരുന്നത്. ഐ-സ്മാര്‍ട്ട് എന്ന നൂതന കണക്റ്റിവിറ്റി സിസ്റ്റം എസ്‌യുവിയുടെ സവിശേഷതയായിരിക്കും. 10.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും കമാന്‍ഡ് സെന്റര്‍.

Comments

comments

Categories: Auto
Tags: MG Hector