ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കി

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.39 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഗ്രാന്‍ഡ് ഐ10 ജനപ്രിയ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഹ്യുണ്ടായ് വിപണിയിലെത്തിച്ചു. മാഗ്ന എന്ന മിഡ് സ്‌പെക് വേരിയന്റില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി ലഭിക്കുന്നത്. 6.39 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാഗ്ന പെട്രോള്‍ വേരിയന്റിനേക്കാള്‍ 67,000 രൂപ കൂടുതലാണ് മാഗ്ന സിഎന്‍ജി വേരിയന്റിന്. ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്കായി ഗ്രാന്‍ഡ് ഐ10 പ്രൈം മോഡലില്‍ സിഎന്‍ജി ഓപ്ഷന്‍ നേരത്തെ നല്‍കിയിരുന്നു.

സിഎന്‍ജി കിറ്റ് നല്‍കിയതോടെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ റൂഫ് റെയിലുകള്‍, റിമോട്ട് ലോക്കിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍ സഹിതം ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, റിയര്‍ പവര്‍ ഔട്ട്‌ലെറ്റ്, പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറം കണ്ണാടികള്‍ തുടങ്ങിയവ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി പതിപ്പിനും ലഭിച്ചു. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ് എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്.

1.2 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ 82 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ 66 എച്ച്പി കരുത്തും 98 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലി കൈകാര്യം ചെയ്യുന്നത്.

ഹ്യുണ്ടായ് സാന്‍ട്രോയ്ക്കുശേഷം, സ്വകാര്യ ഉപയോക്താക്കള്‍ക്കായി സിഎന്‍ജി ഓപ്ഷന്‍ നല്‍കിയ രണ്ടാമത്തെ ഹ്യുണ്ടായ് കാറാണ് ഗ്രാന്‍ഡ് ഐ10. എതിരാളികളായ മാരുതി സുസുകി സ്വിഫ്റ്റ്, ഫോഡ് ഫിഗോ മോഡലുകള്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 കാറിന് സ്വീകാര്യത വര്‍ധിക്കും. പുതു തലമുറ ഗ്രാന്‍ഡ് ഐ10 ദക്ഷിണ കൊറിയന്‍ കമ്പനി ഈ വര്‍ഷം പുറത്തിറക്കും.

Comments

comments

Categories: Auto