മുപ്പത് ലക്ഷം വില്‍പ്പന താണ്ടി ഹോണ്ട ഡിയോ

മുപ്പത് ലക്ഷം വില്‍പ്പന താണ്ടി ഹോണ്ട ഡിയോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന നാലാമത്തെ സ്‌കൂട്ടര്‍ മോഡല്‍

ന്യൂഡെല്‍ഹി : ഹോണ്ട ഡിയോ സ്‌കൂട്ടര്‍ മുപ്പത് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന നാലാമത്തെ സ്‌കൂട്ടര്‍ മോഡലാണ് ഹോണ്ട ഡിയോ. സ്‌കൂട്ടര്‍ കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചിരുന്നു. ഒമ്പത് നിറങ്ങളില്‍ ലഭിക്കും. 52,938 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ആദ്യ 15 ലക്ഷം ഹോണ്ട ഡിയോ വില്‍ക്കാന്‍ 14 വര്‍ഷമെടുത്തപ്പോള്‍ രണ്ടാമത്തെ 15 ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ മൂന്ന് വര്‍ഷം മാത്രമാണ് വേണ്ടിവന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) അറിയിച്ചു.

വിപണിയിലെത്തി പതിനേഴ് വര്‍ഷം പിന്നിടുന്ന ഹോണ്ട ഡിയോ സ്‌കൂട്ടറിന് ഇപ്പോള്‍ പതിനേഴിന്റെ ചുറുചുറുക്കാണെന്ന് എച്ച്എംഎസ്‌ഐ വില്‍പ്പന, വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര വിപണികളിലും ചെറുപ്പക്കാരുടെ ഉത്തമ പങ്കാളിയാണ് ഹോണ്ട ഡിയോ എന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ സ്‌കൂട്ടര്‍ കയറ്റുമതിയില്‍ ഹോണ്ട ഡിയോയുടെ വിപണി വിഹിതം 44 ശതമാനമാണ്. നേപ്പാള്‍, ശ്രീലങ്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങി പതിനൊന്ന് തെക്കേഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഹോണ്ട മോഡലാണ് ഡിയോ. 109 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto
Tags: Honda Dio