ഇറാനെതിരെ പൂര്‍ണസജ്ജരായി അമേരിക്ക; സെന്റ്‌കോം മേഖലയില്‍ പുതിയ ദൗത്യ സേനകളെ വിന്യസിച്ചു

ഇറാനെതിരെ പൂര്‍ണസജ്ജരായി അമേരിക്ക; സെന്റ്‌കോം മേഖലയില്‍ പുതിയ ദൗത്യ സേനകളെ വിന്യസിച്ചു

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സേനയെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് നീക്കം

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കൂടുതല്‍ ആശങ്കകള്‍ക്ക് വഴി തുറന്ന് ഇറാനില്‍ നിന്നുള്ള ഭീഷണി ഹോര്‍മുസ് കടലിടുക്ക് വരെ എത്തിനില്‍ക്കെ മുന്നറിയിപ്പുമായി അമേരിക്ക. പശ്ചിമേഷ്യയില്‍ യുഎസ് നേവിയുടെ കരിയര്‍ സ്‌ട്രൈക് ഗ്രൂപ്പിന്റെ ഭാഗമായ യുദ്ധ വിമാനത്തെയും ബോംബാക്രമണത്തിന് സജ്ജമായ ദൗത്യസംഘത്തെയും വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേശകനായ ജോണ്‍ ബോള്‍ട്ടനാണ് പുതിയ സേനകളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. വര്‍ധിച്ചു വരുന്ന സംഘര്‍ഷ സാധ്യതകളും സൂചനകളും കണക്കിലെടുത്ത് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ യുദ്ധവിമാന സംഘത്തെയും ബോംബാക്രമണ സേനയേയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്(സെന്റ്‌കോം) മേഖലയിലേക്ക് അയക്കുകയാണെന്ന് ബോള്‍ട്ടണ്‍ വ്യക്തമാക്കി. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായോ സഖ്യരാഷ്ട്രങ്ങള്‍ക്ക് നേരയോ ഉള്ള ഏതൊരു ആക്രമണവും ഈ സേന നിര്‍ദാക്ഷണ്യം കൈകാര്യം ചെയ്യുമെന്ന സന്ദേശം ഇറാന് നല്‍കുകയെന്ന വ്യക്തമായ ഉദ്ദേശമാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് ബോള്‍ട്ടണ്‍ അറിയിച്ചു.

ഇറാനുമായി ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ബോള്‍ട്ടണ്‍ പക്ഷേ, ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പില്‍ നിന്നോ ഇറാന്‍ സേനയില്‍ നിന്നോ ഇറാന് വേണ്ടി നിഴല്‍യുദ്ധം നടത്തുന്നവരില്‍ നിന്നോ ഉള്ള ഏതൊരു ആക്രമണത്തെയും ചെറുക്കാന്‍ തങ്ങള്‍ പൂര്‍ണസജ്ജരാണെന്ന് അറിയിച്ചു.

പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്ക് നേരെ ആക്രമണം നടത്തുന്നതിന് ഇറാന്‍ സേനയും അവരുടെ കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ സേനയെ അയച്ചതെന്നാണ് വിവരം. കൃത്യമായി ഏത് മേഖലയിലാണ് അമേരിക്ക പുതിയ സേനകളെ വിന്യസിക്കുക എന്നത് വ്യക്തമല്ല. പക്ഷേ പശ്ചിമേഷ്യ, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍, ഇറാഖ് ഉള്‍പ്പടെയുള്ള മധ്യ ഏഷ്യന്‍ മേഖലകളില്‍ സെന്റ്‌കോം സാന്നിധ്യമുണ്ട്.

ഇറാനിലെ റെവലൂഷനറി ഗാര്‍ഡ് കോര്‍പിനെ(ഐആര്‍ജിസി) വിദേശ ഭീകര സംഘടനയായി മുദ്ര കുത്തിയതിനെയും ഇറാന്‍ ഉപരോധത്തില്‍ ചില രാജ്യങ്ങള്‍ക്ക് നല്‍കിവന്ന ഇളവുകള്‍ പിന്‍വലിച്ചതിനെയും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് ഐആര്‍ജിസി ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല ഈ മേഖലയില്‍ ഇറാന്‍ കൂടുതല്‍ സൈന്യത്തെയും വിന്യസിച്ചു. ഇറാഖിലെ ഇറാന്‍ അനുകൂല വിഭാഗങ്ങളും രാജ്യത്തെ യുഎസ് സൈന്യത്തിനെതിരെ ഭീഷണി മുഴക്കുകയുണ്ടായി.

ഇതാദ്യമായിട്ടല്ല ഇറാനെതിരെ അമേരിക്ക മുന്നറിയിപ്പ് പുറത്തിറക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ബസ്രയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെയോ അമേരിക്കന്‍ താല്‍പര്യങ്ങളെയോ ലക്ഷ്യമിട്ട് കൊണ്ടുള്ള ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ ബോള്‍ട്ടണ്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments

comments

Categories: Arabia
Tags: America-Iran