ഇന്ത്യാ തന്ത്രം ആലിബാബ പുതുക്കിപ്പണിയുന്നു, ചെറുകിട കരാറുകളില്‍ ശ്രദ്ധ നല്‍കും

ഇന്ത്യാ തന്ത്രം ആലിബാബ പുതുക്കിപ്പണിയുന്നു, ചെറുകിട കരാറുകളില്‍ ശ്രദ്ധ നല്‍കും

ഇ-കൊമേഴ്‌സ് മേഖലയിലെ നിക്ഷേപങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും

ന്യൂഡെല്‍ഹി: ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് തങ്ങളുടെ ഇന്ത്യന്‍ നിക്ഷേപ പദ്ധതി പുതുക്കിപ്പണിയുന്നു. കൂടുതല്‍ വിവേകപൂര്‍ണമായി വേര്‍തിരിച്ച് വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട ഇടപാടുകളില്‍ നിക്ഷേപിക്കുന്നതിനാണ് ജാക്ക് മായുടെ നേതൃത്വത്തിലുള്ള ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്‍ ഒരുങ്ങുന്നത്. സ്‌നാപ്ഡീല്‍, പേടിഎം മാള്‍ തുടങ്ങിയ വലിയ പ്രതീക്ഷകളുണര്‍ത്തിയ ഇ-കൊമേഴ്‌സ് സംരംഭങ്ങളില്‍ നടത്തിയ നിക്ഷേപം പോലുള്ളവ സമ്മാനിച്ച നിരാശയെ തുടര്‍ന്നാണ് ആലിബാബ ഇന്ത്യയിലെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഫഌപ്കാര്‍ട്ടും ആമസോണും ഒന്നാം സ്ഥാനത്തിനായി കടുത്ത മല്‍സരം നടത്തുന്ന രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ മുന്നേറ്റം നടത്താന്‍ ആലിബാബ പ്രതീക്ഷ വെച്ച സംരംഭങ്ങള്‍ക്കായില്ല. വന്‍തോതില്‍ ഡിസ്‌കൗണ്ട് നല്‍കി വിപണി വിഹിതം നേടാന്‍ ശ്രമിക്കുന്ന പേടിഎം 1787 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കാഷ്ബാക്കുകളിലൂടെ ഇ-കൊമേഴ്‌സ് വിപണിയില്‍ നിലനില്‍ക്കാനുള്ള പേടിഎമ്മിന്റെ തന്ത്രം സുസ്ഥിരമായ മുന്നേറ്റത്തിന് ഉതകുന്നതല്ലെന്ന് ആലിബാബ വിലയിരുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
എന്നാല്‍ ഇന്ത്യയിലെ ചില നിക്ഷേപങ്ങളില്‍ വലിയ നേട്ടവും ആലിബാബ സ്വന്തമാക്കിയിട്ടുണ്ട്. പേമെന്റ് സംരംഭമായ പേടിഎമ്മില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആലിബാബ നിക്ഷേപിച്ചത് ശ്രദ്ധ നേടിയിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍പ്പുകളില്‍ ഒന്നാണ്. ആലിബാബ നിക്ഷേപം നടത്തിയ ബിഗ് ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയവയും മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഇ-കൊമേഴ്‌സ് രംഗത്തെ ലോജിസ്റ്റിക്‌സ് സംരംഭമായ എക്‌സ്പ്രസ് ബസിലും തന്ത്രപരമായ നിക്ഷേപം ആലിബാബ നടത്തിയിട്ടുണ്ട്.

നിലവിലെ നിക്ഷേപങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇന്ത്യയിലെ വരാനിരിക്കുന്ന നിക്ഷേപങ്ങളുടെ വലുപ്പവും മേഖലയും സംബന്ധിച്ച് പുതിയ തീരുമാനങ്ങളിലേക്ക് ആലിബാബ എത്തിയിട്ടുള്ളത്. ഇ-കൊമേഴ്‌സ്, പേമെന്റ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയും ചൈനയും ഉള്‍പ്പടെയുള്ള മിക്ക വിപണികളിലും ആലിബാബ നിക്ഷേപം നടത്തിയത്. ഇ-കൊമേഴ്‌സ് മാന്ദ്യം നേരിടുന്നു എന്ന വിലയിരുത്തലില്‍ ആ മേഖലയിലേക്ക് നല്‍കിവരുന്ന മുന്തിയ പരിഗണന തുടര്‍ന്നേക്കില്ല.

രാഘവ് ബാഹ്ല്‍ ആണ് ആലിബാബയുടെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹം ചുമതലയേറ്റത്. ബിഎയ്‌സ് കാപ്പിറ്റര്‍ എന്ന പേരില്‍ 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിനും ഇന്ത്യയില്‍ ആലിബാബ തുടക്കമിട്ടിട്ടുണ്ട്.

Comments

comments

Categories: Business & Economy