ജെറ്റിനെ രക്ഷിക്കാന്‍ ‘റോജ’യുമായി സ്ഥിരം യാത്രികര്‍

ജെറ്റിനെ രക്ഷിക്കാന്‍ ‘റോജ’യുമായി സ്ഥിരം യാത്രികര്‍

കമ്പനിയെ ജീവനക്കാരുടെ നിയന്ത്രണത്തിലാക്കാനും വായ്പാദാതാക്കളെ സഹ ഉടമകളാക്കാനുമാണ് നിര്‍ദ്ദേശം

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ പുതിയ പദ്ധതി. എയര്‍വേയ്‌സിന്റെ സ്ഥിര യാത്രക്കാരുടെ സംഘവും വായ്പാദാതാക്കളായ ഒന്‍പത് ബാങ്കുകളും ചേര്‍ന്നാണ് റിവൈവല്‍ ഓഫ് ജെറ്റ് എയര്‍വേയ്‌സ് പ്ലാന്‍ (റോജ) എന്ന നിര്‍ദിഷ്ട ഓഹരി വില്‍പ്പനാ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിലെ വായ്പാദാതാക്കളില്‍ നിന്ന് വീണ്ടും വായ്പയെടുത്തുകൊണ്ട് കമ്പനിയെ ജീവനക്കാരുടെ നിയന്ത്രണത്തിന്‍ കീഴിലാക്കാനും വായ്പാദാതാക്കളെ ജെറ്റിന്റെ സഹ ഉടമകളാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജെറ്റ് ജീവനക്കാരുടെ സംഘടന, ബാങ്കുകള്‍, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, കമ്പനിയുടെ മറ്റ് പങ്കാൡള്‍ എന്നിവര്‍ക്കെല്ലാം പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംഘത്തിന്റെ മേധാവി ശങ്കരന്‍ പി രഘുനാഥന്‍ അറിയിച്ചു.

ആറുമാസത്തെ ശമ്പളമായി വ്യക്തിഗത വായ്പ എന്ന നിലയ്ക്ക് 1,500 കോടി രൂപ ജീവനക്കാര്‍ക്ക് വായ്പാ ദാതാക്കള്‍ നല്‍കണം. ഈ തുകയുപയോഗിച്ച് എസ്ബിഐ, ഇത്തിഹാദ് എന്നിവയില്‍ നിന്ന് യഥാക്രമം ജെറ്റിന്റെ 51 %, 12.5 % ഓഹരികള്‍ ജീവനക്കാര്‍ ഏറ്റെടുക്കും. 200 കോടി രൂപ ജെറ്റിന്റെ പുതിയ ഓഹരികള്‍ക്കായും വിനിയോഗിക്കും. ഇതിനുശേഷം എയര്‍ലൈനിന്റെ സ്ഥിര പൈലറ്റുമാരില്‍ നിന്ന് നിക്ഷേപ സമാഹരണം നടത്തും. ഓരോ പൈലറ്റുമാരും ഒരു ടിക്കറ്റിന് 10,000 രൂപ വിലയുള്ള നാല് ടിക്കറ്റ് വീതം വാങ്ങും. രണ്ടു വര്‍ഷമാകും ഈ ടിക്കറ്റുകളുടെ കാലാവധി. ഇങ്ങനെ ടിക്കറ്റുകള്‍ മുന്‍കൂര്‍ വിറ്റുകൊണ്ട് 8,000 കോടി സമാഹരിക്കാനാണ് പദ്ധതി. നേരത്തെ ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരുടെ സംഘം കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണം ഏറ്റെടുക്കാനും പുറത്തു നിന്നുള്ള നിക്ഷേപകരില്‍ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം ലഭ്യമാക്കാനുമുള്ള ഒരു പദ്ധതി നിര്‍ദേശിച്ചിരുന്നു.

Categories: FK News