പുനര്‍ജനി നൂഴല്‍

പുനര്‍ജനി നൂഴല്‍

ഇന്ത്യയിലെ എണ്‍പത് ശതമാനം എന്‍ജിനീയറിംഗ് ബിരുദധാരികളും യാതൊരു വിധ തൊഴില്‍ നിയമനത്തിനും കൊള്ളാത്തവരാണെന്നാണ് ചില ഓണ്‍ലൈന്‍ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്തെ പതിനൊന്നായിരത്തോളം എന്‍ജിനീയറിംഗ് കോളേജുകളില്‍ ഭൂരിഭാഗവും ഇത്തരക്കാരെയാണ് സൃഷ്ടിച്ച് വിടുന്നത്. ഉന്നത വിദ്യാഭ്യാസം സ്വകാര്യ-സ്വാശ്രയവല്‍ക്കരിച്ച ശേഷം നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തിനുണ്ടായ നിലവാരത്തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നതില്‍ സംശയമില്ല. മാതാപിതാക്കള്‍ തങ്ങളുടെ അഭീഷ്ടങ്ങള്‍ മക്കളുടെ മേല്‍ ചെറിയ പ്രായം മുതല്‍ അടിച്ചേല്‍പ്പിച്ചു വളര്‍ത്തുന്നതിന്റെ കൂടി ദുരന്തക്കാഴ്ചയാണിത്

‘എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത്
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു’

– ‘എന്‍ട്രന്‍സ്’, റഫീക്ക് അഹമ്മദ്

കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ വൈദ്യുതിത്തൂണുകളില്‍ എല്ലാം ഒരു ചെറിയ പരസ്യം ഒട്ടിച്ചിരിക്കുന്നത് കണ്ടു. പരസ്യ വൈദഗ്ധ്യങ്ങള്‍ ഒന്നുമില്ലാതെ, കമ്പ്യൂട്ടറില്‍ തയ്യാര്‍ ചെയ്തതാണ്. ഒരു പായകടലാസില്‍ ടൈപ്പ് ചെയ്ത ആ പരസ്യത്തിലൂടെ, തങ്ങളുടെ കക്ഷികളായ ഏതൊക്കെയോ കമ്പനികളില്‍ ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം അംഗീകൃതമോ അനംഗീകൃതമോ ആയ ഏതോ ഒരു എച്ച് ആര്‍ സ്ഥാപനം വിളംബരം ചെയ്യുകയാണ്. ഓഫീസ് മാനേജര്‍, ബി കോം + കംപ്യൂട്ടര്‍ യോഗ്യത, 25,000 രൂപ ശമ്പളം. ഹോട്ടല്‍ വെയ്റ്റര്‍ 15,000രൂപ +ടിപ് + ഫ്രീ ഫുഡ് ആന്‍ഡ് അക്കൊമൊഡേഷന്‍. ചൗക്കിദാര്‍ 8 മണിക്കൂര്‍, 10,000, ഡബിള്‍ ഡ്യൂട്ടി അവൈലബിള്‍. അവസാനമായി ബി ടെക്, 8,000 രൂപ ശമ്പളം. ഈ ബി ടെക്ക്കാരന്റെ അസ്തിത്വം ഒരു എണ്ണായിരം എന്ന വിലാസത്തിനപ്പുറം ഒന്നും പറയുന്നില്ല. അവനെക്കൊണ്ട് വെള്ളം കോരിക്കുകയാണോ വിറക് വെട്ടിക്കുകയാണോ ചെയ്യിക്കുക എന്ന് പോലും ക്ലിപ്തപ്പെടുത്തിയിട്ടില്ല.

സമാനമായ ചില ക്രൂരഫലിതങ്ങള്‍ മലയാളികള്‍ക്കിടയില്‍ വാട്‌സ്ആപ് വഴി പ്രചരിച്ചിരുന്നു; പൊറോട്ട അടിക്കുന്ന ആളിന്റെ ശമ്പളവും ബി ടെക്ക്കാരന്റെ ശമ്പളവും പറഞ്ഞുകൊണ്ട്. അന്നത് വെറും ട്രോളായി മാത്രം കരുതിയപ്പോള്‍ ഇന്ന് ഇവിടെക്കാണുന്ന പരസ്യം അന്നത്തേതിന്റെ ആധികാരികതാഭാവം വര്‍ധിപ്പിക്കുന്നില്ലേ എന്ന് മനസ്സ് ചോദിക്കുന്നു.

ഈ ലേഖകന്‍ പ്രീ-ഡിഗ്രി (ഇന്നത്തെ പ്ലസ് ടു) കഴിയുന്ന കാലത്ത് കേരളത്തില്‍ കോഴിക്കോട് ചാത്തമംഗലത്തെ ആര്‍ഇസി (ഇന്നത്തെ എന്‍ഐടി) അടക്കം നാല് എന്‍ജിനീയറിംഗ് കോളേജുകള്‍ ആണ് ഉണ്ടായിരുന്നത്. പ്രീ-ഡിഗ്രിയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് എന്‍ജിനായറിംഗ് കോളേജ് പ്രവേശനവും. അതുതന്നെയായിരുന്നു ആകെയുള്ള രണ്ട് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനും മാനദണ്ഡം. പ്രീ-ഡിഗ്രിയ്ക്ക് ഏറ്റവും അധികം മാര്‍ക്കുള്ള ഏകദേശം നൂറോളം പേര്‍ ഇവയിലെല്ലാം കൂടി പ്രവേശനം നേടുന്നു. പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും ആയിരുന്നില്ല അന്ന്.

കേരളത്തില്‍ പ്രവേശനം കിട്ടാത്തവര്‍ക്ക് കുറുക്കുവഴിയായി കര്‍ണാടകത്തിലെയും ഒഡീഷയിലെയും മെഡിക്കല്‍ കോളേജുകള്‍ തലവരിയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പ്രവേശനം നല്‍കുമായിരുന്നു. താമസിയാതെ തമിഴകവും ഒപ്പമെത്തി. മെഡിക്കല്‍ പ്രവേശനത്തിലെ രുശി കണ്ട പുനെ നഗരം എന്‍ജിനീയറിംഗിലും കൈവച്ചു. ദോഷം പറയരുതല്ലോ, നല്ല കൈരാശി ആയിരുന്നു അവരുടേത്. വെച്ചടി വെച്ചടി കയറ്റം ബാങ്ക് ബാലന്‍സില്‍.

മലയാളികള്‍ വര്‍ഷാവര്‍ഷം നടത്തിവരാറുള്ള ദേശീയോത്സവമായ പ്രവേശനപ്പരീക്ഷാ മഹാമഹം ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ച് വരികയാണല്ലോ. ഐഐടി, എന്‍ഐടി എന്നിവയടക്കം ഏകദേശം പതിനൊന്നായിരത്തോളം എന്‍ജിനീയറിംഗ് കോളേജുകളാണ് ഇന്ത്യയില്‍ ഉള്ളത്. ഇവയിലെല്ലാം കൂടി രണ്ട് ലക്ഷത്തിലധികം സീറ്റുകള്‍. നാനൂറ്റി അറുപതിനപ്പുറം മെഡിക്കല്‍ കോളേജുകളിലായി അന്‍പത്തിമൂവായിരം സീറ്റുകളും. പിന്നെ അവാന്തര വിഭാഗങ്ങളായ ബി ആര്‍ക്, ബിഡിഎസ്, ആയുര്‍വേദം, ഹോമിയോ, ബഹിരാകാശ ശാസ്ത്രം തുടങ്ങിയവയും. മെഡിക്കല്‍ പ്രവേശനത്തിനായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഏകദേശം 13 ലക്ഷം പേര്‍ എഴുതുന്നുണ്ട്. എന്നാല്‍ എന്‍ജിനീയറിംഗ് പ്രവേശനപ്പരീക്ഷ കേന്ദ്രീകൃതമല്ലാത്തതിനാല്‍ ഇന്ത്യയില്‍ ആകെ പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം പൊതുമണ്ഡലത്തില്‍ എവിടെയും കാണുന്നില്ല.

ഇത്തവണത്തെ അഖിലേന്ത്യാ എന്‍ജിനീയറിംഗ് പ്രവേശന അപേക്ഷകളുടെ എണ്ണത്തില്‍ കണ്ട ഒരു മാറ്റം, ജനറല്‍ എന്‍ജിനീയറിംഗില്‍ ആറായിരത്തി അഞ്ഞൂറ് അപേക്ഷകളുടെ വര്‍ധനവ് ജനുവരിയിലെ മെയിന്‍ പരീക്ഷയും ഏപ്രിലിലെ മെയിന്‍ പരീക്ഷയും തമ്മില്‍ ഉണ്ടായപ്പോള്‍, ആര്‍ക്കിടെക്ച്ചറിന് പതിനായിരത്തിലധികം അപേക്ഷകരുടെ കുറവാണ് ഉണ്ടായത് എന്നതാണ്. അതായത്, സൃഷ്ടിപരമായ ജോലികള്‍ ചെയ്യുന്നതിന് ആഭിമുഖ്യം കുറയുന്നു. ജനറല്‍ എന്‍ജിനീയറിംഗിന് അങ്ങനെ ഭാവനാപൂര്‍ണ്ണമായ ജോലികള്‍ ചെയ്യേണ്ട ആവശ്യം അധികം വരുന്നില്ല. ഇ ശ്രീധരനൊക്കെ യുഗത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന പ്രതിഭയും പ്രതിഭാസവുമാണ്. അത്രയൊന്നും മോഹങ്ങള്‍ നമ്മുടെ മക്കള്‍ക്കില്ല.

എട്ടാം ക്ലാസ്സിലോ പത്താം ക്ലാസ്സിലോ പഠിക്കുമ്പോള്‍, പഠനസമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഫുട്‌ബോളോ ക്രിക്കറ്റോ കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഒരു സിനിമ പോലും കാണാതെ പുസ്തകങ്ങളില്‍ മുഖം താഴ്ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രവേശനപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടി അതേ അന്തര്‍മുഖത്തോടെ ആണ് വളരുന്നത്. ബാഹ്യലോകവുമായി അവന് ബന്ധമില്ല. അവിടത്തെ തരളതകളെ പറ്റി, സമസ്യകളെ പറ്റി അവനറിയുന്നില്ല. അവന്റെ സ്വതസിദ്ധമായ സര്‍ഗ്ഗചേതനകളെ അടിച്ചമര്‍ത്തി, അവനില്‍ ഒരു കൃത്രിമ മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നു. ‘മകന്റെഅച്ഛന്‍’ എന്ന സിനിമയില്‍ ശ്രീനിവാസന്‍ ഈ ദുരവസ്ഥയുടെ ദൃശ്യാവിഷ്‌കാരമാണ് അഭ്രപാളിയില്‍ പകര്‍ത്തിയത്. ടിവിയില്‍ അത് കണ്ട് ‘ആസ്വദിക്കുന്ന’ മകന്റെ അച്ഛനമ്മമാര്‍ പക്ഷേ, കുട്ടികളെ അപ്പോഴും മുറിയടച്ചിരുത്തി പഠിപ്പിക്കുകയാണ്; ട്യൂഷന് പറഞ്ഞ് വിട്ടിരിക്കയാണ്.

ആ സാമൂഹ്യ അങ്കലാപ്പോടെ ആണ് അവന്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് പുറത്തുവരുന്നത്. എന്‍ജിനീയറിംഗ് പാസ്സായ കുട്ടികള്‍ പിന്നെ എങ്ങോട്ടാണ് തിരിയുന്നത്? ബാങ്ക് ജോലിയ്ക്കായി (ക്ലര്‍ക്ക്, ഓഫീസര്‍ തസ്തികകള്‍) എത്തുന്നവരില്‍ ഏകദേശം എണ്‍പത് ശതമാനത്തോളം പേര്‍ എന്‍ജിനീയറിംഗ്് ബിരുദധാരികള്‍ ആണ്. അവരില്‍ പകുതി പേര്‍ക്കെങ്കിലും എംബിഎ ബിരുദവും ഉണ്ട്. രക്ഷിതാക്കള്‍ അവനില്‍ വന്‍ പണനിക്ഷേപമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടൊടുവില്‍ എത്തുന്നത് ഒരു ബിരുദവും സാമാന്യവിവരവും അത്യാവശ്യം കൂട്ടാനും ഗുണിയ്ക്കാനുമുള്ള അറിവും യുക്തിപരമായി കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും ഒരല്‍പം സംവേദന ക്ഷമതയും മാത്രം വേണ്ട ജോലിയില്‍. സാധാരണ ബിരുദമെടുക്കാന്‍ മൂന്ന് വര്‍ഷം മതി. അതായത്, ഇരുപത് വയസ്സില്‍ ബിരുദം നേടുന്നയാള്‍ക്ക് ഇരുപത്തൊന്നാം വയസ്സില്‍ ബാങ്കില്‍ ഓഫീസറായി പ്രവേശിക്കാം. നീണ്ട മുപ്പത്തിയൊന്‍പത് വര്‍ഷങ്ങള്‍ അവന് മുന്നില്‍ ഔദ്യോഗിക ശ്രേണിയുടെഏണിപ്പടികള്‍ കയറാന്‍ മുന്നില്‍ വിരിച്ചിട്ടിരിക്കയാണ്. എന്‍ജിനീയറിംഗ്് ബിരുദധാരിയാവട്ടെ, ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കൂടുതല്‍ എടുത്താണ് ജോലി നേടുന്നത്. പടികള്‍ കയറാന്‍ അവന് രണ്ട് വര്‍ഷമെങ്കിലും കുറവ്. കാണെക്കാണെ ആ വ്യത്യാസം കൂടുതല്‍ പ്രകടമാവും. ബാങ്ക് റിക്രൂട്ടിംഗില്‍ സാധാരണ ‘അതിഭയങ്കര പഠിപ്പിസ്റ്റു’കളെ ഒഴിവാക്കാറുണ്ട്. കാരണം, നിയമനം നല്‍കിയ ശേഷം അവരുടെ വിജ്ഞാനമികവ്, അഭിരുചി വര്‍ദ്ധനവ്, നൈപുണ്യപോഷണം, വ്യക്തിത്വവികസനം എന്നിവയ്ക്കായി രണ്ട് വര്‍ഷത്തെ പരിശീലനത്തില്‍ വന്‍തുകയാണ് ബാങ്കുകള്‍ നിക്ഷേപിക്കുന്നത്. ഒടുവിലൊരുദിവസം വലിയൊരു ജോലി കിട്ടി അവന്‍ കാല്‍പ്പായ കടലാസ്സില്‍ ഒരു രാജി എഴുതിവെച്ച് പോകുന്നു. ബാങ്കിന്റെ ചെലവ് പണം ഗോപി! മറ്റൊരു ബാങ്കിലാണ് പോകുന്നതെങ്കില്‍ ഇവിടത്തെ പരിശീലനത്തിന്റെ മെച്ചം കിട്ടുന്നത് അവര്‍ക്ക്! ശരാശരിയുടെ തൊട്ട് മുകളില്‍ നില്‍ക്കുന്നവര്‍ ആണ് ബാങ്കില്‍ തുടര്‍ന്ന് സ്ഥാപനത്തിന് മുതല്‍ക്കൂട്ടാവുന്നത്.

കാമ്പസ് റിക്രൂട്ട്‌മെന്റ് ആണ് മറ്റൊന്ന്. പ്രധാനമായും ഐ ടി കമ്പനികള്‍. അമേരിക്കയിലും യൂറോപ്പിലും കക്ഷികളുള്ള കമ്പനികള്‍ എന്തിനാണ് ഇന്ത്യയില്‍ അവരുടെ വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്? ചുരുങ്ങിയ ചെലവില്‍ ജീവനക്കാരെ കിട്ടാന്‍. അമേരിക്കയില്‍ ഒരു മാസം പത്ത് ലക്ഷം രൂപയ്ക്ക് സമാനമായ ശമ്പളം നല്‍കേണ്ടപ്പോള്‍, നമ്മുടെ കുട്ടികള്‍ക്ക് പതിനയ്യായിരവും ഇരുപത്തിനായിരവും കൊടുത്ത്, ഇടയ്ക്ക് ‘ബെഞ്ചി’ലിരുത്തി, അതേ ജോലി ഇവിടെ ചെയ്യിക്കാനാവും. സോഫ്റ്റ്വെയര്‍ കയറ്റുമതി ഡിജിറ്റല്‍ ആയാണ്; വിന്യാസച്ചെലവുകള്‍ (logistic expenses) ഒന്നുമില്ല. കുട്ടി എന്‍ജിനീയര്‍മാര്‍ കല്ലട ബസ്സില്‍ കേരള-കര്‍ണ്ണാടക റോഡ് യാത്ര ആസ്വദിക്കുന്നു.

പ്രമുഖ നഗരങ്ങളിലെ കലാലയങ്ങളില്‍ വാണിജ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, മാനവികവിഷയങ്ങള്‍ എന്നിവയില്‍ ബിരുദപഠനത്തിന് പ്ലസ്ടുവിന് തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം മാര്‍ക്കുള്ളവരെ മാത്രമാണ് എടുക്കുന്നത്. അവരെ വന്‍ കോര്‍പറേറ്റുകള്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി വിവിധ തസ്തികകളില്‍ മാനേജമെന്റ് നിലവാരത്തില്‍ എടുക്കുന്നു. സിവില്‍ സര്‍വീസ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ എത്തുന്നതും അവരാണ്. നമ്മള്‍ അതിനെ ‘ഉത്തരേന്ത്യന്‍ ലോബിയുടെ കളികള്‍’ എന്ന് പറഞ്ഞ് പുച്ഛിക്കാറാണ് പതിവ്. വാസ്തവം നമ്മള്‍ തിരിച്ചറിയുന്നില്ല. പൊതു-സ്വകാര്യ മേഖലാ വ്യത്യാസമില്ലാതെ ഇന്ന് ഓരോ അപേക്ഷകനും അറിയപ്പെടുന്നത് അവന്‍ പഠിച്ച കോളേജിന്റെ വിലാസത്തിലാണ്; കിട്ടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലല്ല. ഈ മാറ്റം ഇതുവരെ മലയാളി തിരിച്ചറിഞ്ഞിട്ടില്ല.

ഇന്‍ഡോറിലെ സുശാന്ത് ശര്‍മയുടെ (യാഥാര്‍ത്ഥ പേര് വേറെ) കഥ ഒരു അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രത്തില്‍ വന്നിരുന്നു. എന്‍ഐടിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം എടുക്കുന്ന സമയത്ത് നിരവധി കമ്പനികള്‍ കാമ്പസ് റിക്രൂട്ട്‌മെന്റിന് വന്നിരുന്നു. സുഹൃത്തുക്കള്‍ പലര്‍ക്കും 7-8 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക ശമ്പളമില്ലാത്ത ജോലികള്‍ ആണ് കിട്ടിയത്. പല കമ്പനികളും അതേ വേതന നിലവാരത്തില്‍ ശര്‍മയ്ക്കും ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ ശര്‍മ തന്റെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കണക്കാക്കി. ആ ശമ്പളം തന്റെ പഠനത്തിന് വേണ്ടി ചിലവായ പണത്തിന് മതിയായ വരുമാനമല്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം, മീന്‍സ്റ്റാക്ക് എന്ന ജാവ സ്‌ക്രിപ്റ്റ് സോഫ്റ്റ്വെയര്‍ പഠിച്ച് സ്വന്തമായി ഒരു വെബ് ഡെവലപ്പിംഗ് സ്റ്റാര്‍ട്ട്അപ് ആരംഭിച്ചു. ഇന്നദ്ദേഹം അതില്‍ നിന്ന് തരക്കേടില്ലാത്ത വരുമാനം നേടുന്നു. ഇത് നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് സാധിക്കും? അതേ ഓണ്‍ലൈന്‍ പത്രത്തില്‍ ഒരു സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നത്, ഇന്ത്യയിലെ എണ്‍പത് ശതമാനം എന്‍ജിനീയറിംഗ്് ബിരുദധാരികളും യാതൊരു വിധ തൊഴില്‍ നിയമനത്തിനും കൊള്ളാത്തവരാണെന്ന്. മുന്‍പ് പറഞ്ഞ പതിനൊന്നായിരത്തോളം എന്‍ജിനീയറിംഗ് കോളേജുകളില്‍ ഭൂരിഭാഗവും ഇത്തരക്കാരെയാണ് സൃഷ്ടിച്ച് വിടുന്നത്. ഉന്നത വിദ്യാഭ്യാസം സ്വകാര്യ-സ്വാശ്രയവല്‍ക്കരിച്ച ശേഷം നമ്മുടെ സാങ്കേതിക വിദ്യാഭ്യാസത്തിനുണ്ടായ നിലവാരത്തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്.

ഏത് പഠനശാഖയില്‍ വിദ്യാഭ്യാസം നേടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും വിദ്യാര്‍ത്ഥിക്ക് വിട്ടുകൊടുക്കുക. ‘മകന്റെ അച്ഛന്മാ’രായി (അമ്മമാരും) നമുക്ക് മാറാതിരിക്കാം. ആദ്യം ഉദ്ധരിച്ച ‘എന്‍ട്രന്‍സ്’ എന്ന കവിത പുരോഗമിക്കുന്നത് ഇങ്ങനെയാണ്:

‘പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.

അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.

ഹാള്‍ ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജനിസിനു പരീക്ഷയെഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍
ഔവ്വയാറിനും അവസരം നഷ്ടമായി…..’

അവരൊക്കെയാണ് പിന്നീട് ഇപ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ‘തീരാത്ത സൊല്ലയായി’ ചോദ്യക്കടലാസുകളില്‍ കുടിപാര്‍ക്കുന്നത്.
കാരണം അവര്‍ അവരുടെ ധിഷണയ്ക്ക് അനുസൃതമായാണ് ജീവിച്ചത്.

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിന്ന് കിഴക്ക് ഭാഗത്തായി രണ്ട് കിലോമീറ്റര്‍ അകലെയാണ് പുനര്‍ജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനര്‍ജ്ജനി ഗുഹ. ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനര്‍ജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു. ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴല്‍ നടത്തിയാല്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാള്‍ക്ക് പുനര്‍ജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. നമ്മുടെ കുട്ടികളല്ലേ, അവര്‍ ഈ പ്രായത്തിനിടയില്‍ വലിയ പാപമൊന്നും ചെയ്തിരിക്കാന്‍ സാധ്യതയില്ല. അവരെ എന്‍ട്രന്‍സ് പരീക്ഷ എന്ന പുനര്‍ജനി നിര്‍ബന്ധമായും നൂഴിച്ച് മറ്റൊരാളായി പുനര്‍ജനിപ്പിക്കണോ എന്ന് നല്ലപോലെ ആലോചിക്കുക.

Categories: FK Special, Slider