ഗംഗാ നദിയെ സംരക്ഷിക്കാന്‍ കാണ്‍പൂരിലെ ‘ടു മെന്‍ ആര്‍മി’

ഗംഗാ നദിയെ സംരക്ഷിക്കാന്‍ കാണ്‍പൂരിലെ ‘ടു മെന്‍ ആര്‍മി’

സമാന രീതിയില്‍ ചിന്തിക്കുന്ന, ഒരേ ജീവിത ലക്ഷ്യങ്ങളുള്ള രണ്ട് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നാല്‍ നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല എന്ന് തെളിയിക്കുന്നു ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ അങ്കിത് അഗര്‍വാള്‍, കരണ്‍ രസ്‌തോഗി എന്നീ സുഹൃത്തുക്കളുടെ സംരംഭകത്വ ജീവിതം.കാണ്‍പൂര്‍ നഗരത്തെ ഏറെ സ്‌നേഹിച്ചിരുന്ന ഇരുവരെയും വിഷമിപ്പിച്ചിരുന്ന ഒന്നായിരുന്നു നഗരത്തിലെ വര്‍ധിച്ചു വരുന്ന മാലിന്യപ്രശ്‌നം. ലോകം പുണ്യനദിയായി വാഴ്ത്തുന്ന ഗംഗാ നദി കാണ്‍പൂരിലെ ജനങ്ങള്‍ക്ക് മാലിന്യത്തിന്റെ ദുരന്ത മുഖമായിരുന്നു. ഭക്തിയോടെ ഗംഗയില്‍ സമര്‍പ്പിക്കുന്ന പൂക്കള്‍ കാലാന്തരത്തില്‍ നന്ദിയുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സുഹൃത്തുക്കള്‍ ‘ഹെല്പ് അസ് ഗ്രീന്‍’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പ്രതിവര്‍ഷം ഗംഗാനദിയില്‍ തള്ളപ്പെടുന്ന 8 മില്യന്‍ ടണ്‍ വേസ്റ്റ് പൂക്കളാണ് ഹെല്പ് അസ് ഗ്രീന്‍ റീസൈക്കിള്‍ ചെയ്ത് ജൈവവളങ്ങളും ചന്ദനത്തിരികളുമുള്‍പ്പെടെയുള്ള മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റുന്നത്. 4.7 ടണ്ണോളം ഫ്ളവര്‍ വേസ്റ്റാണ് ഓരോ ദിവസവും ഹെല്പ് അസ് ഗ്രീന്‍ റീസൈക്കിള്‍ ചെയ്യുന്നത്.ഇതിലൂടെ ഗംഗയുടെ സംരക്ഷണവും വനിതകളുടെ തൊഴില്‍ പ്രാതിനിത്യവും ഇവര്‍ ഉറപ്പാക്കുന്നു

‘വല്ലഭന് പുല്ലും ആയുധം’ എന്ന് കേട്ടിട്ടില്ലേ? യഥാര്‍ത്ഥ ഇച്ഛാശക്തിയുള്ളവര്‍ക്ക് മുന്നില്‍ സാധ്യതകളുടെ അനേകം വാതായനങ്ങള്‍ തുറക്കുന്നു എന്നാണ് ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സംരംഭകത്വം എന്ന പാഷന്‍ അത്തരത്തില്‍ ഒന്നാണ്. മനസിലുള്ള ആഗ്രഹം അടിയുറച്ചാണെങ്കില്‍ വിജയിക്കാന്‍ വലിയ സാങ്കേതിക വിദ്യയുടെ പിന്‍ബലമോ കോടികളുടെ നിക്ഷേപമോ ഒന്നും തന്നെ ആവശ്യമില്ല. ഒരേ ട്യൂഷന്‍ ക്ലാസില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങുമ്പോള്‍ കാണ്‍പൂര്‍ സ്വദേശികളായ അങ്കിത് അഗര്‍വാള്‍, കരണ്‍ രസ്‌തോഗി എന്നിവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഭാവിയില്‍ തങ്ങള്‍ അറിയപ്പെടാന്‍ പോകുന്നത് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു പാഷന്റെ പുറത്തായിരിക്കുമെന്ന്. സ്‌കൂള്‍ പഠന ശേഷം വ്യത്യസ്തമായ കോഴ്സുകള്‍ തെരഞ്ഞെടുത്ത് കോളെജിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞ ഇരുവരും പക്ഷേ, തങ്ങളുടെ സൗഹൃദം മാറ്റിനിര്‍ത്തിയിരുന്നില്ല.

വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അനാലിസിസില്‍ ബിരുദം നേടിയ കരണിനെയും എന്‍ജിനീയറിംഗിന് ശേഷം സിംബയോസിസില്‍ നിന്നും ഇന്നവേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ അങ്കിത്തിനെയും ഒന്നിപ്പിച്ചത് കാണ്‍പൂറിനോടുള്ള പ്രണയമായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണ് കണ്‍മുന്നില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്നത് ഇരുവര്‍ക്കും സഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. കാലാവസ്ഥ വ്യതിയാനവും കാര്‍ബണ്‍ എമിഷനും എന്ന വിഷയത്തില്‍ തന്റെ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയ കരണ്‍ ഈ പ്രശ്‌നത്തെപ്പറ്റി കൂടുതല്‍ ഗഗനമായി ചിന്തിച്ചു. അതേ സമയം ഇന്നവേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ അങ്കിത്ത് ഉപയോഗശൂന്യമായ ടയറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു. ഇതിന്റെ ഭാഗമായി അങ്കിത് ധാരാളം യാത്രകള്‍ ചെയ്തു. വ്യത്യസ്തമായ മേഖലകളിലായിരുന്നു പ്രവര്‍ത്തണമെങ്കിലും കരണും അങ്കിത്തും ചിന്തിച്ചിരുന്നത് പരിസ്ഥിതി സംരക്ഷണം എന്ന ഒറ്റ വിഷയത്തെപ്പറ്റിയായിരുന്നു.

ഗംഗാ തടത്തിലെ ആ കാഴ്ച ജീവിതം മാറ്റിമറിച്ചു

2015 ലെ ഒരു മകരസംക്രാന്തി ദിനത്തില്‍ ഗംഗയുടെ കരയിലിരിക്കുമ്പോഴാണ് ഈ സുഹൃത്തുക്കള്‍ തങ്ങളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെപ്പറ്റി പരസ്പരം വാചാലരാകുന്നത്. ഇരുവര്‍ക്കും തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും നിരവധി കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനുണ്ടായിരുന്നു. അപ്പോഴാണ് ഗംഗാ നദിയിലൂടെ ഒഴുകി നടക്കുന്ന വേസ്റ്റ് പൂക്കളില്‍ ഇരുവരുടെയും ശ്രദ്ധ പതിഞ്ഞത്. ഒരു സാധാരണ വ്യക്തിക്ക് നോക്കുമ്പോള്‍ നദിയിലൂടെ ഒഴുകി നീങ്ങുന്ന കുറച്ചു പൂക്കള്‍ ഒരു പ്രശ്‌നമായി തോന്നില്ല. എന്നാല്‍ ദിവസം തോറും ആരാധനാലയങ്ങളില്‍ നിന്നും നദിയിലേക്ക് പുറന്തള്ളുന്ന ടണ്‍കണക്കിന് പൂക്കളുടെ മാലിന്യങ്ങള്‍ ജലമലിനീകരണത്തിനുള്ള അടിസ്ഥാനകരണങ്ങളില്‍ ഒന്ന് തന്നെയാണ്. പൂക്കളിലെ ടോക്സിക് ഘടകങ്ങള്‍ കലര്‍ന്ന് നദികളിലെ വെളളം മലിനമാകുന്നതോടൊപ്പം മത്സ്യങ്ങള്‍ ഉള്‍പ്പെടെയുളള ജലജീവികളുടെ ആവാസ വ്യവസ്ഥയ്ക് ഭീഷണിയായി മാറുന്നു. കരണിന്റെയും അങ്കിത്തിന്റെയും ചര്‍ച്ചയില്‍ ഈ പ്രശ്‌നം തെളിഞ്ഞു വന്നതോടെ പരിഹാരം കണ്ടെത്തുന്നതിനുള്ള അന്വേഷണമായി.

പ്രതിവര്‍ഷം സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഗംഗാനദിയുടെ ശുദ്ധീകരണത്തിനായി ചെലവഴിക്കുന്നുണ്ടെങ്കിലും ഇടവേളയില്ലാതെ നദിയിലേക്ക് തള്ളപ്പെടുന്ന പൂക്കളുടെ മാലിന്യങ്ങളില്‍ കുറവില്ലാത്തത്രയും കാലം അതുകൊണ്ട് പ്രയോജനം ഒന്നും ലഭിക്കുന്നില്ല. ഓരോ വര്‍ഷവും ഗംഗയിലേക്ക് 8 മില്യണ്‍ ടണ്‍ വേസ്റ്റ് പൂക്കളാണ് ആരാധനാലയങ്ങളില്‍ നിന്നും മറ്റും പുറന്തളളുന്നത്. നദിയിലെ മല്‍സ്യസമ്പത്തിന് മാത്രമല്ല ഇത് ഭീഷണിയുയര്‍ത്തുന്നത്. ഗംഗയിലെ മാലിന്യമായ ഈ വെളളം തന്നെയാണ് പരിസരവാസികള്‍ കുടിക്കാനും മറ്റും ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരമാണ് നദിയില്‍ പൂക്കള്‍ സമര്‍പ്പിക്കുകയെന്നത്. പ്രത്യക്ഷത്തില്‍ പൂക്കളുടെ മാലിന്യം ആര്‍ക്കും പ്രശ്‌നമായി തോന്നിയിരുന്നില്ല. എന്നാല്‍ കരണും അങ്കിത്തും ചേര്‍ന്ന് വെള്ളത്തിന്റെ പിഎച്ച് മൂല്യം പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിഗമനങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ശുദ്ധമായ ജലത്തിന്റെ പിഎച്ച് മൂല്യം 7 ആണെന്നിരിക്കെ, ഗംഗയിലെ ജലത്തിന്റെ പിഎച്ച് മൂല്യം 4.6 ആയിരുന്നു. പൊതുജനങ്ങളുടെ കണ്ണില്‍ പെടാത്ത ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയേ മതിയാകൂ എന്നുറപ്പിച്ച അങ്കിത്ത് കരണ്‍ രസ്തോഗിയുമായി ചേര്‍ന്ന് പ്രശ്നത്തിന് പോംവഴി തേടി യാത്ര തുടങ്ങി.

2,525 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന ഗംഗാനദിയുടെ തീരത്തായി താമസിക്കുന്ന 400 മില്യണ്‍ വരുന്ന ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിതത്തിന്റെ പലഘട്ടങ്ങളിലായി പിടിപെട്ട കോളറ, ഡയറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ മലിനമായ ഗംഗാ നദിയുടെ സംഭാവനയായിരുന്നു.ഇത് ഗംഗയുടെ മാത്രം കാര്യമല്ല. 1.21 ബില്യണ്‍ ഭക്തജനങ്ങളാണ് പ്രതിദിനം ക്ഷേത്രങ്ങളിലും നദികളിലുമായി പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായതിനാല്‍ ഇത് തടയാന്‍ സാധിക്കില്ല. പലപ്പോഴും പൂക്കളിലും മറ്റും തളിക്കുന്ന കീടനാശിനികളാണ് ഇവിടെ വില്ലനാകുന്നത്. കീടനാശിനികള്‍ നദിയിലെ വെള്ളത്തില്‍ കലരുകയും ജലജീവികളുടെ നിലനില്‍പ്പിന് പ്രശ്‌നം സൃഷ്ടിക്കുകയും ചെയുന്നു. ഈ അവസ്ഥയില്‍ പ്രതിവര്‍ഷം 8 മില്യണ്‍ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുന്ന ഗംഗാനദിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജോലി രാജിവച്ച് ഗംഗാ നദി സംരക്ഷണത്തിലേക്ക്

ഒരുമിച്ചിരുന്നു കൂടുതല്‍ ചിന്തിച്ചപ്പോള്‍, ഗംഗയുടെ സംരക്ഷണം തങ്ങളുടെ ധാര്‍മിക ചുമതലകളില്‍ ഒന്നാണെന്ന് കരണിനും അങ്കിത്തിനും തോന്നി. ഗംഗയില്‍ നിന്നും പൂക്കളുടെ മാലിന്യങ്ങള്‍ വെറുതെ നീക്കം ചെയ്യുന്നത് കൊണ്ട് മാത്രം കാര്യമില്ല. അത്തരം മാലിന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. എന്നാല്‍ സ്വന്തം തൊഴില്‍മേഖലയില്‍ വ്യാപൃതരായിരുന്നുകൊണ്ട് തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇരുവരും ജോലി രാജി വക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പേരില്‍ വീട്ടില്‍ നിന്നും കടുത്ത എതിര്‍പ്പുകളാണ് കരണിനും അങ്കിത്തിനും നേരിടേണ്ടി വന്നത്. എന്നാല്‍ തങ്ങളുടെ സംരംഭകത്വ മോഹങ്ങള്‍ വിട്ടുകൊടുക്കാന്‍ ഇരുവര്‍ക്കും മനസുണ്ടായിരുന്നില്ല.

ജോലി ഉപേക്ഷിച്ചിറങ്ങിയ ഇരുവരും പൂക്കളുടെ മാലിന്യങ്ങള്‍ ഏതെല്ലാം വിധത്തില്‍ ശേഖരിക്കാം എന്നും ഏതെല്ലാം വിധത്തില്‍ സംസ്‌കരിക്കാം എന്നും വിശദമായി പഠിച്ചു. ഇതിന്റെ ഭാഗമായി നിരവധി പുഷ്പകര്‍ഷകര്‍, ക്ഷേത്ര സമിതികള്‍, ഗവേഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ഇരുവരും സംസാരിച്ചു. ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ പൂക്കളുടെ മാലിന്യത്തില്‍ നിന്നും ജൈവവളങ്ങള്‍ നിര്‍മിക്കുക എന്ന പോയിന്റിലേക്കാണ് ഇരുവരും എത്തിയത്.ഗവേഷണത്തെയും ഉല്‍പ്പന്ന നിര്‍മാണത്തെയും മുന്‍നിര്‍ത്തി 2015 ല്‍ ഹെല്‍പ് അസ് ഗ്രീന്‍ എന്ന സ്ഥാപനത്തിന് രൂപം നല്‍കി. കാണ്‍പൂരിന് സമീപം ഫാം വാടകക്കെടുത്ത് 72000 രൂപയുമായിട്ടാണ് അങ്കിത്തും കരണും ബിസിനസിന് തുടക്കമിട്ടത്. ഐഐടി കാണ്‍പൂരിലും ഐഐഎം കൊല്‍ക്കത്തയിലുമായിരുന്നു ഇന്‍കുബേഷന്‍.

പൂക്കളുടെ അവശിഷ്ടങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍

ഏഴ് മാസം നീണ്ട ഗവേഷണത്തിനൊടുവില്‍ ‘മിട്ടി വെര്‍മി കംപോസ്റ്റ്’ ആയിരുന്നു വിപണിയിലെത്തിച്ച ആദ്യ ഉല്‍പ്പന്നം. പൂക്കളുടെ അവശിഷ്ടങ്ങള്‍ പ്രോസസ് ചെയ്ത് കാപ്പിയുടെ അവശിഷ്ടവുമായി ചേര്‍ത്താണ് ഈ ഉല്‍പ്പന്നം നിര്‍മിക്കുന്നത്.യാതൊരു വിധ കെമിക്കലുകളും ചേര്‍ക്കാതെ പൂര്‍ണമായും ജൈവികമായി നിര്‍മിച്ച ഉല്‍പ്പന്നം എന്ന നിലക്ക് ‘മിട്ടി’ വളരെ വേഗത്തില്‍ തന്നെ ജനസമ്മിതി നേടി. മിട്ടി ഉപയോഗിച്ച കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിച്ചു. കൂടുതല്‍ പ്രൊമോഷനുകള്‍ ഒന്നും കൂടാതെ തന്നെ മിട്ടി വിപണി പിടിച്ചതോടെ കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ എങ്ങനെ നിര്‍മിക്കാം എന്നായി ഇരുവരുടെയും ചിന്ത. അംങ്ങനെയാണ് പൂജയുടെ ഭാഗമായി സമര്‍പ്പിച്ച പൂക്കളുടെ അവശിഷ്ടങ്ങള്‍ പൂജ സാധനങ്ങളായി തന്നെ മാറട്ടെ എന്ന ചിന്ത വരുന്നത്. ‘സ്റ്റിക്ക്‌സ് ആന്‍ഡ് സ്റ്റോണ്‍സ്’ ‘ഫൂല്‍’ ഇനീ ബ്രാന്‍ഡുകളില്‍ ചന്ദനത്തിരികള്‍ നിര്‍മിച്ചുകൊണ്ടാണ് ഈ ചിന്ത കരണും അങ്കിത്തും പൂര്‍ത്തിയാക്കുന്നത്. കാണ്‍പൂരിലെ വിവിധ ആരാധനാലയങ്ങളുമായി സഹകരിച്ചാണ് പൂക്കളുടെ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. അതിനാല്‍ ഇതേ വഴിയിലൂടെ തന്നെ മൂല്യവര്‍ധിത വസ്തുക്കളുടെ വിപണനവും നടത്തി.

മിട്ടി വെര്‍മി കമ്പോസ്റ്റ്, സ്റ്റിക്ക്‌സ് ആന്‍ഡ് സ്റ്റോണ്‍സ് ചന്ദനത്തിരികള്‍ എന്നിവ പൊതിഞ്ഞു കൊടുക്കുന്നതിനായി പ്ലാസ്റ്റിക്ക് കവറുകള്‍ പോലും ഉപയോഗിച്ചിരുന്നില്ല. പകരം ഇവ കൊടുത്തിരുന്നത് ചെടികളുടെ വിത്ത് പതിപ്പിച്ച കടലാസ് കവറില്‍ ആയിരുന്നു. ഇത് എവിടെ ഉപേക്ഷിച്ചാലും പ്രകൃതിക്ക് ഗുണം തന്നെ. ഇത്തരം നീക്കങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിച്ചത്. മാത്രമല്ല, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെ കാണ്‍പൂരിലെ നല്ലൊരു ശതമാനം വരുന്ന വനിതകള്‍ക്ക് ജോലി നല്‍കാനും സാധിച്ചു. പൂര്‍ണമായും ജൈവികമായ നിര്‍മിക്കുന്ന ഹാന്‍ഡ്മെയ്ഡ് ചന്ദനത്തിരികളുടെ നിര്‍മാണ യൂണിറ്റിലാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്നത്.4.7 ടണ്ണോളം ഫ്ളവര്‍ വേസ്റ്റാണ് നിലവില്‍ ഓരോ ദിവസവും ഹെല്പ് ഗോ ഗ്രീന്‍ റീസൈക്കിള്‍ ചെയ്യുന്നത്.ഫ്ലോറ ഫോം എന്ന ലോകത്തിലെ ആദ്യ ബയോഡീഗ്രേഡബിള്‍ തെര്‍മോക്കോളും പൂക്കളുടെ മാലിന്യത്തില്‍ നിന്നും ഇവര്‍ നിര്‍മിക്കുന്നുണ്ട്. രണ്ടു പേരുമായി തുടങ്ങിയ കമ്പനിയില്‍ ഇന്ന് 100 ലധികം സ്ത്രീകള്‍ പൂക്കള്‍ വേര്‍തിരിക്കുന്നതും പ്രൊസസിംഗ് നടത്തുന്നതുമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ജോലി ഉപേക്ഷിച്ച് , മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ പോകുന്നു എന്ന് പറഞ് ഒരിക്കല്‍ കളിയാക്കിയ ആളുകള്‍ ഇപ്പോള്‍ ഇവര്‍ക്കായി കയ്യടിക്കുകയാണ്. പൂക്കളുടെ മാലിന്യങ്ങളില്‍ നിന്നും ഇവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ് , ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പോലും ആവശ്യക്കാര്‍ എത്തുന്നു.ഗംഗാനദിയിലെ പൂക്കളില്‍ നിന്നും നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ എന്ന നിലക്ക് തങ്ങളുടെ ഉല്പന്നങ്ങളോട് ഉപഭോക്താക്കള്‍ക്ക് ഒരു പ്രത്യേക താല്പര്യമാണെന്ന്
കരണും അങ്കിത്തും വ്യക്തമാക്കുന്നു. എന്നാല്‍ ആ ഒരു കാരണം കൊണ്ട് മാത്രം ആരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടെന്നും ഗുണനിലവാരം നോക്കി മാത്രം വാങ്ങിയാല്‍ മതിയെന്നുമാണ് ഇവരുടെ പക്ഷം. കൂടുതല്‍ വ്യത്യസ്തമായ മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ ഹെല്‍പ് ഗോ ഗ്രീനില്‍ തുടരുകയാണ്.48,743 കോടി രൂപയുടെ ജൈവ വിപണിയാണ് ലോകത്തിനുള്ളത്, ഇതില്‍ ചന്ദനത്തിരി വിപണി മാത്രം 3,000 കോടി രൂപയുടെ മൂല്യമുള്ളതാണ്. അതിനാല്‍, തങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ശരിയായ ദിശയില്‍ തന്നെയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 30 രൂപ മാത്രമാണ് ഇവര്‍ ഒരു പാക്കറ്റ് ചന്ദനത്തിരിക്ക് ഈടാക്കുന്നത്. മറ്റ് ബ്രാന്‍ഡുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറഞ്ഞ വിലയാണിത്.

2500 കിലോമീറ്ററിന് മുകളില്‍ വ്യാപിച്ചു കിടക്കുന്ന ഗംഗാനദിയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക, 25000 വനിതകള്‍ക്ക് ജോലി നല്‍കുക, ഗ്രാമീണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കുക, തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കരണ്‍ – അങ്കിത് സംരംഭക സുഹൃത്തുക്കള്‍ ഭാവിയില്‍ മുന്‍തൂക്കം നല്‍കുന്നത്. 72000 രൂപയുടെ നിക്ഷേപത്തില്‍ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കാന്‍ നാലുകൊല്ലം കൊണ്ട് കഴിഞ്ഞത് പോലെ തന്നെ , ഉദ്ദേശം ശുദ്ധമാണെങ്കില്‍ ലക്ഷ്യം തെറ്റാതെ വിജയിക്കാനാകുമെന്ന് ഹെല്പ് ഗോ ഗ്രീനിന്റെ വിജയം വ്യക്തമാക്കുന്നു.

Categories: FK Special, Slider