ആംസ്റ്റര്‍ഡാം പെട്രോള്‍, ഡീസല്‍ കാറും ബൈക്കും നിരോധിക്കുന്നു

ആംസ്റ്റര്‍ഡാം പെട്രോള്‍, ഡീസല്‍ കാറും ബൈക്കും നിരോധിക്കുന്നു

ആംസ്റ്റര്‍ഡാം: 2030-ാടെ നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റര്‍ഡാം പെട്രോള്‍, ഡീസല്‍ കാറും ബൈക്കും നിരോധിക്കും. വായു മലിനീകരണത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണു സിറ്റി കൗണ്‍സില്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആംസ്റ്റര്‍ഡാമില്‍ വായു മലിനീകരണം പ്രദേശവാസികളുടെ ആയുര്‍ ദൈര്‍ഘ്യം ഒരു വര്‍ഷം വെട്ടിക്കുറയ്ക്കുകയാണെന്നു പറയപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണു ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ നിരത്തിലിറങ്ങുന്നത് അടുത്ത വര്‍ഷം മുതല്‍ നിരോധിക്കും. 2022 മുതല്‍ ഡീസല്‍, പെട്രോള്‍ ഉപയോഗിക്കുന്ന പബ്ലിക് ബസുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ‘വായു മലിനീകരണം നിശബ്ദ കൊലയാളിയാണ്. ആംസ്റ്റര്‍ഡാമിനെ സംബന്ധിച്ച് ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്നാണു വായു മലിനീകരണമെന്ന് ‘ കൗണ്‍സിലര്‍ ഷാരോണ്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ആംസ്റ്റര്‍ഡാമിലെ മൂന്നിലൊന്ന് വാഹനങ്ങള്‍ ഇലക്ട്രിക് ആക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള നഗരങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വാഹനങ്ങളെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷം സ്പാനിഷ് നഗരമായ മാഡ്രിഡ്, 2000-ത്തിനു മുന്‍പ് നിര്‍മിച്ച പെട്രോള്‍ വാഹനങ്ങളെയും 2006-നു മുന്‍പ് നിര്‍മിച്ച ഡീസല്‍ വാഹനങ്ങളെയും നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. 2024 മുതല്‍ നഗരത്തിലേക്ക് ഡീസല്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റോം. 2030 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഡെന്‍മാര്‍ക്ക്.

Comments

comments

Categories: World