എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 15 ന് അനാവരണം ചെയ്യും

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 15 ന് അനാവരണം ചെയ്യും

നൂറിലധികം കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡല്‍ വരുന്നത്

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഈ മാസം 15 ന് അനാവരണം ചെയ്യും. വാഹനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്ന് കമ്പനി പങ്കുവെയ്ക്കും. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തുന്നത്. നിരവധി കണക്റ്റഡ് ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കും. എംജി ഹെക്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു.

നൂറിലധികം കണക്റ്റിവിറ്റി ഫീച്ചറുകളോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വരുന്നത്. ഇന്ത്യന്‍ ഉച്ചാരണം മനസ്സിലാക്കാന്‍ കഴിയുന്ന വോയ്‌സ് അസിസ്റ്റ്, ജിയോ-ഫെന്‍സിംഗ്, ലൈവ് മാപ്പുകള്‍, ലൈവ് മ്യൂസിക് സ്ട്രീമിംഗ് തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. സണ്‍റൂഫ് തുറക്കുന്നതിനും 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ഏതെങ്കിലും ലൊക്കേഷന്റെ ദിശ അറിയുന്നതിനും വോയ്‌സ് കമാന്‍ഡ് നല്‍കിയാല്‍ മതി. ഇന്‍-ബില്‍റ്റ് ഇ-സിം വഴിയാണ് കണക്റ്റഡ് ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ സൗജന്യമായി ഡാറ്റ അനുവദിക്കും.

ബംപറില്‍ എല്‍ഇഡി ഹെഡ്‌ലാംപുകളും നേരെ മുകളില്‍ ഹുഡിന് സമീപത്തായി ഡേടൈം റണ്ണിംഗ് ലൈറ്റുകളും നല്‍കിയുള്ള ഡിസൈനിലാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തുന്നത്. ഫോ സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് മൗണ്ടഡ് സ്‌പോയ്‌ലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്‌യുവി 500, ടാറ്റ ഹാരിയര്‍, ടാറ്റ ഹെക്‌സ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകളെന്ന് പ്രതീക്ഷിക്കുന്നു. 48 വോള്‍ട്ട് മോട്ടോര്‍ ഉപയോഗിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റും വിപണിയിലെത്തിക്കും. രണ്ട് എന്‍ജിനുകളുമായും 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. 6 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും നല്‍കും.

Comments

comments

Categories: Auto