മഹീന്ദ്ര ടിയുവി 300 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

മഹീന്ദ്ര ടിയുവി 300 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

8.38 ലക്ഷം രൂപ മുതലാണ് മുംബൈ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മഹീന്ദ്ര ടിയുവി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.38 ലക്ഷം രൂപ മുതലാണ് മുംബൈ എക്‌സ് ഷോറൂം വില. നിരവധി ഡിസൈന്‍ മാറ്റങ്ങളും കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ മസ്‌കുലര്‍, അഗ്രസീവ് ലുക്കിലാണ് ബോക്‌സി എസ്‌യുവി ഇപ്പോള്‍ വരുന്നത്.

കറുത്ത ക്രോം ഇന്‍സെര്‍ട്ടുകളോടെ പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഗ്രില്‍, വശങ്ങളില്‍ ക്ലാഡിംഗ്, എക്‌സ് ആകൃതിയിലും മെറ്റാലിക് ഗ്രേ നിറത്തിലുമുള്ള സ്‌പെയര്‍ വീല്‍ കവര്‍ എന്നിവ കാണാം. ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ പുതിയ ഹെഡ്‌ലാംപ് ഡിസൈന്‍, കാര്‍ബണ്‍ ബ്ലാക്ക് ഫിനിഷ് എന്നിവ വാഹനത്തിന്റെ സ്റ്റൈലിംഗ് വര്‍ധിപ്പിക്കുന്നു. പുതിയ റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സ്റ്റാറ്റിക് ബെന്‍ഡിംഗ് ഹെഡ്‌ലാംപുകള്‍ എന്നിവ പുതിയ ഫീച്ചറുകളാണ്.

7 സീറ്റര്‍ എസ്‌യുവിയുടെ കാബിനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പിനുകീഴിലെ ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫറീനയാണ് കാബിന്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. കൂടുതല്‍ പ്രീമിയം ലുക്ക് & ഫീല്‍ ഉദ്ദേശിച്ച് കാബിനില്‍ പുതിയ സില്‍വര്‍ ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ജിപിഎസ് സഹിതം 17.8 സെമീ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം.

എംഹോക് 100 ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര ടിയുവി 300 സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 100 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നു.

ഹൈവേ റെഡ്, മിസ്റ്റിക് കോപ്പര്‍ എന്നീ രണ്ട് പുതിയ നിറങ്ങളിലും കോംപാക്റ്റ് എസ്‌യുവി ലഭിക്കും. ബോള്‍ഡ് ബ്ലാക്ക്, മജെസ്റ്റിക് സില്‍വര്‍, പേള്‍ വൈറ്റ് എന്നിവയാണ് നിലവിലെ കളര്‍ ഓപ്ഷനുകള്‍. റെഡ്+ബ്ലാക്ക്, സില്‍വര്‍+ബ്ലാക്ക് എന്നീ ഡുവല്‍ ടോണ്‍ ഓപ്ഷനുകളിലും മഹീന്ദ്ര ടിയുവി 300 ലഭിച്ചുവരുന്നു. നിലവിലെ ടി4 പ്ലസ്, ടി6 പ്ലസ്, ടി8, ടി10 എന്നീ വേരിയന്റുകള്‍ കൂടാതെ ടി10 (ഒ) എന്ന ഓപ്ഷണല്‍ പാക്കിലും മഹീന്ദ്ര ടിയുവി 300 ലഭിക്കും. ലെതററ്റ് സീറ്റുകള്‍, ലംബാര്‍ സപ്പോര്‍ട്ട് എന്നിവ ടി10 (ഒ) വേരിയന്റില്‍ നല്‍കുന്നു.

Comments

comments

Categories: Auto