ജോലി ലഭിക്കണമെങ്കില്‍ ‘എഐ ബോട്ടുമായി’ ചാറ്റ് ചെയ്യാന്‍ അറിയണം

ജോലി ലഭിക്കണമെങ്കില്‍ ‘എഐ ബോട്ടുമായി’ ചാറ്റ് ചെയ്യാന്‍ അറിയണം

പാരീസ്: തൊഴിലിടങ്ങളില്‍ വലിയ വിപ്ലവമുണ്ടാക്കിയിട്ടുണ്ട് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യയും ജോലി സ്ഥാപനങ്ങളില്‍ വലിയ മാറ്റം കൊണ്ടു വരികയാണ്. ടെക് ഭീമനായ ആമസോണ്‍, അല്‍ഗോരിഥത്തിന്റെ സഹായത്തോടെ ഉപഭോക്താവിന് അവരുടെ അഭിരുചിക്കനുസരിച്ച് എന്തെല്ലാം പര്‍ച്ചേസ് ചെയ്യാം എന്ന കാര്യത്തില്‍ ഷോപ്പിംഗ് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ഇതാ ഫ്രഞ്ച് കോസ്‌മെറ്റിക് ബ്രാന്‍ഡ് ആയ ലോറിയാല്‍ (L’Oreal) ജീവനക്കാരെ നിയമിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ വര്‍ഷവും 15,000 ഒഴിവുകളിലേക്ക് ലോറിയാല്‍ റിക്രൂട്ട് ചെയ്യാറുണ്ട്. ഇത്രയും ഒഴിവുകളിലേക്ക് ലോറിയാലിന് ലഭിക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകളുമാണ്. അതു കൊണ്ടു തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഭാരിച്ച ജോലിയാണ്. ഒട്ടേറെ സമയവും, അധ്വാനവും ആവശ്യമായി വരാറുണ്ട്. ഇത് ഒഴിവാക്കാന്‍ എഐ ബോട്ടിനെ ഉപയോഗിച്ചാണ് ലോറിയാല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സമയം ലാഭിക്കാനും, റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ഥിയുടെ അനുഭവം, വൈദഗ്ധ്യം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലൂടെ സാധിക്കുന്നതായി ലോറിയാലിന്റെ എച്ച്ആര്‍ വിഭാഗം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഇവ പറയുന്നു.

റിക്രൂട്ട്‌മെന്റിന്റെ അഥവാ തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രക്രിയയില്‍ മ്യാ (Mya) എന്ന ചാറ്റ് ബോട്ടിനെയാണ് ലോറിയാല്‍ ഉപയോഗിക്കുന്നത്. ഈ ചാറ്റ് ബോട്ട് അപേക്ഷകരില്‍നിന്നുള്ള പതിവ് ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതോടൊപ്പം ഉദ്യോഗാര്‍ഥിയുടെ ലഭ്യത (availability), വിസ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പരിശോധിക്കുകയും ചെയ്യും. തുടര്‍ന്ന് അടുത്ത റൗണ്ടിലേക്ക് ഒരു ഉദ്യോഗാര്‍ഥി പ്രവേശിച്ചാല്‍ സീഡ് ലിങ്ക് (Seed-link) എന്ന പേരുള്ളൊരു എഐ കമ്പ്യൂട്ടറിനെ അഭിമുഖീകരിക്കണം. ഈ കമ്പ്യൂട്ടര്‍ ഉദ്യോഗാര്‍ഥിയെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി മാര്‍ക്കിടും. കമ്പനിക്ക് അനുയോജ്യനായ ഉദ്യോഗാര്‍ഥിയെ തെരഞ്ഞെടുക്കാനും, കമ്പനിക്കു തീരെ യോജിക്കാത്ത ഉദ്യോഗാര്‍ഥിയെ പുറന്തള്ളാനും ലോറിയല്‍ കമ്പനി വിന്യസിച്ചിരിക്കുന്ന എഐക്കു സാധിക്കുമെങ്കിലും ഉദ്യോഗാര്‍ഥിയെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് കമ്പനിയുടെ മനുഷ്യരായ മാനേജ്‌മെന്റ സമിതിയായിരിക്കും.

Comments

comments

Categories: Tech