കിഴക്കേ ഇന്ത്യയില്‍ ദുരന്തം വിതച്ച് ഫോനി

കിഴക്കേ ഇന്ത്യയില്‍ ദുരന്തം വിതച്ച് ഫോനി
  • ഒഡീഷയില്‍ വന്‍ നാശനഷ്ടം
  • 1,000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പുരി: ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 240 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി ഇന്നലെ രാവിലെ എട്ടരയോടെയാണ് ഒഡീഷയിലെ പുരിയില്‍ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെയും മഴയുടെയും സംഹാരതാണ്ഡവത്തില്‍ സംസ്ഥാനത്തെ നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായി നിലച്ചു. മൂന്ന് പേര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. പുരിയില്‍ മരം ഒടിഞ്ഞു വീണ് ഒരു കൗമാരക്കാരന്‍ മരിച്ചു. നയാഗഢില്‍ കെട്ടിടത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വീണ് ഒരു സ്ത്രീ മരിച്ചു. കേന്ദ്രപ്പാറ ജില്ലയിലെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഒരു സ്ത്രീ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. പതിനൊന്ന്് ലക്ഷത്തിലധികം ആളുകളെയാണ് സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളുമടക്കം മൂവായിരത്തോളം കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍കരുതലായി ആളുകളെ നേരത്തെ തന്നെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയതിനാല്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതത്തില്‍പ്പെട്ട ജനങ്ങളോടൊപ്പം രാജ്യം ഒറ്റക്കെട്ടായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ആദ്യ ഘട്ട സഹായമായി 1,000 കോടി രൂപ അദ്ദേഹം പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റില്‍ പുരാതന നഗരമായ പുരിയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പുരിയിലെ ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. ഭുവനേശ്വര്‍ വിമാനത്താവളവും തുറമുഖങ്ങളും അടച്ചിട്ടിരിക്കുകയാണ്. കാറ്റിന്റെ വേഗത കൂടിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും അടച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങളും കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250 ഓളം തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലേക്ക് കടക്കുന്ന ചുഴലിക്കാറ്റ് അവിടെ നിന്നും ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നും ക്രമേണ തീവ്രത കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Categories: FK News, Slider