വിദഗ്ധരുടെ അഭാവം; നശിക്കുന്നത് നൂറില്‍പ്പരം അവയവങ്ങള്‍

വിദഗ്ധരുടെ അഭാവം; നശിക്കുന്നത് നൂറില്‍പ്പരം അവയവങ്ങള്‍

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ സമിതിയില്ലാത്തതും അയവമാറ്റ ശസ്ത്രക്രിയാ വിദഗ്ധരില്ലാത്തതും മൂലം പഞ്ചാബിലെ അവയവമാറ്റ ശസ്ത്രക്രിയകള്‍ അവതാളത്തിലെന്നു റിപ്പോര്‍ട്ട്. മസ്തിഷ്‌ക മരണ സര്‍ട്ടിഫിക്കറ്റ് തയാറാക്കാനുള്ള വിദഗ്ധസമിതി രൂപീകരിക്കാത്തതും അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനറിയുന്ന സ്‌പെഷ്യലിസ്റ്റുകള്‍ ഇല്ലാത്തതുമാണ് ഇതിനു കാരണം. സംസ്ഥാനത്തെ ആശുപത്രികളില്‍ ശേഖരിക്കപ്പെടുന്ന നൂറുകണക്കിന് അവയവങ്ങള്‍ ഇതു മൂലം നശിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയകളില്‍ നിശ്ചിത മണിക്കൂറിനകം (സുവര്‍ണ മണിക്കൂറുകള്‍) അവയവം മാറ്റിവെച്ചാലേ അതു കൊണ്ടു ഗുണമുണ്ടാകൂ. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി(പിജി ഐ എംഇആര്‍)ന്റെ അവയവദാനസമിതി ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവയവദാനത്തിനായി അടുത്തിടെ രൂപം നല്‍കിയതാണ് ഈ സമിതി. ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യുമെന്‍ ഓര്‍ഗന്‍ ആക്റ്റ് നടപ്പാക്കാനാണ് സമിതിക്കു രൂപം കൊടുത്തത്. അവയവമാറ്റശസ്ത്രക്രിയക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും പഞ്ചാബില്‍ ഇല്ലെന്ന് ഈ വിഷയത്തില്‍ പൊതുതാല്‍പര്യഹര്‍ജി നല്‍കിയ അവയവസ്വീകര്‍ത്താവു കൂടിയായ അഡ്വക്കറ്റ് രഞ്ജന്‍ ലഖന്‍പാല്‍ പറയുന്നു. മസ്തിഷ്‌കമരണ സര്‍ട്ടിഫിക്കറ്റ് കമ്മിറ്റി സംസ്ഥാനത്ത് രൂപീകൃതമായിട്ടില്ല. ഇത്തരം സമിതിയിലെ അംഗങ്ങള്‍ വളരെ അകലെയാണ് ജീവിക്കുന്നത്, അതിനാല്‍ ഇവരെ അടിയന്തരസാഹചര്യങ്ങളില്‍ പെട്ടെന്നു വിളിച്ചു കൂട്ടാന്‍ സാധിക്കില്ല. ഇത് സുവര്‍ണ മണിക്കൂറുകളും അവയവങ്ങളും വിലയേറിയ ജീവിതവും നഷ്ടപ്പെടുത്തുന്നു. അടുത്തിടെ നടന്ന യോഗത്തില്‍ ഇതിനായുള്ള സമിതികള്‍ പെട്ടെന്നുതന്നെ എല്ലാ ജില്ലാ ആശുപത്രികളിലും രൂപീകരിക്കണമെന്നു ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 26 നാണ് ഹൈക്കോടതി പൊതുതാല്‍പര്യ ഹര്‍ജി സ്വീകരിച്ചത്. അവയത്തിനായി കാത്തുനില്‍ക്കുന്ന ഓരോരുത്തരും മരണഭീതിയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അര്‍ഹരായവര്‍ക്ക് അവയവം മാറ്റിവെക്കല്‍ യഥാസമയം നടപ്പാക്കാന്‍ രാജ്യത്തിലെ എല്ലാ ആശുപത്രികളിലും നോഡല്‍ ഓഫീസുകള്‍ സ്ഥാപിക്കുകയും ദേശീയതലത്തില്‍ മസ്തിഷ്‌കമരണമടഞ്ഞവരുടെ പട്ടിക സൂക്ഷിക്കുകയും വേണമെന്നും ലഖന്‍പാല്‍ ആവശ്യപ്പെടുന്നു. അവയവക്കടത്തു പോലുള്ള അനഭിലഷണീയ പ്രവണതകള്‍ നിരീക്ഷിക്കാനും ഇതു കൊണ്ട് സാധിക്കും.

Comments

comments

Categories: Health