അമേരിക്കയുടെ ഇറാന്‍ ഉപരോധവും എണ്ണവിപണിയിലെ പ്രതിസന്ധിയും

അമേരിക്കയുടെ ഇറാന്‍ ഉപരോധവും എണ്ണവിപണിയിലെ പ്രതിസന്ധിയും

സൗദി അറേബ്യയുടെ ഇടപെടല്‍ നിര്‍ണ്ണായകമാകും

എണ്ണവിപണിയില്‍ അനിശ്ചിതത്വത്തിന്റെ മറ്റൊരു യുഗത്തിന്റെ മുന്നോടിയെന്നോണം ഇറാനെതിരായ ഇന്ധന ഉപരോധം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഇറാന്റെ കയറ്റുമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്കുള്ളത്. പക്ഷേ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എണ്ണവിപണിയെയാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം ബാരല്‍ എണ്ണയുടെ കുറവാണ് ഇതോടെ വിപണിയില്‍ ഉണ്ടാകുക. സൗദി അറേബ്യയുടെ ഇടപെടലിലൂടെ മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ. പക്ഷേ മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അതിന് തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

മുന്‍ പ്രസിഡന്റ് ബരാക് ഒബായുടെ കാലത്ത് ആരംഭിച്ച ഇറാന്‍ ഉപരോധം കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനരാരംഭിച്ചത്. പക്ഷേ ഇറാന്റെ എട്ട് എണ്ണ ഉപഭോഗ രാഷ്ട്രങ്ങള്‍ക്ക് പരിമിതമായ തോതില്‍ തുടര്‍ന്നും എണ്ണ സ്വീകരിക്കുന്നതിന് അമേരിക്ക ഇളവുകള്‍ നല്‍കി. പക്ഷേ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് അമേരിക്ക എണ്ണവിപണിയില്‍ അപ്രതീക്ഷിത നീക്കം നടത്തി. ഓരോ ആറു മാസങ്ങളിലും ഇളവുകള്‍ സംബന്ധിച്ച നിബന്ധന കൂടുതല്‍ കര്‍ശനമാക്കി ഇറാനില്‍ നിന്നും ചൈന, ഇന്ത്യ, തുര്‍ക്കി അടക്കമുള്ള രാഷ്ട്രങ്ങളിലേക്കുള്ള ഇറക്കുമതി ട്രംപ് ഭരണകൂടം ക്രമേണ ഇല്ലാതാക്കുമെന്നാണ് നിക്ഷേപകരും അനലിസ്റ്റുകളും പ്രതീക്ഷിച്ചിരുന്നത്. ഇറാന്റെ എണ്ണക്കയറ്റുമതി പൊടുന്നനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ അപ്രതീക്ഷിത നീക്കം എണ്ണവിപണിയിലെ ഏതാണ്ട് 10 ലക്ഷം ബാരലിന്റെ എണ്ണ വിതരണം അനിശ്ചിതത്വത്തിലാക്കി. ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 1 ശതമാനത്തോളം വരുമിത്. എണ്ണ വിതരണത്തിലുള്ള ഈ നഷ്ടം നികത്താനും എണ്ണ വില വര്‍ധനവ് ഒഴിവാക്കുന്നതിനുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദിയുടെ സഹായമാണ് അമേരിക്ക തേടിയിരിക്കുന്നത്. എന്നാല്‍ വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം സൗദി ഇതുവരെ ഏറ്റെടുത്തിട്ടില്ല. മാത്രമല്ല കയറ്റുമതി പരിമിതപ്പെടുത്തുന്നതിനായി ഒപെകുമായും മറ്റ് എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുമായും ഉള്ള ആറ് മാസക്കരാര്‍ തുടരാനാണ് സൗദിയുടെ തീരുമാനം.

ഇളവുകള്‍ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നടപടി പൊതുവെ ധിക്കാരപരമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണിയില്‍ എണ്ണയ്ക്കുള്ള വലിയ തോതിലുള്ള ആവശ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒപെക് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ അമേരിക്ക നടത്തിയ ഈ അപ്രതീക്ഷിത നീക്കത്തോടെ വിലയെ പിടിച്ചു നിര്‍ത്തുന്നതിനുള്ള ബാധ്യത സൗദിയില്‍ നിക്ഷേപിക്കുക എന്ന തന്ത്രമാണ് അമേരിക്ക പയറ്റിയിരിക്കുന്നതെന്ന് ആര്‍ബിസി കാപ്പിറ്റല്‍ മാര്‍ക്കറ്റിലെ ഉല്‍പ്പന്ന നയ വിഭാഗം ആഗോള മേധാവി ഹെലിമ ക്രോഫ്റ്റ് പറയുന്നു.

ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതിന് ശേഷം എണ്ണവില ആറ് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബ്രെന്റിന് ബാരലിന് 75.60 ഡോളറായും യുഎസ് ക്രൂഡിന് 66.60 ഡോളറായും വില വര്‍ധിച്ചു. പക്ഷേ വിതരണത്തിലെ ന്യൂനത ഒഴിവാക്കുന്നതിനായി സൗദി അറേബ്യയും യുഎഇയും ഇടപെടുമെന്ന പ്രഖ്യാപനത്തിന് ശേഷം ഇപ്പോള്‍ യഥാക്രമം 71 ഡോളര്‍, 62 ഡോളര്‍ എന്നീ നിരക്കിലാണ് എണ്ണവ്യാപാരം നടക്കുന്നത്.

എണ്ണവിപണിയിലെ സമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഭീഷണി

ഉപരോധം കടുപ്പിച്ചത് എണ്ണവിപണിയില്‍ വിതരണ സ്തംഭനം ഉണ്ടാക്കുക മാത്രമല്ല, ആവശ്യത്തിനുള്ള എണ്ണയുടെ അപര്യാപ്തത മൂലം വിലക്കയറ്റമെന്ന ഭീഷണിയും എണ്ണ വിപണി നേരിടുന്നുണ്ട്. ഒപെക് ഇടപെടലില്‍ വിപണിയില്‍ അമിത വിതരണം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വിതരണവും ആവശ്യവും സന്തുലനത്തിലെത്തുന്ന ഘട്ടവും സംജാതമായി. വിപണിയില്‍ ചിലപ്പോഴൊക്കെ ആവശ്യത്തിന് പോലും വിതരണം ഉണ്ടാകുന്നില്ലെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അതോടൊപ്പം വിതരണത്തിലെ തടസങ്ങളും എണ്ണ ക്ഷാമത്തിന് കാരണമാകുന്ന മറ്റ് ഭീഷണികളും വര്‍ധിച്ചു വരികയാണ്.

വെനസ്വെലയിലെ എണ്ണ ഭീമനായ പിഡിവിഎസ്എയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വെനസ്വെലയുടെ എണ്ണക്കയറ്റുമതിയെ അപകടത്തിലാക്കി. ലിബിയയില്‍ എതിരാളികളായ നേതാക്കള്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉയര്‍ന്നത് ഒപെക് രാഷ്ട്രങ്ങളുടെ എണ്ണവിതരണത്തെ ഭീഷണിയിലാക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ നൈജീരിയയും എണ്ണവിതരണത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

യൂറോപ്പില്‍ റഷ്യയില്‍ നിന്നും പൈപ്പ്‌ലൈന്‍ വഴി ശുദ്ധീകരിക്കാത്ത എണ്ണ അയച്ചത് നിരവധി രാജ്യങ്ങളിലെ റിഫൈനറികളിലേക്കുള്ള എണ്ണവിതരണം തടസപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഒപെകും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും എണ്ണവിതരണത്തില്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ കുറവ് വരുത്തുകയെന്ന തീരുമാനം നടപ്പിലാക്കുകയും ചെയ്യുന്നു.

സൗദി ഘടകം

എണ്ണക്കയറ്റുമതി കുറയ്ക്കാനുള്ള തീരുമാനം പുനരാലോചിക്കാന്‍ അമേരിക്ക സൗദിക്കും മറ്റ് ഒപെക് രാഷ്ട്രങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലത്തുന്നുണ്ട്. പക്ഷേ ഒപെക് പ്ലസ് കൂട്ടായ്മ ഇതിന് തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. നവംബറില്‍ അമേരിക്ക രണ്ടാമതും ഉപരോധം കൊണ്ടുവരുന്നതിന് മുമ്പ് ഒപെക് പ്ലസ് എണ്ണക്കയറ്റുമതി വര്‍ധിപ്പിച്ചിരുന്നു. പക്ഷേ ഉപരോധത്തില്‍ അമേരിക്ക ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ നീക്കം പാളി. ഒപെകില്‍ നിന്നുള്ള എണ്ണയുടെ പ്രളയവും ഉപരോധം പ്രഖ്യാപിച്ച തോതില്‍ കര്‍ശനമാകാതിരുന്നതും മൂലം എണ്ണവില കൂപ്പുകുത്തി. ഇതോടെ എണ്ണക്കയറ്റുമതിയില്‍ കാര്യമായ കുറവ് വരുത്താന്‍ ഒപെക് പ്ലസ് തീരുമാനമെടുത്തു.

തങ്ങളുടെ ബജറ്റ് ബാലന്‍സ് ചെയ്യുന്നതിന് സൗദി അറേബ്യയ്ക്ക് എണ്ണവില ബാരലിന് 80 ഡോളറിനോട് അടുത്ത് നിലനിര്‍ത്തേണ്ടതുണ്ട്. ഇളവുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നതിന് ശേഷം ഉടനടി വിതരണം വര്‍ധിപ്പിക്കുകയില്ലെന്ന് സൗദിയുടെ ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വീക്ഷിച്ച ശേഷം വിപണിയില്‍ ക്ഷാമം ഉണ്ടാകുകയാണെങ്കില്‍ ഇടപെടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ക്ഷാമം മുന്‍കൂട്ടി കണ്ട് വിതരണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇത്തവണ സൗദി കൂടുതല്‍ ജാഗ്രത പാലിക്കുമെന്നാണ് ഖാലിദ് അല്‍ ഫാലിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

വിതരണത്തില്‍ കുറവ് വരുത്താനുള്ള ഡിസംബറിലെ തീരുമാനം വിജയകരമായ നീക്കമായാണ് സൗദി കരുതുന്നത്. ഈ നേട്ടത്തിനിടയ്ക്ക് മുന്‍വര്‍ഷത്തെ പോലെ തങ്ങള്‍ക്ക് പ്രതികൂലമായി മാറിയേക്കാവുന്ന നയത്തിന് പിന്നാലെ സൗദി പോയേക്കില്ല. അതേസമയം ഒപെക് കരാര്‍ പ്രകാരം സൗദിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നതിനേക്കാളും 500,000 ബിപിഡി കുറവിലാണ് സൗദി ഇപ്പോള്‍ എണ്ണ കയറ്റുമതി ചെയ്യുന്നത്. അതിനാല്‍ ഒപെക് പ്ലസ് കരാര്‍ അനുസരിച്ച് കൊണ്ട് തന്നെ നിലവിലെ അളവില്‍ നിന്നും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിക്ക് സാധിക്കും. ജൂണ്‍ 25-26 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തില്‍ ഈ വിഷയങ്ങളില്‍ വ്യക്തത കൈവരും.

ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാന്‍

ഇറാന്റെ എണ്ണക്കയറ്റുമതി ഇല്ലാതാക്കുക എന്നതാണ് അമേരിയുടെ ലക്ഷ്യമെങ്കിലും ഇക്കാര്യത്തില്‍ ഇറാന്‍ തുറന്ന വെല്ലുവിളി നടത്തിയിട്ടുണ്ട്. തങ്ങള്‍ എണ്ണക്കയറ്റുമതി തുടരുമെന്നും അത് അമേരിക്ക കണ്ട് ബോധ്യപ്പെടുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി വ്യക്തമാക്കിയിരുന്നു. അയല്‍രാജ്യമായ ഇറാഖിലൂടെ ഇറാന്‍ എണ്ണ ഒളിച്ചുകടത്താനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഡോളറുകളിലൂടെ അല്ലാതെയുള്ള ഇടപാടുകളിലൂടെയും ഇറാന്‍ എണ്ണവ്യാപാരം നടത്തിയേക്കും. ഇത്തരത്തില്‍ നേരത്തെ ഇറാന്‍ കയറ്റുമതി ചെയ്തിരുന്ന 1.3 മില്യണ്‍ ബിപിഡി എണ്ണയില്‍ 800,000-900,000 ബിപിഡി എണ്ണ വിപണിയില്‍ എത്തുമെന്ന് നാസ്ഡക് കോര്‍പ്പറേറ്റ് സൊലൂഷന്‍സിലെ എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗം ഡയറക്റ്റര്‍ തമര്‍ എസ്സ്‌നെര്‍ അഭിപ്രായപ്പെട്ടു.

ഉപരോധം നടപ്പാക്കുന്നതില്‍ ചൈന അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയായി തുടരും. ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയ്ക്ക് അമേരിക്കയുടെ ഉപരോധത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. ഇളവുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചൈന ഇറാനില്‍ നിന്നുള്ള എണ്ണയില്‍ പ്രതിദിനം ആയിരക്കണക്കിന് ബാരല്‍ വേണ്ടെന്നു വെക്കുമെങ്കിലും പൂര്‍ണമായും ഇറക്കുമതി നിര്‍ത്താനിടയില്ല. ഇക്കാര്യത്തില്‍ തുര്‍ക്കിക്കും ചൈനയുടെ നിലപാട് തന്നെയാണ്. നിലവിലെ അവസ്ഥയില്‍ നിന്നും ഇറക്കുമതി പകുതിയായി കുറക്കുമെങ്കിലും അവരും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തീര്‍ത്തും ഒഴിവാക്കില്ല.

Comments

comments

Categories: Arabia
Tags: Oil crisis