ഇന്ത്യയില്‍ വിറ്റത് 7.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

ഇന്ത്യയില്‍ വിറ്റത് 7.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതാദ്യമായി ഏഴര ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതാദ്യമായി ഏഴര ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ 7,59,600 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 1,26,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 6,30,000 ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും 3,600 ഇലക്ട്രിക് നാലുചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു. 2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ആകെ 56,000 ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് വിറ്റിരുന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇത്തവണ 130 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച പ്രകടമായി.

ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ കാര്യമെടുത്താല്‍, മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്‌സ് എന്നീ രണ്ട് വാഹന നിര്‍മ്മാതാക്കള്‍ മാത്രമാണ് ഇലക്ട്രിക് വാഹന രംഗത്ത് ഭീമമായ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ ഫെയിം 2 (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയനുസരിച്ച്, ഇലക്ട്രിക് കാര്‍ വാങ്ങുന്ന സ്വകാര്യ ഉപയോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കാത്തത് തിരിച്ചടിയാകുമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ ആശങ്ക.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) ഡയറക്റ്റര്‍ ജനറലും ഹീറോ ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സോഹീന്ദര്‍ സിംഗ് ഗില്‍ പറഞ്ഞു. എന്നാല്‍ ഫെയിം 2 പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കുറേക്കൂടി സൗഹാര്‍ദ്ദപരമായി പെരുമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: Auto