വിലങ്ങുകളില്‍ പിടയുന്ന പത്രപ്രവര്‍ത്തനം

വിലങ്ങുകളില്‍ പിടയുന്ന പത്രപ്രവര്‍ത്തനം

എന്നത്തെക്കാളും തീവ്രമായ വെല്ലുവിളികളും വിലക്കുകളും അവകാശ ലംഘനങ്ങളും ലോകമെങ്ങുമുള്ള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നേരിടുന്ന കാലഘട്ടമാണിത്. ലോക ജനസംഖ്യയില്‍ 42 ശതമാനം ആളുകള്‍ക്കു മാത്രമാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ രുചി അറിയാന്‍ സാധിക്കുന്നുള്ളൂ. ഏകാധിപത്യമോ പരമാധിപത്യമോ പുലര്‍ത്തുന്ന വടക്കന്‍ കൊറിയ, ചൈന, സിറിയ, വിയറ്റ്‌നാം, ക്യൂബ, ലാവോസ് എന്നിവ പത്രസ്വാതന്ത്ര്യത്തിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 140 ആണെന്നതും ചിന്തോദ്ദീപകമാണ്. സ്വതന്ത്ര വിവര വിനിമയ പ്രവാഹത്തെ തടസപ്പെടുത്തുന്നതെന്തും പൗരാവകാശത്തിന് നേരെ തന്നെയുള്ള വെല്ലുവിളിയാണ്

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ 1948 ല്‍ പാസാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 19 ാം ആര്‍ട്ടിക്കിളിന്റെ ചുവടുപിടിച്ചുകൊണ്ടാണ് 1998 മുതല്‍ യു എന്‍ പൊതുസഭയുടെയും യുനെസ്‌കോയുടെയും മറ്റും നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള ദിനം മെയ് രണ്ടാം തീയതി ആചരിച്ചുവരുന്നത്. പത്രപ്രവര്‍ത്തനമെന്നാല്‍ വിവരവിനിമയ പ്രവാഹത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തരും എന്നതാണ് ഇന്നുള്ള വിവക്ഷ. പത്രപ്രവര്‍ത്തകരെന്നാല്‍ കേവലം അച്ചടിമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, ഇലക്ട്രോണിക് മാധ്യമങ്ങളായ ടെലിവിഷന്‍, റേഡിയോ (എഫ്എം ഉള്‍പ്പെടെ), കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ബ്ലോഗ്, സാമൂഹ്യ മാധ്യമങ്ങള്‍ എന്തിനേറെ സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന നിലയില്‍ ഓരോ പൗരനും വാര്‍ത്താദാതാവാകാന്‍ കഴിയുന്നതാണ് ഇന്നത്തെ യുഗം. അതായത്, മാധ്യമപ്രവര്‍ത്തകരുടെ വിവക്ഷ മുന്‍പത്തേക്കാളും വളരെ വിശാലമായിരിക്കുന്നു.

സ്വതന്ത്ര വിവര വിനിമയ പ്രവാഹത്തെ തടസപ്പെടുത്തുന്നതെന്തും പൗരാവകാശത്തിന് നേരെ തന്നെയുള്ള വെല്ലുവിളിയാണ്. ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സ് (ആര്‍ഡബ്ല്യൂബി) ഒരു കാവല്‍നായയെ പോലെ മാധ്യമ ധ്വംസനങ്ങള്‍ക്കെതിരെ കാതോര്‍ത്തിരിക്കുകയാണ്. 2002 മുതല്‍ 200 ഓളം ലോകരാഷ്ട്രങ്ങളിലെ മാധ്യമസ്വാതന്ത്രത്തിന്റെ അവസ്ഥ പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ടായ ‘പ്രസ് ഫ്രീഡം ഇന്‍ഡെക്‌സ്’ അവര്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്.

ജനാധിപത്യത്തിന്റെ നാലാമത്തെ നെടുന്തൂണാണ് (ഫോര്‍ത്ത് എസ്‌റ്റേറ്റ്) മാധ്യമങ്ങള്‍. ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളുടെ (ഫേസ്ബുക്, ട്വിറ്റര്‍, വാട്‌സാപ്പ്) അതിപ്രസരണകാലത്ത് ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി (ഫിഫ്ത്ത് എസ്റ്റേറ്റ്) സോഷ്യല്‍ മീഡിയയെയും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് ബ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഭീഷണി ജനാധിപത്യ പ്രക്രിയയെ തന്നെ തടസപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയില്‍ അടുത്തിടെ ജനകീയ എന്‍സൈക്ലോപീഡിയ ആയ വിക്കിപീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഭരണകൂട ഭീകരതയായാണ് വിവരാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും മൊബീല്‍ നിയന്ത്രണം കൊണ്ടുവന്നതിലുമുള്ള പ്രതിഷേധം, സംസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ ഇക്കൊല്ലം അന്തര്‍ദേശീയ പത്രസ്വാതന്ത്ര്യദിനാചരണം ബഹിഷ്‌കരിച്ചാണ് പ്രകടിപ്പിക്കുന്നത്.

സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) ലോകക്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, താന്‍ ഭരണമേറ്റതിന്റെ 100 ാം ദിനത്തില്‍ നടത്താനിരുന്ന പത്ര പ്രവര്‍ത്തകര്‍ക്കായുള്ള അത്താഴം ബഹിഷ്‌കരിച്ചു. പത്ര പ്രവര്‍ത്തകര്‍ പൊതുവില്‍ നികൃഷ്ടരും അസത്യം പ്രചരിപ്പിക്കുന്നവരുമാണെന്നാണ് ട്രംപിന്റെ പൊതുവിലുള്ള നിലപാട്. 1981 ന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പത്രപ്രവര്‍ത്തകര്‍ക്കായുള്ള അത്താഴ വിരുന്ന് ബഹിഷ്‌കരിക്കുന്നത്. 1981 ല്‍ റൊണാള്‍ഡ് റീഗണ്‍ വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട് വിശ്രമത്തിലായിരുന്നതിനാല്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നില്ലെന്നതൊഴിച്ചാല്‍ 36 വര്‍ഷത്തിനിടെ ഈ ചടങ്ങ് ബഹിഷ്‌കരിക്കുന്ന രാഷ്ട്രത്തലവന്‍ എന്ന ‘ബഹുമതി’യും ട്രംപ് സ്വന്തമാക്കി.

ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ പത്രസ്വാതന്ത്ര്യം മാനിക്കുന്നവരല്ല. 2006 മുതല്‍ 2016 വരെ ഏതാണ്ട് 929 മാധ്യമപ്രവര്‍ത്തകരാണ് കൊലക്കത്തിക്കിരയായത്. നമ്മുടെ തൊട്ടയല്‍പവക്കത്തുള്ള രാജ്യങ്ങളായ ബംഗ്ലാദേശിലും മാലിദ്വീപിലും ബ്ലോഗര്‍മാര്‍ വധിക്കപ്പെടുന്നുണ്ട്. അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും മതതീവ്രവാദികള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് തികച്ചും എതിരാണ്. അതുകൊണ്ടുതന്നെയാണ് ആര്‍ഡബ്ല്യൂബിയുടെ ഈ വര്‍ഷത്തെ പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 200 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറെ പിന്നില്‍ പോയതും. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ നോര്‍വേ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് മാധ്യമ സ്വാതന്ത്ര്യം പാലിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 13 ാം സ്ഥാനത്ത് ജര്‍മ്മനിയും 33 ാമത് ബ്രിട്ടനും വന്നപ്പോള്‍ അമേരിക്കയുടെ റാങ്കിംഗ് 48 ആണ്. അതായത് ശരാശരി പ്രകടനം മാത്രം. 200 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനമാവട്ടെ 140 ആണ്. 142 ാം സ്ഥാനത്തുള്ള പാക്കിസ്ഥാനും 150 ാം സ്ഥാനത്തുള്ള ബംഗ്ലാദേശും നമുക്ക് പിന്നിലാണെന്നത് മാത്രമാണ് ആശ്വാസം. മറ്റൊരു അയല്‍രാജ്യമായ അഫ്ഘാനിസ്ഥാനിലെ അരാജകത്വം കാരണം അവിടെ നിന്നുള്ള മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ അളക്കാന്‍ പോലും സാധിക്കുന്നില്ല എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഏകാധിപത്യമോ പരമാധിപത്യമോ പുലര്‍ത്തുന്ന വടക്കന്‍ കൊറിയ, ചൈന, സിറിയ, വിയറ്റ്‌നാം, ക്യൂബ, ലാവോസ് എന്നിവയാകട്ടെ പത്ര സ്വാതന്ത്ര്യത്തിന് ഒട്ടും തന്നെ വിലമതിക്കാത്ത രാജ്യങ്ങളാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യമുള്ള ചൈനയില്‍ ഒരു വാര്‍ത്താ ഏജന്‍സിയേ ഉള്ളൂ; സിന്‍ഹുവ. ഒരു പത്രമേ ഉള്ളൂ; നാഷണല്‍ പീപ്പിള്‍സ് ഡെയ്‌ലി, ഒരു ടെലിവിഷന്‍ ചാനലേ ഉള്ളൂ; സിസിസിടിവി!

ലോകജനസംഖ്യയില്‍ 42% പേര്‍ക്ക് മാത്രമേ ഭാഗികമായെങ്കിലും സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന്റെ രുചിയറിയാന്‍ സാധിക്കുന്നുള്ളൂ. 13% വരുന്ന വരേണ്യ വര്‍ഗ്ഗം എല്ലാ പത്ര സ്വാതന്ത്ര്യവും അനുഭവിക്കുന്നു. എന്നാല്‍ 45% ലോകജനതയ്ക്ക് പത്രസ്വാതന്ത്ര്യം എന്തെന്നുപോലുമറിയില്ല.

സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 19 ാം അനുഛേദത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ച് പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 19 ല്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് പ്രഖ്യാപിക്കുന്നത്. അല്ലാതെ പ്രസ് ഫ്രീഡം എന്ന വാക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടനയായ നമ്മുടേതില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ പത്രമാരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ കാലാകാലങ്ങളില്‍ ശ്രമിക്കാറുമുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥയുടെ ചുവടുപിടിച്ചുകൊണ്ട് ഇന്ദിരാഗാന്ധി മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് ഇതിന് മികച്ച ഉദാഹരണമാണ്. മാധ്യമങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അമിത സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഹണി ട്രാപ്, പെയ്ഡ് ന്യൂസ്, എംപെഡഡ് ജേര്‍ണലിസം, സിന്‍ഡിക്കേറ്റ് ജേര്‍ണലിസം എന്നീ ദുഷ്പ്രവണതകള്‍ മാധ്യമ നൈതികതയ്ക്ക് ഒട്ടും തന്നെ ചേര്‍ന്നതല്ല. യുഎന്‍ പൊതുസഭ, യുനെസ്‌കോ, ആര്‍ഡബ്ല്യൂബി എന്നിവര്‍ ഓരോ വര്‍ഷവും ഓരോ പ്രമേയം കേന്ദ്രമാക്കി, ഒരു രാജ്യ തലസ്ഥാനത്ത് പത്ര സ്വാതന്ത്ര്യദിനം ആചരിച്ചുവരികയാണ്. ഈ വര്‍ഷം എത്യോപ്യയിലെ എഡ്ഡിസ് അബാബയാണ് ഈ ദിനാചരണത്തിന്റെ ഔദ്യോഗിക വേദി. ‘തെരഞ്ഞെടുപ്പിലും ജനാധിപത്യത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക്’ എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനം മുന്നോട്ടുവെക്കുന്ന വിഷയം.

ദേശീയതലത്തില്‍ നവംബര്‍ 16 പത്ര ദിനമായി ആചരിച്ചുവരുന്നുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇതിന്റെ സംഘാടനം. റഷ്യയും അതിന്റെ നേതാവ് പുട്ടിനും നിരന്തര പ്രചാരണതിലൂടെ (പ്രൊപ്പഗാന്‍ഡ) പുതിയൊരു പത്രപ്രവര്‍ത്തന ശൈലി മുന്നോട്ട് വെക്കുന്നുണ്ട്. ട്രംപും കൂട്ടരും അതിദേശീയത ഉയര്‍ത്തിപ്പിടിച്ച പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര ലോകം കെട്ടിപ്പൊക്കുന്നു. ലോകത്തെ 21 രാഷ്ട്രങ്ങളിലാവട്ടെ മാധ്യമ സ്വാതന്ത്ര്യം അതീവ ദുഷ്‌കരമായി തുടരുന്നു. 51 രാജ്യങ്ങളില്‍ പൊതുവില്‍ നല്ല അവസ്ഥയിലൂടെയല്ല കാര്യങ്ങള്‍ പോകുന്നത്. എഡ്മണ്ട് ബര്‍ക്ക് വിൡപ്പേര് നല്‍കിയ നാലാം തൂണും അഞ്ചാം തൂണും ജനാധിപത്യത്തിന് അത്യന്താപേക്ഷിതം തന്നെയാണെന്നതില്‍ സംശയമില്ല.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Categories: FK Special, Slider