ജിഎസ്ടി വരുമാനം പുതിയ ഉയരത്തില്‍

ജിഎസ്ടി വരുമാനം പുതിയ ഉയരത്തില്‍
  • 1,13,865 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ മാസം ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയത്
  • 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയത് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം റെക്കോഡ് ഉയരത്തില്‍ എത്തിയതായി ധനമന്ത്രാലയത്തിന്റെ ഏപ്രില്‍ മാസത്തെ റിപ്പോര്‍ട്ട്. 1,13,865 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയത്. ജിഎസ്ടി നടപ്പാക്കിയത് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

2017 ജൂലൈയിലാണ് ഏകീകൃത ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നത്. ഓഗസ്റ്റ് മുതല്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്. എങ്കിലും മാര്‍ച്ചിലാണ് വരുമാനം റെക്കോഡ് ഉയരത്തിലെത്തിയത്. 1,06,577 കോടി രൂപയായിരുന്നു മാര്‍ച്ച് മാസം ജിഎസ്ടിയില്‍ നിന്നും പിരിഞ്ഞ് കിട്ടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 6.84 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ മാസത്തെ നികുതി വരുമാനത്തിലുണ്ടായത്.

97,247 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് ഫെബ്രുവരി മാസം സര്‍ക്കാരിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,03,459 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 10.05 ശതമാനം വര്‍ധനയുണ്ടായി. ജിഎസ്ടി സംവിധാനത്തിന്റെ നടത്തിപ്പിലുണ്ടായ പുരോഗതിയും റിട്ടേണുകളുടെ എണ്ണം വര്‍ധിച്ചതുമാണ് കഴിഞ്ഞ മാസം വരുമാനത്തില്‍ പുതിയ റെക്കോഡ് കുറിക്കാന്‍ സഹായിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 30 വരെയുള്ള കണക്കെടുത്താല്‍ 72.13 ലക്ഷം പേരാണ് മാര്‍ച്ച് മാസത്തെ ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഏപ്രിലില്‍ പിരിഞ്ഞുകിട്ടിയ 1,13,865 കോടി രൂപയുടെ മൊത്തം ജിഎസ്ടി വരുമാനത്തില്‍ 21,163 കോടി രൂപയുടെ വരുമാനം കേന്ദ്ര ജിഎസ്ടിയില്‍ (സിജിഎസ്ടി) നിന്നുള്ളതാണ്. 28,801 കോടി രൂപ സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) വഴിയും 54,733 കോടി രൂപ സംയോജിത ജിഎസ്ടി വഴിയും സര്‍ക്കാരിലേക്കെത്തിയതാണ്. ഇറക്കുമതി വിഭാഗത്തില്‍ നിന്നുള്ള 1053 കോടി രൂപ ഉള്‍പ്പെടെ 9,168 കോടി രൂപയുടെ നഷ്ടപരിഹാര സെസ് ആണ് സര്‍ക്കാര്‍ ഇക്കാലയളവില്‍ പിരിച്ചത്.

ജിഎസ്ടി നിബന്ധന പ്രകാരം സിജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 47,533 കോടി രൂപയും എസ്ജിഎസ്ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50,776 കോടി രൂപയും ലഭിക്കും. 2018-2019 സാമ്പത്തിക വര്‍ഷത്തെ പ്രതിമാസ ശരാശരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.05 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. 98,114 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതിമാസ ശരാശരി വരുമാനം.

ജിഎസ്ടി വരുമാനം

  • മാര്‍ച്ച് മാസത്തേക്കാള്‍ ജിഎസ്ടി വരുമാനം 6.84% വര്‍ധിച്ചു
  • 1,06,577 കോടി രൂപയായിരുന്നു മാര്‍ച്ച് മാസം ജിഎസ്ടിയില്‍ നിന്നും പിരിഞ്ഞ് കിട്ടിയത്
  • വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 10.5% വര്‍ധനയുണ്ടായി
  • കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,03,459 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം
  • ഈ വര്‍ഷം ഫെബ്രുവരിയില്‍ 97,247 കോടി രൂപയായിരുന്നു വരുമാനം
Categories: Business & Economy, Slider
Tags: gst revenue