സ്വകാര്യത ഭാവിയായി കാണുന്ന ഫേസ്ബുക്

സ്വകാര്യത ഭാവിയായി കാണുന്ന ഫേസ്ബുക്

പുതിയൊരു യുഗത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ഫേസ്ബുക്. എന്നാല്‍ എന്തായാരിക്കും അതിന്റെ ബിസിനസ് മോഡല്‍ എന്ന കാര്യത്തില്‍ മാര്‍ക് സക്കര്‍ബര്‍ഗിന് വ്യക്തതയുണ്ടോയെന്നത് സംശയമാണ്. സ്വകാര്യതയാണ് ഭാവിയെന്ന് പറയുമ്പോള്‍ ഫേസ്ബുക്കിന്റെ ഭാവി സുരക്ഷിതമാണോ എന്ന ചോദ്യം കൂടി ഉയരുന്നു

ഫേസ്ബുക് ജീവനക്കാര്‍ തങ്ങളുടെ കമ്പനിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്ന സമ്മേളനമാണ് എഫ്8. ടെക് ലോകത്ത് മുഴുവന്‍ പ്രസിദ്ധമാണ് ഈ എഫ്8 കോണ്‍ഫറന്‍സ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്ത് അസാമാന്യ സ്വാധീനം ചെലുത്താന്‍ സാധിച്ച കമ്പനിയെന്ന നിലയില്‍ ഫേസ്ബുക്കിന്റെ ഓരോ എഫ്8 സമ്മേളനവും സസൂക്ഷമം വീക്ഷിക്കപ്പെടാറുണ്ട്. വിവരം ചോര്‍ത്തല്‍ വിവാദങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ ഇത്തവണത്തേ സമ്മേളനത്തിന് പ്രസക്തിയേറെയുണ്ടായിരുന്നു. അവിടെ സ്ഥാപകന്‍ ഫേസ്ബുക്കിന്റെ ഭാവിയെക്കുറിച്ച് പറഞ്ഞൊരു വാക്ക് കമ്പനിയുടെ പുതിയ ഗതി നിര്‍ണയിക്കുമെന്ന് തന്നെ വേണം കരുതാന്‍.

വിവരം ചോര്‍ത്തലിലും സ്വകാര്യതാ ലംഘനത്തിലും പെട്ട് ഉഴലുന്നതിനാലാകണം ഫേസ്ബുക്കിന്റെ ഭാവി ‘സ്വകാര്യത’യാണെന്ന്് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്. 2015ലെ എഫ്8 സമ്മേളനത്തില്‍ ഭാവി വിഡിയോ ആണെന്നായിരുന്നു ഫേസ്ബുക് പറഞ്ഞത്, അടുത്ത വര്‍ഷം അത് ബോട്ടുകളിലേക്ക് മാറി. പിന്നീട് ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കും. ഇപ്പോള്‍ ഈ സങ്കേതങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി സ്വകാര്യത എന്ന ആശയമാണ് തന്റെ സംരംഭത്തിന്റെ ഭാവിയെന്ന്് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നു.

ഫേസ്ബുക്കിന്റെ അടിസ്ഥാനസ്വഭാവം തന്നെ മാറുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ഒരു പബ്ലിക് പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും സ്വകാര്യ മെസേജിംഗ് സേവനങ്ങളിലേക്ക് ഫേസ്ബുക്കിന്റെ ശ്രദ്ധ മാറും. കുറച്ചുകൂടി ബൃഹത്തായി പറഞ്ഞാല്‍ ചൈനയിലെ വീചാറ്റില്‍ നിന്നും പ്രചേദനം ഉള്‍ക്കൊണ്ട് ഒരു സമഗ്ര മെസേജിംഗ് ആപ്പാണ് ഫേസ്ബുക്ക് പടിഞ്ഞാറന്‍ ലോകത്തിന് വേണ്ടി പദ്ധതിയിടുന്നതെന്ന് വേണമെങ്കില്‍ കരുതാം. വീചാറ്റിന്റെ ഒരു ആഗോള പതിപ്പെന്നും പറയാം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബില്‍ അടയ്ക്കുന്നത് മുതല്‍ ഇ-കൊമേഴ്‌സും കാര്‍ ബുക്കിംഗും വിമാന ബുക്കിംഗും സ്വകാര്യ സംഭാഷണവുമെല്ലാം സാധ്യമാക്കുന്ന ഒരു വമ്പന്‍ ആപ്പ്.

നിലവിലെ ഫേസ്ബുക്കിന്റെ പ്രധാന ബിസിനസിന്റെ വളര്‍ച്ചയ്ക്ക് പാകത വന്നുകഴിഞ്ഞു. കഴിഞ്ഞ പാദത്തില്‍ വരുമാനത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായെന്നത് സത്യമാണ്. എന്നാല്‍ സമ്പന്ന രാജ്യങ്ങളിലെല്ലാം ഫേസ്ബുക്കിന്റെ ഉപയോക്തൃവളര്‍ച്ച കുറയുകയാണ്, പ്രത്യേകിച്ച് യൂറോപ്പില്‍. യുവതലമുറയ്ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം തങ്ങള്‍ അയക്കുന്ന സ്വകാര്യ മെസേജുകളും ഫോട്ടോകളുമെല്ലാം 24 മണിക്കൂറിനുള്ളില്‍ സ്വയം അപ്രത്യക്ഷമായിപ്പോകുന്ന സ്‌നാപ്ചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെ ഭാവി എന്താകുമെന്ന ചിന്തയിലാണ് സക്കര്‍ബര്‍ഗ് സ്വകാര്യതയിലധിഷ്ഠിതമായി പുതിയ കണക്കുകൂട്ടലുകള്‍ നടത്തുന്നത്.

വാട്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും മെസഞ്ചറിനെയും ഫേസ്ബുക്കിനെയും എല്ലാം സമ്മേളിപ്പിച്ചുള്ള ഒരു പ്ലാറ്റ്‌ഫോമായിരിക്കാം അദ്ദേഹം ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവിലെ ഫേസ്ബുക്കിന്റെ പ്രധാന വരുമാനസ്രോതസായ പരസ്യങ്ങള്‍ അത്തരമൊരു ആപ്പില്‍ എത്രമാത്രം മികച്ച വരുമാനസ്രോതസാകുമെന്നത് സംശയകരമാണ്. സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുകയോ അതല്ലെങ്കില്‍ അത്തരമൊരു ആപ്പിലൂടെ നടത്തുന്ന ഇടപാടുകള്‍ക്ക് കമ്മീഷന്‍ ഈടാക്കുകയോ ചെയ്യേണ്ടിയും വന്നേക്കാം. എന്നാല്‍ ചൈനയില്‍ വീചാറ്റ് വിജയമായതിന് കാരണം അവിടെ അത്തരത്തിലുള്ള വേറെ ആപ്പില്ല എന്നതാണ്. മാതൃകമ്പനിയായ ടെന്‍സന്റിന്റെ പ്രധാന ലാഭ സ്രോതസ് വീചാറ്റല്ല താനും, മറിച്ച് ഗെയിമുകളാണ്.

ഫേസ്ബുക്കിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ സമാനമായ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. മാത്രമല്ല, ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ട വിപണികളിലൊന്നായ ഇന്ത്യയിലും അത്ര എളുപ്പമാകില്ല കാര്യങ്ങള്‍. വീ ചാറ്റിന് സമാനമായി, 100 ഓളം സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പ് വികസിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. അംബാനിയുടെ ജിയോ രാജ്യത്തുണ്ടാക്കിയ ഉടച്ചുവാര്‍ക്കലിന്റെ ആഘാതം ഇപ്പോഴും മേഖലയിലെ മറ്റ് കമ്പനികള്‍ അനുഭവിക്കുന്നുണ്ടെന്നതും ഓര്‍ക്കേണ്ടതാണ്. അതുകൊണ്ടെല്ലാം തന്നെ, ഭാവി സ്വകാര്യതയാണെന്ന് സക്കര്‍ബര്‍ഗ് പറയുമ്പോഴും എത്രമാത്രം മികച്ച ബിസിനസ് മോഡലായി അത് മാറുമെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

Categories: Editorial, Slider