അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്

ഫേസ്ബുക്കിനെ വലിയൊരു ഉടച്ചുവാര്‍ക്കലിനു വിധേയമാക്കിയിരിക്കുകയാണു സുക്കര്‍ബെര്‍ഗ്. ഫേസ്ബുക്കിന്റെ വെബ്‌സൈറ്റിലും, മെസഞ്ചര്‍ ആപ്പിലും, ഇന്‍സ്റ്റാഗ്രാമിലും, വാട്‌സ് ആപ്പിലുമൊക്കെ മാറ്റം വരുത്തുകയാണ്. ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ കാലിഫോര്‍ണിയയില്‍ വച്ചു നടന്ന കമ്പനിയുടെ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണു നടപ്പിലാക്കിയ പുതിയ തീരുമാനങ്ങളെ കുറിച്ചു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് വിശദീകരിച്ചത്. സ്വകാര്യത, യൂസറുടെ ഡാറ്റ ദുരുപയോഗം എന്നിവ സംബന്ധിച്ചു ഫേസ്ബുക്കിനെതിരേ ഉയര്‍ന്ന ആരോപണം കമ്പനിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ച സംഭവങ്ങളായിരുന്നു. കളങ്കപ്പെട്ട കമ്പനിയുടെ പേര് വീണ്ടെടുത്ത് പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയെന്നതാണു മുഖംമിനുക്കലിലൂടെ സുക്കര്‍ബെര്‍ഗ് ഉദ്ദേശിക്കുന്നത്.

ചര്‍ച്ചയ്ക്കും മറ്റുമായി എല്ലാവരും ചേരുന്ന പൊതു ഇടം (public town square) അഥവാ കവലകള്‍ നമ്മളില്‍ പലര്‍ക്കും പരിചയമുള്ളതാണ്. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ ഐഡന്റിറ്റിയും ഏകദേശം ഇതുപോലെയാണ്. വിവിധ അഭിപ്രായങ്ങളും ആശയങ്ങളുമടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനും, ചര്‍ച്ചകള്‍ക്കും മറ്റുമുള്ള ഒരു പൊതു ഇടം അഥവാ പബ്ലിക് പ്ലാറ്റ്‌ഫോമാണ് ഇന്നു ഫേസ്ബുക്ക്. എന്നാല്‍ ഈ ഐഡന്റിറ്റിയില്‍നിന്നും മാറി പ്രൈവറ്റ് മെസേജിംഗിനും മറ്റും ഫോക്കസ് നല്‍കുന്ന തലത്തിലേക്ക് അല്ലെങ്കില്‍ സ്വകാര്യതയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ആശയവിനിമയത്തിനുള്ള പ്ലാറ്റ്‌ഫോമാക്കി ഫേസ്ബുക്കിന്റെ കോര്‍ ബിസിനസിനെ മാറ്റുകയാണു സുക്കര്‍ബെര്‍ഗ്. ഇതുസംബന്ധിച്ച തീരുമാനം മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നതാണ്. സ്വകാര്യതയുടെ പേരില്‍ ഫേസ്ബുക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരം മാറ്റങ്ങളെ അവതരിപ്പിക്കാന്‍ സുക്കര്‍ബെര്‍ഗ് തീരുമാനിച്ചതും. ഇപ്പോള്‍ ഇതാ സുക്കര്‍ബെര്‍ഗ് മാര്‍ച്ച് മാസം പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുകയാണ്. ഏപ്രില്‍ 30-ാം തീയതി കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ നടന്ന എഫ്8 വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ഫേസ്ബുക്ക് മൊബൈല്‍ ആപ്പിന്റെയും, ഡെസ്‌ക് ടോപ്പിന്റെയും പരിഷ്‌ക്കരിച്ച അഥവാ റീ ഡിസൈന്‍ ചെയ്ത ആപ്പ് അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം 14 രാജ്യങ്ങളില്‍ കൂടി ഫേസ്ബുക്കിന്റെ ഡേറ്റിംഗ് ഫീച്ചര്‍ (dating feature) ലഭ്യമാക്കുമെന്നും അറിയിച്ചു. ഫേസ്ബുക്കിലെ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നല്‍കും വിധമാണ് ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരുമിച്ച് വീഡിയോ കാണാന്‍ സൗകര്യങ്ങളുള്ള വേഗതയുള്ള മെസഞ്ചര്‍, ധനസമാഹരണം, ഷോപ്പിംഗ് എന്നിവയ്ക്കു സൗകര്യമുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയ ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയും റീ ഡിസൈന്റെ ഭാഗമായി വരുത്തിയ പരിഷ്‌ക്കാരങ്ങളാണ്. ഫേസ്ബുക്കിന്റെ പരിഷ്‌ക്കരിച്ച മൊബൈല്‍ ആപ്പ് ഇപ്പോഴുള്ള നീല നിറത്തില്‍നിന്നും വെള്ള നിറത്തിലേക്കു മാറുകയും ചെയ്യും.

ഇന്ന് ന്യൂസ്ഫീഡ് എന്നത് ഫേസ്ബുക്കിന്റെ പ്രധാനപ്പെട്ടൊരു ഫീച്ചറാണ്. ന്യൂസ്ഫീഡാണു ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് പുതുതായി നടപ്പിലാക്കിയിരിക്കുന്ന പരിഷ്‌ക്കാരത്തില്‍ ന്യൂസ്ഫീഡിന് പ്രാധാന്യം നല്‍കുന്നതിനേക്കാള്‍ ഉപരിയായി ഗ്രൂപ്പ് അടിസ്ഥാനമായി നടത്തുന്ന ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. യൂസറിന് അഥവാ ഉപയോക്താവിന് അവരുടേതു പോലെ സമാനമായ സ്വഭാവ സവിശേഷതകളുള്ള അല്ലെങ്കില്‍ താത്പര്യമുള്ള ആളുകളുള്ള ഗ്രൂപ്പുകളുമായി ഇടപഴകാനുള്ള സാഹചര്യമാണു പരിഷ്‌കരിച്ച ആപ്പ് സാധ്യമാക്കുന്നത്. റീ ഡിസൈനിലൂടെ ആളുകളുടെ സാമൂഹിക വലയം കുറേക്കൂടി വിപുലപ്പെടുത്താനാകുമെന്നും ഫേസ്ബുക്ക് കരുതുന്നുണ്ട്. പുതിയ സുഹൃത്തിനെ പരിചയപ്പെടൂ (Meet New Friends) എന്നൊരു ഫീച്ചര്‍ റീ ഡിസൈന്റ് ഭാഗമായി ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതുപ്രകാരം യൂസറുടെ സ്വഭാവം, അഭിരുചി എന്നിവയുമായി സാമ്യമുള്ള വ്യക്തിയെ കണ്ടെത്താന്‍ സഹായിക്കും. ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന മാറ്റങ്ങള്‍ സ്വകാര്യത, യൂസറുടെ ഡാറ്റ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണം ഫേസ്ബുക്കിനെ എത്രമാത്രം ബാധിച്ചു എന്നതിനുള്ള തെളിവാണ്. ഇതിനു പുറമേ, ജനങ്ങളുടെ മാറുന്ന സോഷ്യല്‍ മീഡിയ അഭിരുചികള്‍ക്കനുസരിച്ച് ഓടിയെത്താനും ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്. ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണു സോഷ്യല്‍ മീഡിയ സമ്മാനിക്കുന്നതെന്ന അഭിപ്രായം വര്‍ധിച്ചുവരികയാണ്. ഇതാകട്ടെ, മെസേജിംഗ് ആപ്പ് പോലെ സ്വകാര്യത ഉറപ്പാക്കുന്ന ആശയവിനിമയ സംവിധാനത്തിലേക്കു തിരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുമുണ്ട്. ഇക്കാര്യം മനസിലാക്കി കൊണ്ടാണു ഫേസ്ബുക്ക് പരിഷ്‌ക്കാരം നടത്തുന്നത്. എന്നാല്‍ സ്വകാര്യത ഉറപ്പാക്കുന്ന ആശയവിനിമയ സംവിധാനം എങ്ങനെയായിരിക്കും ഫേസ്ബുക്കിനു വരുമാനം കൊണ്ടുവരിക എന്നതാണ് പ്രധാന ചോദ്യം. ഫേസ്ബുക്കിന്റെ വാര്‍ഷിക വരുമാനത്തിന്റെ ഏറിയ പങ്കും വരുന്നത് ടാര്‍ജെറ്റഡ് അഡ്വര്‍ടൈസിംഗില്‍നിന്നാണ്. ഈ രീതിയിലുള്ള അഡ്വര്‍ടൈസിംഗ് അടിസ്ഥാനമാക്കിയിരിക്കുന്നത്, ആളുകള്‍ തങ്ങളെ തന്നെ പരസ്യമായി പോസ്റ്റു ചെയ്യുമ്പോഴാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് സ്വകാര്യതയ്ക്കു കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ വരുമാനത്തെ ബാധിക്കുമോയെന്നാണ് ഏവരും ചോദിക്കുന്നത്. ഏതായാലും ഇപ്പോള്‍ ഡിസൈനില്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റവും, സ്വകാര്യത സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ള സമീപനവും കമ്പനിയില്‍ യഥാര്‍ഥ മാറ്റമുണ്ടാക്കുമോ എന്നത് വ്യക്തമല്ല. മാറ്റങ്ങള്‍ സംഭവിച്ചോ എന്നറിയാന്‍ കുറച്ച് സമയമെടുക്കുമെന്നത് ഉറപ്പാണ്.

സ്വകാര്യത ഉറപ്പാക്കുന്ന ആറ് ഘടകങ്ങള്‍

എഫ് 8 വാര്‍ഷിക സമ്മേളനത്തില്‍ സുക്കര്‍ബെര്‍ഗ് പ്രധാനമായും സൂചിപ്പിച്ചത് സ്വകാര്യത ഉറപ്പാക്കുന്ന ആറ് ഘടകങ്ങളെ കുറിച്ചായിരുന്നു. സ്വകാര്യത ഉറപ്പാക്കുന്ന ഇടപെടലായ പ്രൈവറ്റ് ഇന്ററാക്ഷന്‍സ്, എന്‍ക്രിപ്ഷന്‍, സേഫ്റ്റി, ഇന്ററോപേറബിലിറ്റി (പരസ്പര പ്രവര്‍ത്തനക്ഷമത), secure data storage (സുരക്ഷിത ഡാറ്റ സംഭരണം), reduced permanence (മെസേജുകളും, സന്ദേശങ്ങളും വായിച്ചു കഴിയുമ്പോള്‍ അദൃശ്യമാവുക) എന്നിവയിലായിരിക്കും ഭാവിയില്‍ ഫേസ്ബുക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണു സുക്കര്‍ബെര്‍ഗ് അറിയിച്ചത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഈ ആറ് ആശയങ്ങളെ ചുറ്റിപ്പറ്റി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോവുകയാണ്. ഇതിനര്‍ഥം കുറേ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുകയാണെന്നല്ലെന്നും സുക്കര്‍ബെര്‍ഗ് അറിയിച്ചു.

എഫ്ബി 5

ഫേസ്ബുക്ക് ഇപ്പോള്‍ നടത്തിയിരിക്കുന്ന ഉടച്ചുവാര്‍ക്കലിന് കമ്പനി നല്‍കിയിരിക്കുന്ന പേര് എഫ്ബി 5 എന്നാണ്. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ഇതുവരെ നാല് പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ നടത്തുന്ന പരിഷ്‌ക്കാരത്തിന് എഫ്ബി 5 എന്ന പേര് നല്‍കിയിരിക്കുന്നത്. ഉടച്ചുവാര്‍ക്കലിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ മൊബൈല്‍, ഡെസ്‌ക് ടോപ്പ് ആപ്പ് പുനര്‍ രൂപകല്‍പന ചെയ്യും. പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് ഏപ്രില്‍ 30ന് തന്നെ ലോഞ്ച് ചെയ്തു. ഇതില്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന നീല കളറായിരിക്കില്ല, പകരം വെള്ള നിറമായിരിക്കും. പരിഷ്‌കരിച്ച ഡെസ്‌ക് ടോപ്പ് ആപ്പ് പിന്നീട് പുറത്തിറക്കുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.

Comments

comments

Categories: Top Stories
Tags: Facebook

Related Articles