തകര്‍ച്ചയുടെ ബാധ്യത ഏറ്റെടുക്കാതെ ഇത്തിഹാദ് മുന്‍ സിഇഒ; ”ഞാനതെല്ലാം വിട്ടു”

തകര്‍ച്ചയുടെ ബാധ്യത ഏറ്റെടുക്കാതെ ഇത്തിഹാദ് മുന്‍ സിഇഒ; ”ഞാനതെല്ലാം വിട്ടു”

”എല്ലാ ദിവസവും വിമാനം ആളുകളെ കൊണ്ട് നിറയ്ക്കുകയെന്നതാണ് വ്യോമയാന ബിസിനസ് മേധാവികള്‍ നേരിടുന്ന വെല്ലുവിളി”

അബുദാബി: 11 വര്‍ഷം നീണ്ട ഇത്തിഹാദ് യാത്രയെ ചിന്തയില്‍ നിന്നും വിട്ടുകളഞ്ഞതായി അബുദാബി സര്‍ക്കാരിന് കീഴിലെ വിമാനക്കമ്പയില്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ട മുന്‍ സിഇഒ ജെയിംസ് ഹോഗന്‍. ബിസനസ് വളര്‍ക്കാനുള്ള വലിയ അവസരമായിരുന്നു അതെന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോള്‍ താനത് വിട്ടെന്നും തനിക്ക് എന്റേതായ കാര്യങ്ങളുണ്ടെന്നും ലണ്ടനില്‍ നടന്ന ഒരു പരിപാടിയില്‍ ഹോഹന്‍ പറഞ്ഞു. അതേസമയം തന്റെ നയങ്ങളിലെ പാളിച്ചകള്‍ കൊണ്ട് ഇത്തിഹാദിന് സംഭവിച്ച തകര്‍ച്ചയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ജെയിംസ് ഹോഗന്‍ തയ്യാറായില്ല.

ലണ്ടനില്‍ നടന്ന സ്‌കിഫ്റ്റ് ഫോറം യൂറോപ്പില്‍ സംസാരിക്കുകയായിരുന്നു ജെയിംസ് ഹോഗന്‍.

”പിന്‍തിരിഞ്ഞു നോക്കുന്നത് ഉചിതമല്ല. ഇത്തിഹാദില്‍ ഉണ്ടായിരുന്ന 11 വര്‍ഷവും എനിക്ക് മികച്ച അനുഭവമായിരുന്നു.അതിന് ശേഷം നമ്മള്‍ അത് വിട്ട് മുമ്പോട്ട് പോയി”. ഇത്തിഹാദിന്റെ തകര്‍ച്ചയിലേക്ക് കണ്ണോടിക്കുക പോലും ചെയ്യാതെ ഹോഗന്‍ പറഞ്ഞു.300 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ കൊണ്ട് 20 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ത്തുന്നതിനുള്ള അവസരമാണ് അവിടെയുണ്ടായിരുന്നത്. പശ്ചിമേഷ്യ, ഇന്ത്യ, യൂറോപ്പ്, യുഎസ് വിപണികളിലെ പരിമിതികളും ബിസിനസ് നിയമങ്ങളും മനസിലാക്കി അതിനനുസരിച്ച് താന്‍ നീങ്ങിയതെന്ന് ഹോഗന്‍ അവകാശപ്പെട്ടു.”വലിയൊരു വിപണിയാണ് എനിക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ പറന്നെത്താവുന്ന മുഴുവന്‍ ഗള്‍ഫ് മേഖല, പശ്ചിമേഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം. എല്ലാ ദിവസവും വിമാനം ആളുകളെ കൊണ്ട് നിറയ്ക്കണമായിരുന്നു. വ്യോമയാന ബിസിനസ് രംഗത്തെ സിഇഒമാരും അവരുടെ ടീമും നേരിടുന്ന വെല്ലുവിളിയാണിത”്. ആസ്തികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാനപരമായ പങ്കാളിത്തങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്ന നയത്തിനാണ് താന്‍ ഊന്നല്‍ നല്‍കിയതെന്നും ഹോഗന്‍ പറഞ്ഞു.

നഷ്ടത്തിലുള്ള വിമാനക്കമ്പനികളായ എയര്‍ ബെര്‍ലിനിലും അലിടാലിയയിലും നിക്ഷേപം നടത്താനുള്ള ഹോഗന്റെ തീരുമാനമാണ് ഇത്തിഹാദില്‍ നഷടങ്ങള്‍ക്ക് തുടക്കമിട്ടത്. 2006 മുതല്‍ 2017 മധ്യം വരെ ഇത്തിഹാദ് ബിസിനസിനെ മുമ്പോട്ട് നയിച്ച ജെയിംസ് ഹോഗന്‍ പക്ഷേ എയര്‍ലൈന്‍ ഓഹരി പങ്കാളിത്ത ശൃംഖല സ്ഥാപിക്കാനുള്ള തീരുമാനം കമ്പനിക്കുണ്ടാക്കിയ ആഘാതത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ഹോഗന്‍ സിഇഒ ആയിരുന്ന കാലത്താണ് എയര്‍ ബെര്‍ലിന്‍, എയര്‍ സീഷെല്‍സ്, എയര്‍ ലിന്‍ഗസ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ, എയര്‍ സെര്‍ബിയ, ഡാര്‍വിന്‍ എയര്‍ലൈന്‍, ജെറ്റ് എയര്‍വെയ്‌സ്, അലിടാലിയ എന്നീ വിമാനക്കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഇത്തിഹാദ് തീരുമാനിച്ചത്. എന്നാല്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായതോടെ എയര്‍ലൈന്‍ നിക്ഷേപങ്ങളിലൂടെ ആഗോള ശൃംഖല സ്ഥാപിക്കാനുള്ള ശ്രമം ഇത്തിഹാദ് ഉപേക്ഷിച്ചു. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്ത 1.2 ബില്യണ്‍ ഡോളര്‍ അടക്കം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ആകെ 4.8 ബില്യണ്‍ ഡോളര്‍ നഷ്ടത്തിനാണ് ഇത്തിഹാദ് സാക്ഷ്യം വഹിച്ചത്. തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം ലാഭകരമായ ഒമ്പത് റൂട്ടുകളാണ് ഇത്തിഹാദിന് ഉപേക്ഷിക്കേണ്ടതായി വന്നത്. 2018ല്‍ 18.6 മില്യണ്‍ ആയിരുന്ന യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം 17.8 മില്യണായും കുറഞ്ഞു. ഹോഗന്റെ തെറ്റായ നയങ്ങളാണ് ഇത്തിഹാദിനെ തകര്‍ച്ചയിലെത്തിച്ചത് നിലവിലെ സിഇഒ ആയ ടോണി ഡഗ്ലസ് അടക്കം ഇക്കാര്യം ശരിവെച്ചിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി ആരംഭിച്ച ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി കമ്പനിയായ നൈറ്റ്ഹുഡ് ക്യാപ്പിറ്റലിലാണ് ഇപ്പോള്‍ ഹോഗന്റെ മുഴുവന്‍ ശ്രദ്ധയും. ഇത്തിഹാദിലെ മുന്‍ സിഎഫ്ഒ ആയിരുന്ന ജെയിംസ് റിഗ്നെയും സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഈ കമ്പനിയില്‍ ഹോഗനൊപ്പം ഉണ്ട്.

Comments

comments

Categories: Arabia