ബാങ്കിംഗ് രംഗത്ത് നിന്നും സംരംഭകത്വത്തിലേക്ക്

ബാങ്കിംഗ് രംഗത്ത് നിന്നും സംരംഭകത്വത്തിലേക്ക്

സംരംഭകത്വം എന്നത് ഒരു പാഷനാണ്. ബിസിനസ് മാനേജ്മെന്റ് പഠിച്ച വ്യക്തികള്‍ക്ക് മാത്രമേ ബിസിനസിലേക്ക് ഇറങ്ങാനും വിജയം നേടാനും കഴിയൂ എന്ന പരമ്പരാഗത ചിന്തക്ക് ഇന്ന് അടിസ്ഥാനമില്ലാതായിരിക്കുന്നു. വിദ്യാഭ്യസം നേടിയതും കരിയര്‍ തെരെഞ്ഞെടുത്തതുമായ മേഖലയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മേഖലയില്‍ ബിസിനസ് തുടങ്ങി വിജയം കൈവരിച്ച വ്യക്തികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു സംരംഭകത്വ യാത്രയാണ് മണിപ്പൂര്‍ സ്വദേശിനിയായ എലിസബത്ത് യമ്പെമിന്റേത്. സിംഗപ്പൂരിലെ പ്രശസ്തമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് 2015 ല്‍ നാട്ടിലെത്തിയ എലിസബത്ത് ഡ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡ് നെയിമില്‍ വ്യത്യസ്തയിനം തേയിലകള്‍ ലഭ്യമാക്കുന്ന ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയായിരുന്നു. വിദേശത്ത് നിന്നും ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ശമ്പളത്തേക്കാള്‍ സ്വന്തം നാട്ടില്‍ വനിതകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ടുള്ള സംരംഭമാണ് തന്റെ വിജയമെന്ന് എലിസബത്ത് തെളിയിക്കുന്നു.

മണിപ്പൂര്‍ , തേയിലത്തോട്ടങ്ങളുടെയും ഫുട്‌ബോളിന്റെയും നാടെന്നാണ് ഈ വടക്ക് കിഴക്കേ ഇന്ത്യന്‍ സംസ്ഥാനം അറിയപ്പെടുന്നത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് മണിപ്പൂരിലെ തേയിലത്തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കുന്നതിനായി എത്തുന്നത്. എന്നിട്ടും മണിപ്പൂര്‍ തേയിലക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. കാലങ്ങളായി പ്രാദേശിക വിപണിയില്‍ വിറ്റഴിക്കപ്പെടുകയും വന്‍കിട ബ്രാന്‍ഡുകള്‍ക്ക് വേണ്ടി കൃഷി ചെയ്യപ്പെടുകയും ചെയുന്ന മണിപ്പൂര്‍ തീയിലേക്ക് 2015 മുതല്‍ ഒരു ബ്രാന്‍ഡ് ഐഡന്റിറ്റി ഉണ്ടായിരിക്കുകയാണ്. ഡ്വല്ലേഴ്‌സ് എന്ന പേരില്‍ മണിപ്പൂരിനകത്തും പുറത്തും ഒരേ പോലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഈ തെളിയ്ക്ക് പിന്നില്‍ എലിസബത്ത് യബേം എന്ന വനിതാ സംരംഭകയാണ്. ഒരൊറ്റ ഫ്‌ലേവറില്‍ മാത്രം ലഭ്യമാകുന്ന സാധാരണ തേയിലപ്പൊടിയല്ല എലിസബത്തിന്റെ ഡ്വല്ലേഴ്‌സ്. മറിച്ച്, പൂര്‍ണമായും ഓര്‍ഗാനിക് ആയ, ഔഷധക്കൂട്ടുകളുടെയും മണിപ്പൂരിലെ പ്രാദേശിക പഴവര്‍ഗങ്ങളുടെയും സത്ത് ചേര്‍ത്ത ഒന്നാണ് ഡ്വല്ലേഴ്‌സ് തേയിലപ്പൊടി.

മണിപ്പൂര്‍ ജനതയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വ്യത്യസ്തമായ ഒരു ആവശ്യവുമായാണ് 2015 ല്‍ എലിസബത്ത് സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നത്. പല രുചികളില്‍ ഉള്ള തേയില അക്കാലത്ത് ലഭ്യമായിരുന്നു എങ്കിലും , ഗ്രീന്‍ ടി, മിന്റ് ടി തുടങ്ങിയ സ്ഥിരം ആശയങ്ങള്‍ക്ക് അപ്പുറത്തായിരുന്നു എലിസബത്ത് ചിന്തിച്ചിരുന്നത്. പഴവര്‍ത്തങ്ങളുടെ രുചിയുള്ള ചായ. ഒരേ സമയം പഴങ്ങളുടെ ഗുണവും രുചിയും ഒപ്പം ചായയില്‍ നിന്നും ലഭിക്കുന്ന ഉന്മേഷവും പകരാന്‍ കഴിവുള്ള ഒന്ന്. അതായിരുന്നു ഡ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡുകൊണ്ട് എലിസബത്ത് ഉദ്ദേശിച്ചത്.എലിസബത്ത് വിഭാവനം ചെയ്ത ഡ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡിനെ പറ്റി അറിയണമെങ്കില്‍, ആദ്യം എലിസബത്ത് എങ്ങനെ സംരംഭകത്വത്തിലേക്ക് വന്നു എന്നറിയണം. ഒരു സിനിമാക്കഥ പോലെ ഏറെ ട്വിസ്റ്റുകളും സസ്‌പെന്‌സുകളും നിറഞ്ഞതാണ് എലിസബത്തിന്റെ സംരംഭകത്വ ജീവിതം.

മണിപ്പൂരിനെ നെഞ്ചേറ്റിയ പെണ്‍കുട്ടി

മണിപ്പൂരിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എലിസബത്തിന് ചെറുപ്പം മുതല്‍ക്ക് തന്റെ നാടിനോടും നാടിന്റെ ആചാരങ്ങളോടും സംസ്‌കാരത്തോടും വല്ലാത്ത മതിപ്പായിരുന്നു. തന്റെ നാടിന്റെ നന്മയുടെ പേരില്‍ തനിക്ക് ഭാവിയില്‍ അറിയപ്പെടണം എന്നതായിരുന്നു എലിസബത്തിന്റെ ആഗ്രഹം. മണിപ്പൂരിലെ തേയിലത്തോട്ടങ്ങളായിരുന്നു എന്നും എലിസബത്തിനെ ആകര്‍ഷിച്ചിരുന്നത്. തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്ത വരുമാനം കണ്ടെത്തുന്ന നിരവധിയാളുകള്‍ എലിസബത്തിന്റെ കുടുംബത്തിലുണ്ടായിരുന്നു. അതിനാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ തേയിലത്തോട്ടങ്ങളോടും കൊളുന്ത് നുള്ളുന്നതിനോടുമെല്ലാം എലിസബത്ത് തദ്ദാദ്മ്യം പ്രാപിച്ചിരുന്നു.

മികച്ച വിദ്യാഭ്യാസം നേടുന്നതിന് വേണ്ട സാഹചര്യമൊന്നും എലിസബത്തിന്റെ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. ഗ്രാമത്തിലെ സ്‌കൂളില്‍ ആറാം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കിയ ശേഷം, തുടര്‍ പഠനത്തിനായി ഈംഫാല്‍ എന്ന സ്ഥലത്തേക്ക് എലിസബത്തും കുടുംബവും താമസം മാറി. എന്നാല്‍ നഗരത്തിന്റേതായ തിരക്കില്‍ എത്തിയെങ്കിലും എലിസബത്തിന്റെ എപ്പോഴെത്തെയും ചിന്ത തന്റെ ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു. പഠനത്തില്‍ മിടുക്കിയായതിനാല്‍ മികച്ച രീതിയില്‍ പഠിക്കാന്‍ ലഭിച്ച സാഹചര്യങ്ങളെ എലിസബത്ത് നന്നായി വിനിയോഗിച്ചു. ഇഫാലില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ എലിസബത്തിന് ലണ്ടനില്‍ ജോലി ലഭിച്ചത് വളരെ വേഗത്തിലായിരുന്നു.

ലണ്ടനില്‍ ജോലിയുമായി ബന്ധപ്പെട്ട താമസിക്കാന്‍ ഇടവന്നപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സാധ്യതകളേക്കാള്‍ ഏറെ എലിസബത്തിനെ ആകര്‍ഷിച്ചത് ലണ്ടനിലെ ചെറുകിട സംരംഭങ്ങളായിരുന്നു. തേയിലക്കടകളായും, കോഫീ ഷോപ്പുകളായും, ഹാന്‍ഡിക്രാഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളായും സംരംഭങ്ങള്‍ നടത്തിവരുന്നവര്‍ എലിസബത്തിനെ ആകര്‍ഷിച്ചു. തന്റെ നാട്ടില്‍ ഇത്തരം സംരംങ്ങളുടെ സാധ്യതകളെപ്പറ്റി എലിസബത്ത് ചിന്തിക്കാന്‍ തുടങ്ങിയത് ആയിടക്കാണ്. അപ്പോഴേക്കും ബാങ്കില്‍ നിന്നുംജോലിമാറ്റം ലഭിച്ച എലിസബത്ത് സിംഗപ്പൂരിലെത്തി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പറുദീസയായിരുന്നു സിംഗപ്പൂര്‍. സ്വന്തം നാട്ടില്‍ സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ഊര്‍ജവും ആവേശവും ലഭിക്കുന്നത് അവിടെ നിന്നുമാണ്.

മണിപ്പൂരിന് മണിപ്പൂരിന്റേതായ ഒരു ബ്രാന്‍ഡ് ഇമേജ് നേടിക്കൊടുക്കുന്ന സംരംഭത്തിനാണ് എലിസബത്ത് പ്രാധാന്യം നല്‍കിയത്. ആ രീതിയില്‍ ചിന്തിച്ചപ്പോഴാകട്ടെ ആദ്യം അമന്‍സിലേക്ക് ഓടിയെത്തിയത് ഹരിതാഭ പുതച്ചു കിടക്കുന്ന മണിപ്പൂരിലെ തേയിലത്തോട്ടങ്ങളായിരുന്നു. തേയിലകച്ചവടം നാട്ടില്‍ വ്യാപകമാണ്. അതിനാല്‍ വെറുതെ തേയില വില്‍ക്കുന്നത്‌കൊണ്ട് കാര്യമില്ല. പകരം വ്യത്യസ്തമായ രീതിയിലാണ് തേയിലയെ മാര്‍ക്കറ്റ് ചെയ്യുന്നത് എങ്കില്‍ അത് നാടിനു ഗുണം ചെയ്യും. ഈ ചിന്ത മനസ്സില്‍ ഉടക്കിയപ്പോഴാണ് ലണ്ടനിലും സിംഗപ്പൂരിലും താന്‍ കുടിച്ചിട്ടുള്ള ഫ്‌ലേവേര്‍ഡ് കാപ്പിയെയും ചായയെയും പറ്റി എലിസബത്ത് ചിന്തിക്കുന്നത്.ഇഷ്ടമുള്ള രുചിയില്‍ ചായകുടിക്കാന്‍ കഴിയുക എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇഷ്ടമുള്ള രുചിയും ഒപ്പം ചായയുടെ ഉന്മേഷവും ലഭിക്കണം. അങ്ങനെ ചിന്തിച്ചപ്പോഴാണ് മണിപ്പൂരിലെ പ്രാദേശിക ഫലവര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഫ്‌ലേവേര്‍ഡ് ചായ നിര്‍മിക്കുന്നത് നന്നായിരിക്കും എന്ന് എലിസബത്തിന് തോന്നിയത്.

പിന്നെ ഒട്ടും വൈകിയില്ല, തന്റെ മനസ്സില്‍ വന്ന ആശയത്തിന്റെ സാധ്യതകളെപ്പറ്റി പഠിച്ചു. വിപണി കണ്ടെത്താനാകുമോ എന്ന ഭയം തുടക്കത്തില്‍ ഉണ്ടായിരുന്നു എങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയായപ്പോള്‍ ആ സംശയത്തിന് അടിസ്ഥാനമില്ലാതെയായി. അടുത്ത സംശയം പ്രാദേശികമായി ലഭിക്കുന്ന ഫലങ്ങള്‍ എങ്ങനെ വലിയ അളവില്‍ ലഭ്യമാക്കും എന്നതായിരുന്നു. പ്രാദേശികരായാ വീട്ടമ്മമാരുടെ സഹായമാണ് ഇതിനു ഗുണം ചെയ്യുക എന്ന് മനസിലാക്കിയ എലിസബത്ത് അതിനുള്ള മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിഇത്രയൊക്കെ ആയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. സിംഗപ്പൂരില്‍ ലക്ഷങ്ങള്‍ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലി വേണ്ടെന്ന് വക്കാന്‍ മറ്റു കാരണങ്ങള്‍ ഒന്നും ആവശ്യമായിരുന്നില്ല. 2015 വിദേശ ജോലി രാജി വച്ച് എലിസബത്ത് മണിപ്പൂരില്‍ തിരിച്ചെത്തി.

ആദ്യം പരിഹസിച്ചവര്‍ പിന്നീട് കയ്യടിച്ചു

മികച്ച രീതിയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് സിംഗപ്പൂരിലെ ജോലിക്ക് സമാനമായ ഒരു ജോലി. എന്നാല്‍ ജീവിതത്തില്‍ലഭിച്ച എല്ലാ നേട്ടങ്ങളും ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഉപേക്ഷിച്ച് നാട്ടിലെത്തി തേയില വില്പന തുടങ്ങാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ എലിസബത്തിന് ലഭിച്ചത് പരിഹാസമാണ്. തേയിലത്തോട്ടം കണ്ടു വളര്‍ന്ന നാട്ടുകാര്‍ക്ക് തേയില വിറ്റ് ലാഭം ഉണ്ടാക്കാനുള്ള പദ്ധതിയുമായി എത്തിയ എലിസബത്തിന്റെ ചിന്തകളെ അംഗീകരിക്കാനായില്ല. ഇതില്‍ എന്താണിത്ര പുതുമ എന്നാണവര്‍ ചോദിച്ചത്. ചില അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണ ഒഴിച്ചാല്‍ ബാക്കി എല്ലാവരും കളിയാക്കുകയാണ് ചെയ്തത്. എന്നാല്‍ തന്റെ ലക്ഷ്യം ഉറച്ചതാണെന്ന ബോധ്യമുള്ളതിനാല്‍ അത്തരം ചെറുത്തു നില്‍പ്പുകള്‍ ഒന്നും തന്നെ എലിസബത്തിനെ ബാധിച്ചില്ല.

തന്റെ സംരംഭം നാട്ടിലെ പാവപ്പെട്ട വനിതകള്‍ക്ക് ജോലി നല്‍കുന്ന ഒന്നാവണം എന്ന ചിന്ത എലിസബത്തിനുണ്ടായിരുന്നു. അതിനാല്‍ സാമൂഹിക സംരംഭകത്വ മാതൃകയിലാണ് തന്റെ സ്ഥാപനം എലിസബത്ത് യാഥാര്‍ത്ഥ്യമാക്കിയത്. ഒന്‍പത് വനിതകളെയും മൂന്നു പുരുഷന്മാരെയുമാണ് എലിസബത്ത് ജോലിക്കായി എടുത്തത്. കയ്യിലുള്ള സമ്പാദ്യവും കുറച്ചു വായ്പയുമായി ഫാക്റ്ററിയും പ്രോസസിംഗ് യൂണിറ്റും ആരംഭിച്ചു. ഡ്വല്ലേഴ്‌സ് എന്നാണ് തന്റെ തേയില ബ്രാന്‍ഡിന് എലിസബത്ത് പേര് നല്‍കിയത്. ചെറുകിട വ്യാപാരികളില്‍ നിന്നും തേയില വാങ്ങിയ ശേഷം അതില്‍ നാടന്‍ സത്തുകളും പഴവര്‍ഗങ്ങളും ചേര്‍ത്ത് വ്യത്യസ്തമായ ഡ്വല്ലേഴ്‌സ് ചായയുണ്ടാകുന്നു. വീടുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരത്തില്‍ ചായ നിര്‍മാണം ആരംഭിച്ചത്. തുടക്കത്തില്‍ പഴവര്ഗങ്ങള് കണ്ടെത്തുന്നതിന് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും കാലാന്തരത്തില്‍ അത് മാറി.

വീട്ടമ്മമാരായ വനിതാ തൊഴിലാളികളുടെ സഹായത്തോടെയാണ് പ്രാദേശിക പഴവര്‍ഗങ്ങളായ ഹേ മംഗ്, മാങ് മാങ് , ഗാര്‍ണീഷ്യ തുടങ്ങിയവ കണ്ടെത്തിയത്. കേരളത്തില്‍ ഞാവല്‍,ഇലന്തപ്പഴം എന്നെല്ലാം പറുന്നത് പോലുള്ള പ്രാദേശിക ഫലങ്ങളായിരുന്നു അവ. തുടക്കം മൂന്നു ഫ്‌ലേവറുകള്‍ കൊണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പത്ത് വ്യത്യസ്തയിനം തേയിലകള്‍ ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഗാര്‍ണീഷ്യ ഗ്രീന്‍ ടീ, ഹേ മംഗ് ടീ, മാങ് മാങ് ടീ, ജിഞ്ചര്‍ ഗ്രീന്‍ ടീ, ക്ലാസ്സിക് റെഡ് ടീ, ലെമണ്‍ഗ്രാസ് ഗ്രീന്‍ ടീ, പ്യുവര്‍ ലെമണ്‍ ഗ്രാസ് ടീ, റോസല്ലേ ടീ, ജെന്റില്‍ ഗ്രീന്‍ ടീ, സ്‌ട്രോങ്ങ് ബ്ലാക് ടീ എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അരക്കിലോ വരുന്ന പാക്കിന് 500 രൂപയാണ് വില വരുന്നത്. ഗ്രാമവാസികളായ ആളുകളില്‍ നിന്നുമാണ് ലെമണ്‍ ഗ്രാസ് വാങ്ങുന്നത്. അത് പോലെ മറ്റ് ഫലവര്‍ഗങ്ങളും ഉല്‍പ്പന്നങ്ങളും ഗ്രാമത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. ഡ്വല്ലേഴ്‌സ് എന്ന ബ്രാന്‍ഡ് നിലവില്‍ വന്നതോടെ ഗ്രാമത്തിലെ നിരവധിയാളുകള്‍ക്ക് ജോലിലഭിച്ചു.

ചെറുകിട സംരംഭം എന്ന നിലക്ക് തുടങ്ങിയ സ്ഥാപനമായതിനാല്‍ സിംഗപ്പൂരില്‍ നിന്നും ലഭിച്ച വരുമാനം എലിസബത്തിന് തന്റെ സ്ഥാപനത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മോശമില്ലാത്ത ഒരു വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. തന്റെ സ്ഥാപനത്തിലൂടെ സാധാരണക്കാരായ നിരവധിയാളുകള്‍ക്ക് മികച്ച വരുമാനം കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി എലിസബത്ത് കാണുന്നത്.താമസിയാതെ ഡ്വല്ലേഴ്‌സ് തേയിലയുടെ വില്‍പ്പനക്കായി മാത്രം അഞ്ച് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് എലിസബത്ത്. നിലവില്‍ രണ്ട് ഔട്‌ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുറച്ചു സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് വില്പന. ഓണ്‍ലൈന്‍ വില്പനയിലൂടെ മണിപ്പൂരിന് പുറത്ത് നിന്നും തേയിലക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വരും നാളുകളില്‍ കച്ചവടം മെച്ചപ്പെടുത്തി മണിപ്പൂരിന്റെ പ്രശസ്തി തേയിലപ്പെരുമയിലൂടെ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് എലിസബത്തും കൂട്ടരും.

Comments

comments

Categories: FK Special, Slider