പ്രതിസന്ധി ഒഴിവായി; ഞെരുക്കം ഒരു വര്‍ഷം കൂടി തുടരും: ആദിത്യ പുരി

പ്രതിസന്ധി ഒഴിവായി; ഞെരുക്കം ഒരു വര്‍ഷം കൂടി തുടരും: ആദിത്യ പുരി

പണത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 12-18 മാസം വേണ്ടിവരും

നിഷ്‌ക്രിയ ആസ്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബാങ്കിംഗ് മേഖല സുസ്ഥിരമായ പുരോഗതിയാണ് പ്രകടിപ്പിക്കുന്നത്. പുതിയ പാപ്പരത്ത നിയമം നടപ്പിലാക്കിയതിനുശേഷം നിഷ്‌ക്രിയ ആസ്തികള്‍ കണ്ടെത്തുന്നതിലെ കാര്യക്ഷമത വര്‍ധിക്കുകയും റിസര്‍വ് ബാങ്ക് പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടമെടുപ്പുകാരില്‍ നിന്നുള്ള കൂടുതല്‍ അച്ചടക്കത്തോടെയുള്ള സമീപനം ദൃശ്യമാണ്. പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനം നല്‍കാന്‍ സര്‍ക്കാരിനും ഇത് അവസരമൊരുക്കും

-ആദിത്യ പുരി

മുംബൈ: രാജ്യത്തെ ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ (എന്‍ബിഎഫ്‌സി) ഗ്രസിച്ച പൂര്‍ണതോതിലുള്ള സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്ന് എച്ച്ഡിഎഫ്‌സി എംഡി മേധാവി ആദിത്യ പുരി. എന്നാല്‍ മേഖല നേരിടുന്ന സാമ്പത്തിക ഞെരുക്കമടക്കമുള്ള പ്രശ്‌നങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും നിലനില്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ശനമായ നിയന്ത്രണങ്ങളും ആസ്തി വില്‍പ്പനയുമാണ് കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (ഐഎല്‍&എഫ്എസ്) കൃത്യവിലോപം മൂലം ഇന്ത്യന്‍ എന്‍ബിഎഫ്‌സി രംഗത്തെ ബാധിച്ച ഗുരുതരമായ പ്രശ്‌നങ്ങളെ തടഞ്ഞു നിര്‍ത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൊക്കം പണത്തിന്റെ ലഭ്യത കുറവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന് 12-18 മാസം സമയം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേത് ലീമാന്‍ (ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന് കാരണമായിക്കൊണ്ട് ദശാബ്ദം മുന്‍പ് തകര്‍ന്ന യുഎസ് സാമ്പത്തിക സേവന സ്ഥാപനം) തകര്‍ച്ച പോലുള്ള ഗുരുതരമായ ഒരു സംഭവമല്ലെന്ന് എച്ച്ഡിഎഫ്‌സി എംഡി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഐഎല്‍&എഫ്എസിലുണ്ടായ വീഴ്ച്ച ഇന്ത്യന്‍ നിഴല്‍ വായ്പാദാതാക്കളുടെ കൃത്യവിലോപം തുറന്നു കാട്ടി. കമ്പനി കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വായ്പാ ലഭ്യതക്കുറവിനും അതുവഴി ഓട്ടോമോബീല്‍ വിപണിയില്‍ ആവശ്യകത കുറയാനും കാരണമായി. എന്‍ബിഎഫ്‌സികള്‍ പുറത്തിറക്കുന്ന ഡെറ്റ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിക്കാനും ഇത് കാരണമായി.

കഴിഞ്ഞ ഡിസംബര്‍ വരെ ഏഴു ബില്യണ്‍ ഡോളറാണ് എച്ച്ഡിഎഫ്‌സി ബാങ്ക് എന്‍ബിഎഫ്‌സി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എതിരാളികളായ ഐസിഐസിഐ ബാങ്ക് 11 ബില്യണ്‍ ഡോളര്‍ നല്‍കി. മാര്‍ച്ച് മാസമായപ്പോഴേക്കും ബാങ്കിംഗ് മേഖല ആകെ 92 ബില്യണ്‍ ഡോളര്‍ എന്‍ബിഎഫ്‌സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐസിആര്‍എ കണക്കുകൂട്ടുന്നത്.

Comments

comments

Categories: FK News

Related Articles