എസിഡിബിയും യുഎന്‍ബിയും ഔദ്യോഗികമായി ലയിച്ചു

എസിഡിബിയും യുഎന്‍ബിയും ഔദ്യോഗികമായി ലയിച്ചു

നിലവില്‍ വന്നത് യുഎഇയിലെ മൂന്നാമത്തെ വലിയ ബാങ്ക്;  അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുക്കും

അബുദാബി: അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കും (എഡിസിബി) യൂണിയന്‍ നാഷ്ണല്‍ ബാങ്കും (യുഎന്‍ബി) തമ്മിലുള്ള ഔദ്യോഗിക ലയനം നടന്നു. പുതിയ സംരംഭം അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുത്ത് യുഎഇയിലെ മൂന്നാമത്തെ വലിയ ബാങ്കായി മാറും.

ലയനത്തോടെ രൂപീകൃതമായ എഡിസിബി ഗ്രൂപ്പിന് 423 ബില്യണ്‍ ദിര്‍ഹം ആസ്തിയാണുള്ളത്. പത്ത് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളതെന്ന് അബുദാബി ഓഹരി വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ എഡിസിബി വ്യക്തമാക്കി. രാജ്യത്തെ ആകെ വായ്പാ വിപണിയുടെ 21 ശതമാനവും ഈ ഗ്രൂപ്പിന് കീഴിലാണ്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ വഴി എഡിസിബി ഗ്രൂപ്പിലെ 60.2 ശതമാനം ഉടമസ്ഥാവകാശം അബുദാബി സര്‍ക്കാരിനാണ്.

ലയനം സംബന്ധിച്ച മുന്‍ ധാരണകള്‍ പ്രകാരം എഡിസിബി ഗ്രൂപ്പ് ഏറ്റെടുക്കുന്ന അല്‍ ഹിലാല്‍ ബാങ്ക് നിലവിലെ പേരില്‍ തുടരും. ഗ്രൂപ്പിന് കീഴില്‍ നിന്ന് കൊണ്ട് തന്നെ സ്വതന്ത്ര ഇസ്ലാമിക് ബാങ്കായി അല്‍ ഹിലാല്‍ പ്രവര്‍ത്തനങ്ങള്‍ തുടരും.പുതിയ സംരംഭം യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്ന് എഡിസിബി ഗ്രൂപ്പ് സിഇഒ അലാ ഇറെയ്ഖത് പറഞ്ഞു.

പ്രതികൂല പ്രവര്‍ത്തന സാഹചര്യങ്ങളെ തുടര്‍ന്ന് അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ വലിയ തോതിലുള്ള  ബാങ്ക് ലയനങ്ങള്‍ പതിവാകുകയാണ്. 2017ല്‍ നാഷ്ണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും തമ്മില്‍ ലയിച്ച് യുഎഇയിലെ ഏറ്റവും വലിയ ബാങ്കിംഗ് സംരംഭമായ ഫസ്റ്റ് അബുദാബി ബാങ്ക് രൂപീകൃതമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ശെരിയ ബാങ്കായ ദുബായ് ഇസ്ലാമിക് ബാങ്ക് എതിരാളിയായ നൂര്‍ ബാങ്കുമായി ലയിക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞിടെ ഉണ്ടായി. സൗദി അറേബ്യയില്‍ നാഷ്ണല്‍ കൊമേഴ്‌സ്യല്‍ ബാങ്കും റിയാദ് ബാങ്കും തമ്മിലുള്ള ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Arabia
Tags: ADCB, UNB