സര്‍ക്കാര്‍ മാറിയാലും ശക്തികാന്ത ദാസ് സുരക്ഷിതന്‍

സര്‍ക്കാര്‍ മാറിയാലും ശക്തികാന്ത ദാസ് സുരക്ഷിതന്‍

നിലവിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും അദ്ദേഹത്തെ കുറിച്ച് മികച്ച അഭിപ്രായം

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ആര് ഭരണമേറ്റാലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പദവി സുരക്ഷിതമായിരിക്കുമെന്ന് നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷം ആര്‍ബിഐ നേരിട്ട പ്രതിസന്ധികള്‍ മൂലം ആശങ്കപ്പെട്ടിരുന്ന നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരമാണിത്. ഒരു മുന്‍ ബ്യൂറോക്രാറ്റെന്ന നിലയില്‍, മോദി സര്‍ക്കാരിനും, നിലവിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനും കീഴില്‍ ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു മുന്നണിയില്‍ നിന്നും അദ്ദേഹത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഉര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആര്‍ബിഐ മേധാവിയായി ദാസ് ചുമതലയേറ്റത്. 2021 വരെയാണ് നിയമന കാലാവധി.

ആര്‍ബിഐ ഗവര്‍ണറാകുന്നതിന് മുമ്പ് ദാസ്, മോദി സര്‍ക്കാരിന് കീഴില്‍ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു. 2016 ല്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ അദ്ദേഹമായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. കേന്ദ്ര ബാങ്കിന്റെ തലപ്പത്ത് നിയമിതനായ ശേഷം സമ്പദ് വ്യവസ്ഥയെ സജീവമാക്കുന്നതിനും മോദി സര്‍ക്കാരിനെ സഹായിക്കുന്നതിനുമായി പലിശ നിരക്കുകള്‍ കുറച്ചും വായ്പാ ചട്ടങ്ങളില്‍ ഇളവ് നല്‍കിയും ആര്‍ബിഐയുടെ അധിക മൂലധനം സര്‍ക്കാരിന് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി സമിതിയെ രൂപീകരിച്ചും ദാസ് മികച്ച പ്രവര്‍ത്തനം നടത്തി.

മന്‍മോഹന്‍ സര്‍ക്കാരിന് കീഴില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനായാണ് ദാസ് പ്രവര്‍ത്തിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി പി ചിദംബരത്തിനൊപ്പം പൊതു ബജറ്റ് തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ധനകാര്യ മന്ത്രാലയത്തില്‍ അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ച ദാസ്, 2013 ഡിസംബറില്‍ വളം മന്ത്രാലയത്തിലേക്ക് മാറ്റപ്പെട്ടിരുന്നു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തെ ധനമന്ത്രാലയത്തിന്റെ തലപ്പത്ത് നിയമിച്ചു.

Categories: FK News