ടെലിമെഡിസിന്‍ സൗകര്യങ്ങളില്‍ രോഗികള്‍ സംതൃപ്തര്‍

ടെലിമെഡിസിന്‍ സൗകര്യങ്ങളില്‍ രോഗികള്‍ സംതൃപ്തര്‍

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വൈദ്യോപദേശം സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ താല്‍പര്യപ്പെടുന്നു

അസുഖങ്ങള്‍ വന്നാല്‍ ഡോക്റ്ററെ സന്ദര്‍ശിച്ച് ചികില്‍സ നേടുന്നതിനാണ് പൊതുവേ രോഗികള്‍ താല്‍പര്യപ്പെട്ടിരുന്നത്. വൈദ്യസ്പര്‍ശമേല്‍ക്കുന്നതും ലക്ഷണങ്ങള്‍ കേട്ട് ഡോക്റ്റര്‍ രോഗനിര്‍ണയം നടത്തുന്നതും സ്‌റ്റെതസ്‌കോപ്പ്, തെര്‍മോമീറ്റര്‍, രക്തസമ്മര്‍ദ്ദമാപിനി എന്നിവ ഉപയോഗിക്കുന്നതും മരുന്നു ചീട്ട് എഴുതുന്നതുമെല്ലാം രോഗം ഭേദമാക്കുമെന്നു വിശ്വസിക്കുകയും ഡോക്റ്ററുടെ കൈപ്പുണ്യമെന്നു വാഴ്ത്തുകയും ചെയ്യുന്ന ഒരു തലമുറയുടെ ശീലമായിരുന്നു ഇത്. മുമ്പ് വിദൂര ഗ്രാമങ്ങളില്‍ ഏതു രാത്രിയിലും കാല്‍നടയായി പോലും എത്തിയ ജനകീയ ഡോക്റ്റര്‍മാര്‍ ഉണ്ടായിരുന്നു. ഇന്ന് അവരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ടെലിമെഡിസിന്‍ പോലുള്ള ആധുനിക സാങ്കേതികവിദ്യകളാണ്. എന്നാല്‍ ജീവിതത്തിരക്കും സാങ്കേതികസൗകര്യങ്ങളുടെ വരവും ഈ ശീലങ്ങള്‍ മാറ്റുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗും ടെലി മെഡിസിനും വഴി വൈദ്യോപദേശവും മരുന്നുകളും സ്വീകരിക്കുന്നവര്‍, സൗകര്യത്തിലും ഗുണനിലവാരത്തിലും തൃപ്തരാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.

വൈദ്യസന്ദര്‍ശത്തിനു പോകുംവഴി ഗതഗതക്കുരുക്കില്‍ കുടുങ്ങേണ്ട ആവശ്യമില്ല, പരിശോധനയ്ക്കായി നീണ്ട കാത്തിരിപ്പു വേണ്ട, അപ്പോയ്ന്‍മെന്റ് എടുക്കാന്‍ ലീവ് എടുത്തിരുന്ന സ്ഥാനത്ത് കണ്ണു ചിമ്മിതുറക്കുന്ന സമയം കൊണ്ട് കാര്യം സാധ്യമാകുന്നു അങ്ങനെ ടെലിമെഡിസിന്‍ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എങ്കിലും ഈ സൗകര്യങ്ങള്‍ക്ക് രോഗിയുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാനാകും എന്നതിനെക്കുറിച്ച് പഠനത്തിന് വ്യക്തത വരുത്താനായിട്ടില്ല. നിലവില്‍ കുടുംബ ഡോക്റ്ററുടെയോ പ്രാഥമികാരോഗ്യവിദഗ്ധന്റെയോ സേവനം മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗികള്‍ തേടുന്നതെന്നത് പ്രശ്‌നമാണ്. അതിനാല്‍ പഠനത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്നു വടക്കന്‍ കാലിഫോര്‍ണിയയിലെ കെയ്‌സര്‍ പെര്‍മനെന്റിലെ ഡോ. മേരി റീഡ് പറയുന്നു.

1,274 രോഗികളിലാണ് റീഡും സഹപ്രവര്‍ത്തകരും സര്‍വേ നടത്തിയത്. ഏതാണ്ട് എല്ലാ പങ്കാളികള്‍ക്കും വീഡിയോ കോളിംഗ് മുമ്പും ഉപയോഗിച്ചിരുന്നെങ്കിലും വ്യക്തിപരമോ ഔദ്യോഗികമോ ആയ മീറ്റിംഗുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു, മറിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വേണ്ടിയായിരുന്നില്ല. അവരില്‍ ഭൂരിഭാഗവും ബിരുദാനന്തര ബിരുദധാരികളോ ബിരുദവിദ്യാര്‍ത്ഥികളോ പ്രതിവര്‍ഷം 100,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവരുമായിരുന്നു. ജോലിയില്‍ നിന്നും മറ്റു ഉത്തരവാദിത്തങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറ്റാത്തവര്‍ക്ക് വെര്‍ച്വല്‍ വൈദ്യസന്ദര്‍ശനം വലിയ അനുഗ്രഹമായി.

വീഡിയോ സന്ദര്‍ശനങ്ങള്‍ നടത്തുന്നതിന് ഇവര്‍ക്ക് ധാരാളം കാരണങ്ങളുണ്ട്. ഒന്നാമത് 87% പേരും ഇത് കൂടുതല്‍ സൗകര്യപ്രദമാണെന്നു വിലയിരുത്തി. 82 ശതമാനം പേര്‍ക്ക് തങ്ങളുടെ സ്ഥിരം ഡോക്റ്ററുമായുള്ള വീഡിയോ സന്ദര്‍ശനം ഇഷ്ടപ്പെട്ടു. 70% പേര്‍ക്ക് ഒരു ഡോക്റ്ററെ നേരിട്ടു കാണാന്‍ കഴിയുമെന്ന ഉറപ്പുണ്ടായിരുന്നില്ല. സര്‍വേക്കു ശേഷം 93 ശതമാനം രോഗികള്‍ക്കും പുതിയ രീതിയിലുള്ള പരിശോധന അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയതായി തോന്നി. ഡോക്റ്റര്‍ക്ക് തങ്ങളുടെ രോഗചരിത്രവുമായി പരിചയമുണ്ടായിരുന്നുവെന്ന് 92 ശതമാനം പേര്‍ക്കു ബോധ്യപ്പെട്ടു. പരിചരണത്തിന്റെ ഗുണനിലവാരത്തില്‍ 90 ശതമാനം പേര്‍ വിശ്വാസം രേഖപ്പെടുത്തി.

ആധുനിക വാര്‍ത്താവിനിമയ, വിവരസാങ്കേതിക വിദ്യകള്‍ വൈദ്യ ചികില്‍സ,ആരോഗ്യ രംഗങ്ങളില്‍ ഉപയോഗിക്കുന്നതിനെയാണ് ടെലിമെഡിസിന്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇ-ഹെല്‍ത്ത്, ഇ- മെഡിസിന്‍ എന്നീ സംജ്ഞകളും പ്രചാരത്തിലുണ്ട്. വിദൂര വൈദ്യസേവനം എന്ന സങ്കല്‍പ്പമാണ് ടെലിമെഡിസിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഡോക്റ്റര്‍മാരും ആരോഗ്യസേവന ദാതാക്കളും രോഗികളും തമ്മിലുള്ള ദൂരം ഇല്ലാതാകുന്നു എന്നുള്ളതാണ് ടെലിമെഡിസിന്റെ പ്രാഥമികഗുണം. വിദഗ്ധരുടെ സേവനം വിദേശരാജ്യങ്ങളില്‍ നിന്നു പോലും ടെലികമ്മ്യൂണിക്കേഷന്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ലഭ്യമാവുന്നു.

അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷയ്ക്കു പോലും ഇത് ഉപയോഗപ്പെട്ടാറുണ്ട്. എക്‌സറേകള്‍, ലബോറട്ടറി പരിശോധനാഫലങ്ങള്‍, തുടങ്ങിയവ അകലെയുള്ള വിദഗ്ധര്‍ക്ക് കൈമാറുക, വേണ്ടി വന്നാല്‍ രോഗിയുമായി വീഡിയോ അഭിമുഖം നടത്തുക, മറ്റൊരു ഡോക്റ്റര്‍ നേരിട്ടു നടത്തുന്ന പരിശോധനകള്‍ വീഡീയോവിലൂടെ കണ്ട് മനസ്സിലാക്കി ചികില്‍സ നിര്‍ദേശിക്കുക എന്നതെല്ലാം വിവരവിനിമയ വിദ്യയിലൂടെ ഇന്നു നടത്താനാകുന്നു. ശസ്ത്രക്രിയകള്‍ തന്നെയും വിദൂര നിയന്ത്രിത യന്ത്രങ്ങള്‍ മുഖാന്തരം നടത്തപ്പെടുന്നതും ടെലിമെഡിസിന്റെ പരിധിയില്‍പ്പെടുന്നു ടെലിഫോണിലൂടെയും റേഡിയോ സംവിധാനങ്ങളിലൂടെയും ചികില്‍സയും ചികില്‍സാനിര്‍ദ്ദേശങ്ങളും ലഭ്യമായിരുന്നതാണ് ടെലിമെഡിസിന്റെ ആദ്യരൂപം. വീഡിയൊ ടെലിഫോണി ആയിരുന്നു ഈ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടാക്കിയത്.

Comments

comments

Categories: Health