ഓണ്‍ലൈന്‍ വിപണിയുടെ കരുത്ത് തിരിച്ചറിയുക

ഓണ്‍ലൈന്‍ വിപണിയുടെ കരുത്ത് തിരിച്ചറിയുക

സംരംഭം എന്തായാലും ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ പരമാവധി ചൂഷണം ചെയ്യുകയെന്നത് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിജയം നേടാനുള്ള ഏറ്റവും സരളമായ മാര്‍ഗമായിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗത വിപണന രീതികളില്‍ വളരെ പരിമിതമായ ഉപഭോക്തൃ വൃന്ദത്തിലേക്ക് മാത്രം എത്തിയിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അതിരുകളില്ലാത്ത വിപണി തുറന്നുകൊടുക്കുന്ന ഉപാധിയാണ് ഓണ്‍ലൈന്‍ വ്യാപാരം. ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ സംരംഭകര്‍ക്കായി തുറന്നിടുന്നത് വളരെ വലിയ അവസരങ്ങളാണ്

കഴിഞ്ഞ മൂന്ന് മാസമായി എന്റെ ഒരു ഉപഭോക്താവിനെ ഇന്റര്‍നെറ്റ് വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് സഹായിക്കുന്ന തത്രപ്പാടിലായിരുന്നു. ഏപ്രില്‍ മാസം മുതല്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കാന്‍ തുടങ്ങി. ഇനിയിപ്പോ അദ്ദേഹം ഉല്‍പ്പന്നത്തിന്റെ ഗുണ നിലവാരം സുസ്ഥിരമാക്കുക എന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അദ്ദേഹത്തെ കാണുന്നത് ചെന്നൈയിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു. ശിവറാം എന്നാണു പേര്. ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. ചില പ്രശ്‌നങ്ങള്‍ കൊണ്ട് കമ്പനി പൂട്ടിയപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി വീട്ടില്‍ അത്യാവശ്യം ആഹാരം പാര്‍സല്‍ ആക്കി കൊടുത്തു വന്നു. കൂടെ ചെറിയ പരിപാടികളിലും മറ്റും ആഹാരം നല്‍ഡകാനുള്ള കരാറും ഏറ്റെടുക്കും. അങ്ങനെയാണ് ബന്ധുവിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെടുന്നത്. വീട്ടില്‍ വെച്ച് വിവിധ തരത്തിലുള്ള അച്ചാറുകള്‍, ഇഡ്‌ലിപ്പൊടി, കൊണ്ടാട്ടം എന്നിവയുണ്ടാക്കി കടകളിലും വീടുകളിലും നടന്നു വിതരണം നടത്തുകയായിരുന്നു. ‘ഈ ഉത്പന്നങ്ങള്‍ നിങ്ങള്‍ ചെന്നൈയില്‍ അല്ലാതെ വേറെ എവിടെയെങ്കിലും കൊടുക്കുന്നുണ്ടോ?’ എന്ന് യാദൃശ്ചികമായി തിരക്കിയതാണ്. ‘ഉവ്വ്, മുംബൈ, ബാംഗ്ലൂര്‍ പിന്നെ അത്യാവശ്യം വിദേശങ്ങളില്‍ നിന്നും വരുന്നവരും തിരിച്ചു പോകുമ്പോള്‍ വാങ്ങുന്നത് പതിവാണ്,’ എന്നായിരുന്നു മറുപടി. അപ്പോള്‍ നമുക്ക് ഇത് ഓണ്‍ലൈന്‍ വഴി വിറ്റാലോ എന്ന് ചോദിച്ചു. അതിനെ കുറിച്ച് ഒരു അറിവും അദ്ദേഹത്തിനില്ല. പക്ഷെ ടിയാന്റെ മോള്‍ ഐടി പഠിക്കുന്നത് കൊണ്ട് അവളോട് സംസാരിക്കാം എന്ന് പറഞ്ഞു. ഇത് കേട്ടതും കുട്ടിക്ക് വളരെ സന്തോഷം. ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത് മുംബൈ പോലുള്ള നഗരങ്ങള്‍. രണ്ടാം ഘട്ടമായി കേരളത്തിലെ അഗ്രഹാരങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളും. ചുരുക്കി പറയുകയാണെങ്കില്‍ ഓരോ സ്ഥലങ്ങളിലും സെയില്‍സ് ഓഫീസ് തുറക്കാതെ, വില്‍പ്പനക്ക് ആളുകളെ വെക്കാതെ, മധ്യവര്‍ത്തികള്‍ക്ക് ലാഭത്തിന്റെ ഒരു ശതമാനം നല്‍കാതെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പറ്റി. അതും ഏറ്റവും മികച്ച വിലയില്‍, ലാഭത്തില്‍ ഒരു കുറവുമില്ലാതെ. അദ്ദേഹത്തിന് ആകെ വന്ന ചെലവ് ഇതിന്റെ മുഴുവന്‍ കര്‍മപദ്ധതി തയ്യാര്‍ ചെയ്യുവാനും ആദ്യത്തെ മൂന്ന് മാസം നടപ്പിലാക്കാനും സഹായിച്ചതിന് എനിക്ക് തന്ന പ്രതിഫലം മാത്രം. പഴയ രീതികളില്‍ നിന്ന് മാറി ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ചെയ്യാവുന്നതേ ഉളളൂ ഇതെല്ലാം.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലെയുള്ള മികച്ച ഓണ്‍ലൈന്‍ വേദികള്‍ ഉള്ളപ്പോള്‍ അവ നല്ല വിധത്തില്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ ഇതിലും വലിയ തെറ്റ് വേറെ ഒന്നുമില്ല. ഇവയില്‍ എല്ലാം നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു പൈസ പോലും നല്‍കേണ്ടതില്ല. വേണ്ടത് നല്ല നിലവാരമുള്ള ചിത്രങ്ങള്‍, ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിശദമായ വിശദീകരണം, സത്യസന്ധമായി വില്‍പ്പന നടത്താനുള്ള മനസ്സ് എന്നിവ മാത്രമാണ്. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വരികയോ തുടര്‍ച്ചയായി ഉപഭോക്താക്കള്‍ റദ്ദാക്കുകയോ ചെയ്യുകയാണെങ്കില്‍ മാത്രമേ പ്രശ്‌നം വരുന്നുള്ളൂ. അതുകൊണ്ടു തന്നെ ദീര്‍ഘനാള്‍ ഓണ്‍ലൈന്‍ വ്യാപാരം ചെയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക. ഫാഷന്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പുരാതനവസ്തുക്കള്‍ എന്ന് തുടങ്ങി ഈ ഭൂലോകത്തുള്ള ഒട്ടു മിക്ക ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനില്‍ വില്‍ക്കാം. എന്തിനു പറയുന്നു, തേങ്ങയുടെ ചിരട്ട വരെ!

നിങ്ങളുടെ വില്‍പ്പനക്ക് ഇന്‍പുട്ട് ക്രെഡിറ്റ് എടുക്കാനും സാധിക്കും. എല്ലാ ആഴ്ചയുടെയും അവസാനം താങ്കളുടെ എക്കൗണ്ടിലേക്ക് അവരുടെ കമ്മീഷന്‍ കഴിച്ചുള്ള പണം എത്തുകയും ചെയ്യും. നിങ്ങള്‍ വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ആണ് വില്‍ക്കുന്നതെങ്കില്‍ മാത്രം ഇവരുടെ മുന്‍കൂട്ടിയുള്ള അനുമതി ലഭിച്ചിരിക്കണം. അത് പോലെ നിങ്ങളുടേത് ജിഎസ്ടി ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും ഇവിടെ വില്‍ക്കുന്നതിന് ഒരു തടസ്സവും ഇല്ല. ആമസോണും ഫ്‌ളിപ്കാര്‍ട്ടും എല്ലാം അവരിലൂടെ വിപണനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒരു വലിയ ടീം തന്നെ സജ്ജമാക്കിയിട്ടുണ്ട്. അവര്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കാനും തയാറാണ്. അത് കൂടാതെ ഈ ഓണ്‍ലൈന്‍ വീഥികളിലൂടെ വിജയിച്ച സാധാരണക്കാരുടെ വീഡിയോകള്‍ യൂട്യൂബിലും മറ്റും ലഭ്യമാണ്. അവര്‍ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്തു എന്ന വിവരങ്ങള്‍ എല്ലാം വെബ്‌സൈറ്റുകളില്‍ വിശദീകരിച്ചുകൊണ്ടിരിക്കും. അവ തുടര്‍ച്ചയായി കാണുകയാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഉള്ള അറിവ് ലഭിക്കും. ശ്രമിച്ചു നോക്കൂ, നഷ്ടപ്പെടാന്‍ ഒന്നുമില്ല… അടിച്ചാലോ ലോട്ടറിയും!

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider