വെയിലേല്‍ക്കാത്തവരില്‍ ചര്‍മ്മാര്‍ബുദം ഉണ്ടാകും

വെയിലേല്‍ക്കാത്തവരില്‍ ചര്‍മ്മാര്‍ബുദം ഉണ്ടാകും

കുട്ടികളെ അടച്ചിട്ടു വളര്‍ത്തരുത്, വെയിലേല്‍പ്പിക്കണമെന്നു പറയാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കാരണം കൂടി

സൂര്യപ്രകാശമേല്‍ക്കാതെ കുട്ടികളെ അടഞ്ഞ മുറികളില്‍ത്തന്നെ വളര്‍ത്തുന്നത് ഗുരുതരമായ ചര്‍മ്മാര്‍ബുദം (മെലനോമ) ഉണ്ടാക്കാനിടയാക്കുമെന്ന് പഠനം. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന അള്‍ട്രാവയലറ്റ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം ഉണ്ടാക്കുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക് കാരണമാകും. 336 മെലനോമാ രോഗികളെ പഠനവിധേയരാക്കിയാണ് നിഗമനത്തിലെത്തിയത്. ഇതില്‍ 114 പേര്‍ സൂര്യപ്രകാശമേല്‍ക്കാതെ ജീവിച്ചവരും 222 പേര്‍ അല്ലാത്തവരുമായിരുന്നു. ആണ്‍-പെണ്‍ വ്യത്യാസം, ചര്‍മ്മസ്വഭാവം, തലമുടിയുടെയും കണ്ണിന്റെയും നിറം, സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാധ്യത, പാരമ്പര്യഘടകങ്ങള്‍ തുടങ്ങി മെലനോമ വന്നിരിക്കാനിടയുള്ള പല ഘടകങ്ങളും കണക്കിലെടുത്താണ് രോഗനിര്‍ണയം നടത്തിയത്. പത്തു വര്‍ഷത്തിലേറെയായി സൂര്യപ്രകാശമേല്‍ക്കാത്തവരില്‍ രോഗം ബാധിക്കാന്‍ സാധ്യതയേറെയാണെന്ന് ഗവേഷകര്‍ കണക്കുകൂട്ടി.

മെലനോമ ഉണ്ടാകാന്‍ കാരണമാകുന്ന ജനിതകവ്യതിയാനം വെയിലേല്‍ക്കാത്തവരില്‍ സാധാരണമാണ്. പഠനവിധേയമാക്കിയവരുടെ സംഘത്തിലെ ഇത്തരക്കാരില്‍ 43 ശതമാനത്തിന് കൂടുതല്‍ രോഗബാധിതരാകാനുള്ള സാധ്യത കണ്ടെത്തി. ഇവരുമായി തരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം ചരിത്രമൊന്നുമില്ലാത്ത രോഗികളില്‍ 28 ശതമാനത്തിനു മാത്രമേ രോഗബാധയേറ്റിട്ടുള്ളൂവെന്നു കണ്ടെത്തി. മറ്റു കാന്‍സറുകളെ അപേക്ഷിച്ച് ചര്‍മ്മാര്‍ബുദത്തിന്റെ പ്രധാന പ്രത്യേകത രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാകുമെന്നതാണ്.

ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും മാരകമായ ഒന്നാണ് മെലനോമ. വശങ്ങളിലേക്ക് വളര്‍ന്നു പോകുന്ന മറുകുകള്‍, പുതുതായി വളരുന്ന മറുകുകള്‍ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കാലിലും കൈകളിലുമാണ് ഇത്തരം മറുകുകള്‍ കൂടുതലായും കാണപ്പെടുന്നത്.

സാധാരണയായി കണ്ടുവരുന്ന ത്വക്ക് കാന്‍സര്‍ അല്ല മെലനോമ. മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരുമെന്നതിനാല്‍ ഇത് അപകടകാരിയാണ്. അമിതമായി വെയിലേല്‍ക്കുന്നത് മെലനോമ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. 40 വയസ്സില്‍ താഴെയുള്ളവരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, മെലനോമ സാധ്യത ഏറുന്നു. അമിതമായി വെയിലേല്‍ക്കുന്നത് ഒഴിവാക്കി രോഗത്തെ തടയാം. ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന പുള്ളികള്‍, പാടുകള്‍ എന്നിവ രോഗനിര്‍ണ്ണയം നേരത്തേയാക്കുന്നു. അമിതമായി വെയിലേല്‍ക്കുന്നതാണ് മെലനോമ വരാനുള്ള പ്രധാന കാരണം. ചര്‍മ്മത്തില്‍ എവിടെ വേണമെങ്കിലും മെലനോമ ബാധിക്കാം. എന്നാല്‍ പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്നത് നെഞ്ചിലും മുതുകിലുമാണ്. സ്ത്രീകളില്‍ കാലുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മുഖം, കഴുത്ത് എന്നിവിടങ്ങളിലും ബാധിക്കാം. ശരീരത്തിനു നിറം നല്‍കുന്ന മെലനോസൈറ്റ് എന്ന കോശത്തിലാണ് ഈ കാന്‍സര്‍ രൂപംകൊള്ളുന്നത്. തൊലിപ്പുറത്ത് തുടങ്ങുന്ന ഈ കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികില്‍സ ഫലപ്രദമാണെങ്കിലും ആന്തരികാവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് രോഗതീവ്രതയും കൂടുന്നു. റേഡിയേഷനും സര്‍ജറിയുമാണ് ചികില്‍സ.

വെയില്‍ അമിതമായി ഏല്‍ക്കുന്നതു രോഗകാരണമാകുന്നതിനാല്‍ രോഗികളില്‍ പലരും സൂര്യപ്രകാശത്തില്‍ നിന്നും അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഇവര്‍ക്ക് വെയില്‍ ഏല്‍ക്കാതെയുള്ള ചികില്‍സയാണ് നിര്‍ദേശിക്കപ്പെടാറുള്ളത്. ഇത് സുരക്ഷിതമായ രീതിയല്ലെന്ന് കാള്‍ഗറി കുംമിംഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂണിവേഴ്‌സിറ്റി ഗവേഷകനായ ഡോ. ടോണി ബുര്‍ബിഡ്ജ് പറയുന്നു. വെയിലേല്‍ക്കുന്നത് രോഗം വഷളാക്കുമെന്നതിനാലാണ് ഗൃഹാന്തര ചികില്‍സ ശുപാര്‍ശ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അമിതമായി അള്‍ട്രാവയലറ്റ് ഏറ്റ രോഗികളെക്കാള്‍ കൂടുതലായി ഇവരിലാണ് മെലനോമ കണ്ടുപിടിക്കാനായത്. ഉയര്‍ന്ന അളവിലുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ത്വക്ക് കോശങ്ങള്‍ ആഗിരണം ചെയ്യുകയും ഡിഎന്‍എ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് ജനിതകവ്യതിയാനത്തിലേക്ക് നയിച്ചേക്കാം. കാലാകാലങ്ങളില്‍ ഇത് അടിഞ്ഞു കൂടി കാന്‍സറായി മാറും.

ചെറുപ്രായത്തില്‍ ദീര്‍ഘകാലം ഗൃഹാന്തര്‍ഭാഗത്ത് കഴിഞ്ഞു കൂടുന്നവരില്‍ ഡിഎന്‍എ നാശത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശരീരം മുഴുവനും അല്‍ട്രാവയലറ്റ് കിരണങ്ങള്‍ ഏല്‍ക്കുന്നവരേക്കാള്‍ മാരകമായി ചില ഭാഗങ്ങളില്‍ വെയില്‍ ഏല്‍ക്കുന്നത് ഇവര്‍ക്കു താങ്ങാനാകില്ല. ചര്‍മ്മകോശങ്ങള്‍ക്ക് വരുന്ന കേടുപാടുകള്‍ ഒരു സൂര്യാഘാതം അല്ലെങ്കില്‍ സണ്‍ബേണ്‍ ആയി കാണപ്പെടുന്നു. ഈ കരുവാളിപ്പ് ചര്‍മ്മത്തെ ബാധിക്കുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഇത് കാന്‍സര്‍ വരുത്താനുള്ള സാധ്യത ഏറെയാണ്. ഗൃഹാന്തര്‍ഭാഗത്ത് ഒതുക്കി ചികില്‍സ നല്‍കുന്ന രീതി ഒഴിവാക്കുന്നതിനു പുറമേ, ആളുകള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കേണ്ടതായിട്ടുണ്ട്. ഉച്ചസമയത്ത് വെയിലില്‍ നിന്നു സംരക്ഷണം തേടിയാലും രാവിലെയും വൈകുന്നേരവും സൂര്യപ്രകാശമേല്‍ക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു.

Comments

comments

Categories: Health