ജെറ്റ്: ബാധ്യതകള്‍ മാര്‍ഗതടസ്സമെന്ന് രജ്‌നീഷ് കുമാര്‍

ജെറ്റ്: ബാധ്യതകള്‍ മാര്‍ഗതടസ്സമെന്ന് രജ്‌നീഷ് കുമാര്‍

നിക്ഷേപകര്‍ പിന്മാറുന്നു; ജെറ്റിന്റെ ഓഹരി മൂല്യം 20 ശതമാനത്തോളം കുറഞ്ഞ് 122 രൂപയിലെത്തി

ന്യൂഡെല്‍ഹി: ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് 10 അടുത്തു വരുന്തോറും ജെറ്റ് എയര്‍വേയ്‌സിന്റെ സാധ്യതകള്‍ മങ്ങിവരുന്നു. വായ്പാ ദാതാക്കളായ പൊതുമേഖലാ ബാങ്കുകള്‍ കടം എഴുതിത്തള്ളില്ലെന്ന് ഉറപ്പായതോടെ ഇത്തിഹാദ് എയര്‍ലൈന്‍സും ടിപിജിയും അടക്കം തുടക്കത്തില്‍ താല്‍പ്പര്യം കാട്ടിയിരുന്ന കമ്പനികളും പിന്നോട്ട് വലിയുന്നെന്നാണ് സൂചന. ഇതോടെ കമ്പനി പാപ്പരത്ത കോടതിയിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള സാധ്യത വര്‍ധിച്ചു. ജെറ്റിന്റെ ഓഹരി ലേലത്തിലും നടപടിക്രമങ്ങളിലും നിലവിലെ കടബാധ്യത വലിയ മാര്‍ഗതടസ്സമായിരിക്കുകയാണെന്ന് പ്രധാന വായ്പാ ദാതാവായ എസ്ബിഐയുടെ ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പ്രതികരിച്ചു. ‘ബാധ്യതകളും നഷ്ടവും ഗണ്യമായ തോതിലുണ്ട്. ഈ ബാധ്യതകള്‍ എങ്ങനെ തീര്‍ക്കുമെന്നതും ഭാവിയില്‍ ലാഭകരമായി പറക്കാനാവുമോ എന്നതുമടക്കമുള്ള ചോദ്യങ്ങളാണ് നിക്ഷേപകരായി പരിഗണിക്കപ്പെടുന്നവരുടെ മനസിലുള്ളത്,’ അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപകരുടെ താല്‍പ്പര്യക്കുറവിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും കമ്പനി നഷ്ടം നേരിടുകയാണ്. പത്ത് വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് ജെറ്റിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ഇന്നലെ മാത്രം ജെറ്റിന്റെ ഓഹരി മൂല്യം 20 ശതമാനത്തോളം കുറഞ്ഞ് 122 രൂപയിലെത്തി.

വിമാനക്കമ്പനിയുടെ തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് മറ്റ് എയര്‍ലൈനുകളുമായി ചര്‍ച്ച നടത്തി. പതിനഞ്ചില്‍ പരം കമ്പനികളുമായാണ് ചര്‍ച്ച നടത്തിയത്. തൊഴില്‍ നഷ്ടമായവര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറാണെന്ന് ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിസ്താര അറിയിച്ചു. 100 പൈലറ്റുമാരെയും 400 കാബിന്‍ ക്രൂവിനെയും വിസ്താര ഏറ്റെടുക്കും. 100 പൈലറ്റുമാര്‍ ഉള്‍പ്പെടെ 500 ജീവനക്കാര്‍ക്ക് സ്‌പൈസ് ജെറ്റ് നിയമനം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy