ഹ്യുണ്ടായ് വെന്യൂ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ഹ്യുണ്ടായ് വെന്യൂ പ്രീ-ബുക്കിംഗ് ആരംഭിച്ചു

21,000 രൂപ നല്‍കി ബുക്കിംഗ് നടത്താം. ഈ മാസം 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ഈ മാസം 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ബുക്കിംഗ് സ്വീകരിക്കുന്നത് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ആരംഭിച്ചു. 21,000 രൂപ നല്‍കി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് മുഖേന അല്ലെങ്കില്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്കിംഗ് നടത്താവുന്നതാണ്. ഇന്ത്യയില്‍ നാല് വേരിയന്റുകളില്‍ ഹ്യുണ്ടായ് വെന്യൂ ലഭിക്കും. ഡെനിം ബ്ലൂ, ലാവ ഓറഞ്ച്, ഡീപ് ഫോറസ്റ്റ് എന്നീ കളര്‍ ഓപ്ഷനുകള്‍ കൂടാതെ മൂന്ന് ഡുവല്‍ ടോണ്‍ ഓപ്ഷനുകളിലും ലഭ്യമായിരിക്കും.

ഇന്ത്യയില്‍ രണ്ട് പെട്രോള്‍ എന്‍ജിനുകള്‍, ഒരു ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനായിരിക്കും. ഹ്യുണ്ടായ് ഐ20 ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ കപ്പ എന്‍ജിനും ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയില്‍ നല്‍കും. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. 1.4 ലിറ്റര്‍, 4 സിലിണ്ടര്‍, സിആര്‍ഡിഐ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും സമ്മാനിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആയിരിക്കും കൂട്ട്.

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് കാറായിരിക്കും ഹ്യുണ്ടായ് വെന്യൂ. ആകെയുള്ള 33 കണക്റ്റഡ് ഫീച്ചറുകളില്‍ പത്തെണ്ണം ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ട് നല്‍കിയതാണ്. ഇലക്ട്രിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, കോര്‍ണറിംഗ് ലാംപുകള്‍, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ് എന്നിവയോടെയാണ് സബ്‌കോംപാക്റ്റ് എസ്‌യുവി വരുന്നത്. ഇന്ത്യയില്‍ മാരുതി സുസുകി വിറ്റാര ബ്രെസ്സ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto