വീണ്ടും ‘ഹീറോ’യിസം; എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി വിപണിയില്‍

വീണ്ടും ‘ഹീറോ’യിസം; എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി വിപണിയില്‍

ബുക്കിംഗ് തുടങ്ങി. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിച്ചേക്കും

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയെ ഞെട്ടിച്ച് ഹീറോ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ 200 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന് എക്‌സ്പള്‍സ് 200 മോഡലിനെയും ഇന്ത്യയിലെ ഒരേയൊരു 200 സിസി മോഡേണ്‍ ടൂറര്‍ എന്ന് എക്‌സ്പള്‍സ് 200ടി മോഡലിനെയും കമ്പനി വിശേഷിപ്പിക്കുന്നു. അകാല ചരമമടഞ്ഞ ഹീറോ ഇംപള്‍സ് മോട്ടോര്‍സൈക്കിളിന്റെ പുനരവതാരമാണ് ഹീറോ എക്‌സ്പള്‍സ് ബൈക്കുകള്‍ എന്ന് പറയാം. ഇന്ത്യയിലുടനീളം മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് തുടങ്ങി. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിച്ചേക്കും.

എക്‌സ്പള്‍സ് 200ടി മോട്ടോര്‍സൈക്കിളിന് 94,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അതേസമയം എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ കാര്‍ബുറേറ്റഡ് വേരിയന്റിന് 97,000 രൂപയും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 1.05 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍. ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന് നേരിട്ടൊരു എതിരാളിയില്ല എന്നത് ശ്രദ്ധേയമാണ്.

ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാവുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഫുള്ളി എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ് എന്നീ ഫീച്ചറുകള്‍ രണ്ട് മോഡലുകള്‍ക്കും അവകാശപ്പെട്ടതാണ്. സര്‍വീസ് റിമൈന്‍ഡര്‍ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്ററുകള്‍ എന്നിവയും സവിശേഷതകള്‍ തന്നെ. സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് ഗ്രേ എന്നീ നിറങ്ങളില്‍ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളും സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, മാറ്റ് ഗ്രേ എന്നീ നിറങ്ങളില്‍ എക്‌സ്പള്‍സ് 200ടി ബൈക്കും ലഭിക്കും.

ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ ഫ്രെയിമിലാണ് രണ്ട് 200 സിസി ബൈക്കുകളും നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഓഫ് റോഡ്, ടൂറിംഗ് അനുസൃതമാക്കുന്നതിന് ധാരാളം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഉയര്‍ത്തി നല്‍കിയ മഡ്ഗാര്‍ഡ്, എന്‍ജിന്‍ ബാഷ് പ്ലേറ്റ്, പിന്നില്‍ മുകളിലേക്കായി നല്‍കിയ എക്‌സ്‌ഹോസ്റ്റ്, നക്കിള്‍ ഗാര്‍ഡുകള്‍ എന്നിവ ഹീറോ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളില്‍ കാണാം. എന്നാല്‍ എക്‌സ്പള്‍സ് 200ടി ബൈക്കില്‍ എക്‌സ്‌ഹോസ്റ്റ് സാധാരണ പോലെ സ്ഥാപിച്ചിരിക്കുന്നു. നിരത്തുകളില്‍ മണിക്കൂറുകളോളം റൈഡ് ചെയ്യാന്‍ കഴിയുംവിധമാണ് എര്‍ഗണോമിക്‌സ്.

മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 18 ഇഞ്ച് വയര്‍ സ്‌പോക്ക് വീലുകളിലാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഡുവല്‍ പര്‍പ്പസ് സിയറ്റ് ടയറുകള്‍ ഉപയോഗിക്കുന്നു. അതേസമയം, ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളില്‍ കണ്ട അതേ അലോയ് വീലുകളാണ് ടൂറിംഗ് വേര്‍ഷനായ എക്‌സ്പള്‍സ് 200ടി മോഡലില്‍ നല്‍കിയിരിക്കുന്നത്. സാധാരണ റോഡുകളില്‍ ഓടാനുള്ളതാണ് ടയറുകള്‍. 13 ലിറ്ററാണ് രണ്ട് ബൈക്കുകളിലെയും ഇന്ധന ടാങ്കിന്റെ ശേഷി.

ഹീറോ എക്‌സ്ട്രീം 200ആര്‍ ഉപയോഗിക്കുന്ന അതേ 199.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 18.4 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഹീറോ എക്‌സ്പള്‍സ് 200 ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 154 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ് എങ്കില്‍ കാര്‍ബുറേറ്റഡ് വേരിയന്റിന് ഒരു കിലോഗ്രാം ഭാരം കുറവാണ്. 150 കിലോഗ്രാമാണ് എക്‌സ്പള്‍സ് 200ടി മോട്ടോര്‍സൈക്കിളിന്റെ ഭാരം.

ഇരു ബൈക്കുകളുടെയും മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു. 190 എംഎം ട്രാവല്‍ ചെയ്യാന്‍ കഴിയുന്നതാണ് എക്‌സ്പള്‍സ് 200 ബൈക്കിലെ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍. രണ്ട് ബൈക്കുകളുടെയും പിന്നില്‍ മോണോഷോക്ക് കാണാം. എക്‌സ്പള്‍സ് 200ടി ബൈക്കില്‍ 7 സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് ആണെങ്കില്‍ എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളില്‍ 170 എംഎം ട്രാവല്‍ ചെയ്യുന്ന 10 സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 276 എംഎം ഡിസ്‌ക്കും പിന്നില്‍ 220 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സിംഗിള്‍ ചാനലാണ്.

Comments

comments

Categories: Auto
Tags: Hero Xpulse