തൊഴില്‍രംഗത്ത് വേണ്ടത് സമഗ്രമാറ്റങ്ങള്‍

തൊഴില്‍രംഗത്ത് വേണ്ടത് സമഗ്രമാറ്റങ്ങള്‍

അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ പ്രസക്തമാകുന്നത് യന്ത്രവല്‍ക്കൃതയുഗത്തിലെ തൊഴിലിന്റെ സ്വഭാവം തന്നെയായിരിക്കും. സര്‍ക്കാരുകളും നയരൂപകര്‍ത്താക്കളും കൃത്യമായി മനസിലാക്കേണ്ടതും മാറുന്ന ഈ തൊഴില്‍രീതികള്‍ തന്നെയാണ്

1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കാന്‍ കൂടിയാണ് ലോകത്ത് അന്താരാഷ്ട്ര തൊഴില്‍ ദിനം ആചരിക്കുന്നത്. എട്ട് മണിക്കൂര്‍ തൊഴിലെന്ന രീതി നടപ്പാക്കാന്‍ ആഹ്വാനം ചെയ്ത മുന്നേറ്റത്തിന് നാന്ദി കുറിക്കപ്പെട്ട ദിനം കൂടിയായിരുന്നു മേയ് 1. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ അത് പിന്നീട് ഏറ്റെടുത്തു. കാലം മാറിയപ്പോള്‍ തൊഴില്‍ സംസ്‌കാരത്തിലും തൊഴില്‍ രീതികളിലും എല്ലാം അടിമുടി മാറ്റങ്ങള്‍ വന്നു. പല രാജ്യങ്ങളും തൊഴിലാളിസൗഹൃദമായ രീതികള്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴും മറ്റു പല രാജ്യങ്ങളിലും തൊഴിലാളികളുടെ സ്ഥിതി അതിദയനീയവുമാണ്.

മൂന്ന് വ്യാവസായിക വിപ്ലവങ്ങള്‍ പിന്നിട്ട് ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തിലേക്ക് നടന്നുനീങ്ങുമ്പോള്‍ ഒരു തരത്തില്‍ തൊഴില്‍രംഗം അഭിമുഖീകരിക്കുന്നത് വലിയൊരു പ്രതിസന്ധി തന്നെയാണെന്ന് പറയാം. അതുതന്നെയായിരിക്കും ഈ തൊഴിലാളി ദിനത്തിലും ചര്‍ച്ചയാകേണ്ട പ്രധാന വിഷയങ്ങളിലൊന്ന്.

ഇന്ത്യയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ തൊഴിലില്ലായ്മ കടുത്ത രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികവിഷയമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ നിലവിലുള്ള നല്ലൊരു ശതമാനം തൊഴിലുകളും കൃത്രിമ ബുദ്ധിയും യന്ത്രപഠനവും വ്യാപകമാകുന്നതോടെ ഇല്ലാതാകുമെന്നും അസംഖ്യം പേരുടെ ജീവിതം വഴിയാധാരമാകുമെന്നുമുള്ള വിലയിരുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ തൊഴിലാളികളെ ബാധിക്കുമെന്ന പ്രശ്‌നം മുന്‍നിര്‍ത്തി പല സമൂഹങ്ങളിലും സാങ്കേതികവിദ്യയുടെ അത്യാധുനിക വികാസങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും പ്രകടമാണ്. ഈ പ്രശ്‌നത്തെ തൊഴില്‍ രംഗം ഏത് രീതിയില്‍ അഭിമുഖീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം.

നമ്മള്‍ വ്യാപരിക്കുന്ന ഓരോ ഇടത്തിലും സാങ്കേതികവിദ്യ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞു. അത് നമ്മുടെ ജീവിതവും തൊഴിലുമെല്ലാം മെച്ചപ്പെടുത്തുന്നുമുണ്ട്. വിവിധ പഠനങ്ങളുടെ നിഗമനങ്ങള്‍ അനുസരിച്ച് ഇന്നുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഭാവിയില്‍ ഡിജിറ്റലായേ മതിയാകൂ. 2022 ആകുമ്പോഴേക്കും ആഗോള ജിഡിപിയുടെ 60 ശതമാനവും വരുന്നത് ഡിജിറ്റല്‍ സ്രോതസ്സുകളില്‍ നിന്നായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ പഠനത്തില്‍ പറയുന്നു.

സാങ്കേതികപരമായ ഈ വെല്ലുവിളി മറികടക്കുന്നതിന് തൊഴില്‍രംഗത്ത് നൂതനാത്മകമായ നടപടികള്‍ എടുക്കുന്ന സ്ഥാപനങ്ങളാകും ഇനിയുള്ള കാലത്ത് കൂടുതല്‍ ശോഭിക്കുക. നിലവിലെ തൊഴിലാളികളെ പുതിയ സങ്കേതങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കുക എന്നതാണ് ഇതിലെ ഏറ്റവും ശ്രമകരമായ ദൗത്യം. 5ജി, ക്ലൗഡ് സാങ്കേതികവിദ്യ, ബിഗ് ഡാറ്റ, കൃത്രിമ ബുദ്ധി തുടങ്ങിയ സങ്കേതങ്ങളാണ് ഇനി എല്ലാ വ്യാവസായിക മേഖലകളെയും തൊഴില്‍ രംഗത്തെയും നിയന്ത്രിക്കാനിരിക്കുന്നത്. ഈ ബോധ്യത്തിലധിഷ്ഠിതമായി തൊഴില്‍ നയങ്ങളും വ്യവസായ നയങ്ങളും ചിട്ടപ്പെടുത്തിയാല്‍ മാത്രമേ പുതിയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ രാജ്യങ്ങള്‍ക്ക് സാധിക്കൂ. ഉല്‍പ്പാദനകേന്ദ്രീകൃതമായ പല മേഖലകളിലെയും സാധാരണ ജോലികള്‍ അതിയന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി നഷ്ടമാകുമെന്ന് തീര്‍ച്ചയാണ്. ഇതിന് പകരം പുതിയ തൊഴില്‍ മേഖലകള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും അതനുസരിച്ച് നിലവിലെ തൊഴിലാളികലേക്ക് അധിക നൈപുണ്യം എങ്ങനെ പകര്‍ന്ന് നല്‍കാമെന്നതുമായിരിക്കും മിക്ക കമ്പനികളുടെയും തലവേദന. ഇപ്പോഴേ ഇതുതിരിച്ചറിഞ്ഞ് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്കേ വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകൂ. ആസൂത്രണത്തില്‍ പാളിച്ച പറ്റിയാല്‍ തൊഴില്‍ നഷ്ടം സമൂഹത്തില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുകയും അത് രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹ്യ മുന്നേറ്റത്തെ ബാധിക്കുകയും ചെയ്യും.

Categories: Editorial, Slider
Tags: Work sector