കരള്‍ രോഗങ്ങളെ സൂക്ഷിക്കുക

കരള്‍ രോഗങ്ങളെ സൂക്ഷിക്കുക

മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍, കരള്‍വീക്കം, ഹെപ്പറ്റൈറ്റിസ് ബി എന്നിവ ഉള്ളവരില്‍ ചിലതരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. പത്തു പേരില്‍ ഒരാള്‍ക്ക് മരുന്നുകളുടെ ദീര്‍ഘകാല ഉപഭോഗത്തിലൂടെയുള്ള കരള്‍രോഗം പിടിപെടുമെന്ന് 29 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധഡോക്റ്റര്‍മാരുടെ കൂട്ടായ്മ വ്യക്തമാക്കി. ന്യൂനത പരിഹാര- ബദല്‍ മരുന്നുകളാണ് കരളിന്റെ നില വഷളാക്കുന്നതില്‍ ഏറ്റവും പ്രധാനം. ഇത്തരം ബദല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ, മുമ്പു തന്നെ കരള്‍ രോഗമുള്ളവരുടെ അവയവത്തിന് 72% നാശം സംഭവിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷയരോഗ മരുന്നുകള്‍ 27% നാശം വരുത്തുമ്പോള്‍ മറ്റ് മരുന്നുകള്‍ ഒരു ശതമാനവും കരളിനെ ബാധിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ഗാസ്‌ട്രോഎന്ററോളിയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അതിനാല്‍ ദീര്‍ഘകാല മരുന്നുപയോഗം ശ്രദ്ധാപൂര്‍വ്വം വേണമെന്നു ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. കരളാണ് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നത്. മരുന്നുകളില്‍ ഭൂരിഭാഗവും ദഹിപ്പിക്കുന്നതിന് കരളിന് ഒരുപാട് പ്രവര്‍ത്തിക്കേണ്ടി വരുന്നു. അതിനാല്‍ ദീര്‍ഘകാലത്തേക്ക് മരുന്നു സേവിക്കുന്ന രോഗികളില്‍ കൃത്യമായ ഇടവേളകളില്‍ കരള്‍ പരിശോധന നടത്തണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസ് രോഗങ്ങളും കരള്‍വീക്കവും മദ്യപാനശീലം മൂലമുള്ള കരള്‍ രോഗവും ഉള്ളവരാണ്് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇവരില്‍ മരുന്നുപയോഗം മൂലം കരള്‍വേഗത്തില്‍ നശിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മദ്യപാനശീലവും ഹെപ്പറ്റൈറ്റിസ് എ, ബി, ഇ വൈറസ് എന്നിവ മൂലവുമുണ്ടാകുന്ന കരള്‍ രോഗികളില്‍ ദീര്‍ഘകാല മരുന്നുപയോഗം മരണകാരണമാകാം. ഇത്തരം രോഗികളില്‍ മരണനിരക്ക് 46.5% ആണെന്നും പഠനത്തില്‍ തെളിഞ്ഞു. മരുന്നുകള്‍ ഉപയോഗിക്കാത്തവരില്‍ മരണനിരക്ക് 39% മാണ്. ആയുര്‍വ്വേദ മരുന്നുകളും ഫുഡ് സപ്ലിമെന്റുകളും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ സംയുക്തങ്ങളില്‍ പലപ്പോഴും കരളിനു ഹാനികരമായ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മരുന്നുപയോഗം മൂലം കരള്‍ വഷളാകുന്നവരില്‍ പ്രത്യേക പരിചരണവും ചിലപ്പോള്‍ കരള്‍ മാറ്റിവെക്കല്‍ ചികില്‍സയും വേണ്ടിവന്നേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Health