യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ വന്‍ നികുതി ചുമത്തുന്നു: ട്രംപ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ വന്‍ നികുതി ചുമത്തുന്നു: ട്രംപ്
  • പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ ആരോപണം
  • ഇന്ത്യക്ക് പുറമെ ചൈനയ്ക്കും ജപ്പാനും വിമര്‍ശനം; എല്ലാ രാജ്യങ്ങളും അമേരിക്കയ്ക്ക് നഷ്ടങ്ങളുണ്ടാക്കുന്നെന്ന് ട്രംപ്
  • അമേരിക്കക്ക് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ്

ന്യൂഡെല്‍ഹി: ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നെന്ന പരാതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. നേരത്തെ ഹാര്‍ലി-ഡേവിഡ്‌സണ്‍ ബൈക്കുകളുടെ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ ഇന്ത്യന്‍ നടപടിക്കെതിരെ രോഷപ്രകടനം നടത്തിയ ട്രംപ്, ഇത്തവണ പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവയെചൊല്ലിയാണ് ശബ്ദമുയര്‍ത്തുന്നത്. ‘വിദേശത്തുനിന്നുള്ള പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഇറക്കുമതി തീരുവ ചുമത്തുന്നില്ല. എന്നാല്‍ വിസ്‌കോണ്‍സിന്‍ (യുഎസിലെ മധ്യപശ്ചിമഭാഗത്തുള്ള സ്റ്റേറ്റ്) കമ്പനികള്‍ വിദേശത്തേക്ക് കയറ്റുമതി നടത്തുമ്പോള്‍ ചൈന, ഇന്ത്യ, വിയറ്റ്‌നാം പോലെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവയാണ് ചുമത്തുന്നത്. ഇത് ന്യായമല്ല,’ ട്രംപ് പറഞ്ഞു. വിസ്‌കോണ്‍സിനില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പുറമെ ചൈനയെയും ജപ്പാനെയും ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും യുഎസ് വിപണിയുടെ പ്രയോജനങ്ങള്‍ നേടിയ ശേഷം തിരികെ ഉയര്‍ന്ന നികുതി നിരക്കുകള്‍ ചുമത്തുകയാണെന്നാണ് കുറ്റപ്പെടുത്തല്‍.

മരത്തടിയുടെ പള്‍പ്പ്, പേപ്പര്‍ബോര്‍ഡ്, അച്ചടിച്ച പുസ്തകങ്ങള്‍, ന്യൂസ്പ്രിന്റ് എന്നിവയായി 1.08 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പ്പന്നങ്ങളാണ് 2018 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്്. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 12 ശതമാനം വര്‍ധിച്ച് 51.4 ബില്യണിലെത്തിയിട്ടുണ്ട്. അതേസമയം യുഎസില്‍ നിന്നുള്ള ഇറക്കുമതി 37.5 ശതമാനം വര്‍ധിച്ച് 34.1 ബില്യണുമായി. യുഎസുമായുള്ള വാണിജ്യത്തില്‍ ഇന്ത്യയുടെ മിച്ച വ്യാപാരം 17.3 ബില്യണ്‍ ഡോളറിലേക്ക് കുറഞ്ഞിട്ടും ട്രംപ് വിമര്‍ശനം കടുപ്പിക്കുകയാണ്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ മതിയായ വിപണി പ്രവേശം ഉറപ്പുനല്‍കുന്നില്ലെന്നാരോപിച്ച് വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന യുഎസ് നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെ 29 യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു വരെ നടപ്പിലാക്കിയിട്ടില്ല.

ലോക വ്യാപാര സംഘടന പുറത്തിറക്കിയ വേള്‍ഡ് താരിഫ് പ്രൊഫൈല്‍സ് 2018 അനുസരിച്ച് ഉയര്‍ന്ന താരിഫ് ചുമത്തുന്ന ജപ്പാന്‍ (736 %), ദക്ഷിണ കൊറിയ (807 %), യുഎസ് (350 %), ഓസ്‌ട്രേലിയ (163 %) എന്നീ രാജ്യങ്ങള്‍ക്കു പിറകിലാണ് 150 ശതമാനം താരിഫ് ചുമത്തുന്ന ഇന്ത്യയുടെ സ്ഥാനമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. വിസ്‌കി&വൈന്‍ (150 %), ഓട്ടോമൊബീല്‍ (60-100 %), മാംഗോ ജ്യൂസ് (50%) മാര്‍ബിള്‍ ബ്ലോക്‌സ്(40%) എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ ഉയര്‍ന്ന താരിഫ് ചുമത്തുന്നത്. 13.8 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ശരാശരി താരിഫ്. ഇത് 3.4 ശതമാനമെന്ന യുഎസിന്റെ താരിഫ് നിരക്കിനേക്കാള്‍ ഉയര്‍ന്നതാണെങ്കിലും മറ്റ് വികസ്വര രാജ്യങ്ങളുമായും ചില വികസിത രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ അത്ര ഉയര്‍ന്നതല്ല. ലോക വ്യാപാര സംഘടനയുടെ അംഗരാജ്യങ്ങള്‍ അംഗീകരിച്ച നിരക്ക് പരിധിയില്‍ നിന്നുകൊണ്ട് മാത്രമെ ഇന്ത്യ താരിഫ് ചുമത്തുന്നുള്ളെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Categories: FK News, Slider