വളര്‍ച്ച നിര്‍ണയിക്കുക മൂന്ന് ഘടകങ്ങള്‍: ഡി&ബി

വളര്‍ച്ച നിര്‍ണയിക്കുക മൂന്ന് ഘടകങ്ങള്‍: ഡി&ബി

ഉയരുന്ന എണ്ണ വിലയും ശക്തി പ്രാപിക്കുന്ന എല്‍ നിനൊയും പണപ്പെരുപ്പത്തെ സ്വാധീനിക്കും

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ്, എല്‍ നിനൊ, എണ്ണ എന്നീ മൂന്ന് ഘടകങ്ങളാണ് 2019 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ ഗതിയെ നിര്‍ണയിക്കുകയെന്ന് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ (ഡി&ബി) ഏറ്റവും പുതിയ സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട്. ഉയരുന്ന എണ്ണ വിലയും ശക്തി പ്രാപിക്കുന്ന എല്‍ നിനൊയും പണപ്പെരുപ്പത്തെ ബാധിക്കുമ്പോള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പ്രധാനമായും ബാധിക്കുക ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനത്തെയാണ്. ആഗോള പ്രതികൂലാവസ്ഥയും, പ്രദേശിക പ്രശ്‌നങ്ങളും മൂലം 2019 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സാമ്പത്തിക ഇടിവ് തുടര്‍ന്നേക്കും. വ്യോമയാനം, വൈദ്യുതി, ബാങ്കിംഗ്, എന്‍ബിഎഫ്‌സികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമ്പദ് വ്യവസ്ഥ കണ്ടുപിടിക്കേണ്ടതുണ്ടെന്നും പ്രശ്‌നങ്ങളെ നേരിടാന്‍ ഇത് സഹായിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഫാക്റ്ററി ഉല്‍പ്പാദന/വ്യാവസായിക ഉല്‍പ്പാദന സൂചികയായ ഐഐപി 2019 മാര്‍ച്ചില്‍ 1.0-1.5 ശതമാനം കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ശക്തിയാര്‍ജിക്കുന്ന എല്‍ നിനൊയും ഉയരുന്ന എണ്ണ വിലയും നോണ്‍ കോര്‍ വിഭാഗത്തില്‍ പണപ്പെരുപ്പ സമ്മര്‍ദത്തെ സൃഷ്ടിക്കും. 2019 ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.7-2.9 ശതമാനവും മൊത്തവില്‍പ്പന പണപ്പെരുപ്പം 2.8-3.0 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ 2019 ല്‍ ഇന്ത്യ 7.3 ശതമാനവും, 2020 ല്‍ 7.5 ശതമാനവും വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കിയിട്ടുള്ളത്. ചൈനയുടെ 6.6 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ ഇന്ത്യ 7.1 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2019 ല്‍ ചൈന 6.3 ശതമാനവും 2020 ല്‍ 6.1 ശതമാനവും വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തിയിട്ടുള്ളത്.

Categories: FK News, Slider