ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന
  • 39 ശതമാനം വര്‍ധനയാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്
  • ഇറക്കുമതി ചെലവ് 55.6 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡിലെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും റെക്കോഡ് വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 39 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം 12.3 ശതമാനം വര്‍ധന അനുഭവപ്പെട്ട സ്ഥാനത്താണിത്. 8.9 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റി അയച്ചത്.

അതേസമയം, 2018-2019ല്‍ രാജ്യത്തേക്കുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് 55.6 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡിലെത്തി. 2017 സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തിലുള്ള ഇന്ത്യയുടെ ഇറക്കുമതി ചെലവ് 51.5 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ എണ്ണ കഴിഞ്ഞാല്‍ സുപ്രധാന പങ്കുവഹിക്കുന്നത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയാണ്. ഇറക്കുമതി ചെലവ് വര്‍ധിച്ചെങ്കിലും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തിലുണ്ടായ വര്‍ധന കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്‍കുന്നുണ്ട്.

തമിഴ്‌നാട്ടിലെ നോക്കിയയുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് അടച്ചുപൂട്ടിയത് വഴി കയറ്റുമതി രംഗത്തുണ്ടായ ആഘാതം വലിയ തോതില്‍ കുറഞ്ഞതാണ് കയറ്റുമതി വരുമാനം വര്‍ധിച്ചതിനുള്ള ഒരു കാരണമായി അനലിസ്റ്റുകള്‍ പറയുന്നത്. 2014 ഒക്‌റ്റോബറിലാണ് നോക്കിയ തങ്ങളുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് അടച്ചുപൂട്ടിയത്. മൊബീല്‍ ഫോണ്‍ വിഭാഗത്തിലെ ഇറക്കുമതി സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളും തദ്ദേശീയമായി ഇത്തരം ഡിവൈസുകള്‍ നിര്‍മിക്കുന്നതിന് വിദേശത്തു നിന്നുള്ള കംപോണന്റുകളുടെ ഇറക്കുമതി വളരെ വേഗത്തില്‍ ഉയരുന്നതുമാണ് ഇറക്കുമതി ചെലവ് വര്‍ധിക്കാനുള്ള കാരണമായി അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

രണ്ട് കാരണങ്ങളും വിരല്‍ ചൂണ്ടുന്നത് മേക്ക് ഇന്‍ ഇന്ത്യയുടെ വിജയത്തിലേക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ടെലികോം ഇന്‍സ്ട്രുമെന്റുകളുടെ ഇറക്കുമതിയില്‍ 15 ശതമാനം ഇടിവാണുണ്ടായത്. 2017 സാമ്പത്തിക വര്‍ഷം മൊത്തമായി 17 ശതമാനം വര്‍ധന നിരീക്ഷിച്ച സ്ഥാനത്താണിത്. ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മൊത്തം ഇറക്കുമതിയില്‍ മൂന്നിലൊരു ഭാഗം പങ്കാളിത്തമാണ് ടെലികോം ഇന്‍സ്ട്രുമെന്റുകള്‍ക്കുള്ളത്. ഇലക്ട്രോണിക്‌സ് കംപോണന്റുകള്‍ 28 ശതമാനവും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകള്‍ 16 ശതമാനവും ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്റുകള്‍ 14 ശതമാനവും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ 9 ശതമാനവും പങ്ക് വഹിക്കുന്നു.

ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ മൊബീല്‍ ഫോണ്‍ അടക്കമുള്ള ടെലികോം ഇന്‍സ്ട്രുമെന്റുകളുടെ കയറ്റുമതിയില്‍ 129 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2.4 ബില്യണ്‍ ഡോളറിന്റെ വരുമാനം ഈ വിഭാഗത്തില്‍ നിന്നും നേടി. 2013-2014 സാമ്പത്തിക വര്‍ഷം മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നോക്കിയ പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുന്‍പാണ് ടെലികോം ഇന്‍സ്ട്രുമെന്റ് രംഗം ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ ഏറ്റവും വലയി വിഭാഗമായി മാറിയത്. 2013-2014ല്‍ 3.06 ബില്യണ്‍ ഡോളറായിരുന്നു ടെലികോം ഇന്‍സ്ട്രുമെന്റുകളുടെ കയറ്റുമതി വരുമാനം. 2014-2015ല്‍ ഇത് 1.07 ബില്യണ്‍ ഡോളറായി ചുരുങ്ങി. നോക്കിയ പ്ലാന്റ് അടച്ചുപൂട്ടിയതാണ് ഇതിന് പ്രധാന കാരണം.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് വര്‍ധിച്ചെങ്കിലും വര്‍ധനയുടെ വേഗത മുന്‍ വര്‍ഷത്തെ 23 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി കുറഞ്ഞിട്ടുണ്ട്. 46.8 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റ ഇറക്കുമതി ചെലവ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരക്ക് വിഭാഗത്തിലെ മൊത്തം വ്യാപാര കമ്മി 176.4 ബില്യണ്‍ ഡോളറിലെത്തിച്ചു.

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ച് മൊബീല്‍ ഫോണ്‍ വിഭാഗത്തില്‍ ഇറക്കുമതി സ്വഭാവത്തില്‍ ആരോഗ്യകരമായ മാറ്റം നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യ സെല്ലുലാര്‍ ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രു പറഞ്ഞു. 2020ഓടെ 1.5 ലക്ഷം കോടി രൂപയുടെ മൊബീല്‍ ഫോണ്‍ മാനുഫാക്ച്ചറിംഗും 50,000 കോടി രൂപയുടെ കംപോണന്റ് മാനുഫാക്ച്ചറിംഗുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് മറികടക്കാനായെന്നും 2025ഓടെ മൊബീല്‍ ഫോണ്‍ വിഭാഗത്തില്‍ മാത്രം 110 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ലക്ഷ്യമിടുന്നതെന്നും പങ്കജ് മൊഹീന്ദ്രു പറഞ്ഞു.

2014നും 2017നും ഇടയില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ മൂല്യത്തില്‍ 37 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യം ഇക്കാലയളവില്‍ 9 ബില്യണ്‍ ഡോളറില്‍ നിന്നും 22 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 70 മില്യണ്‍ യൂണിറ്റില്‍ നിന്നും 150 മില്യണ്‍ യൂണിറ്റായും വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy