ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും ഹൃദ്രോഗത്തിനു വഴിവെക്കും

ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും ഹൃദ്രോഗത്തിനു വഴിവെക്കും

തൊഴിലാളികളില്‍ മൂന്നിലൊരാള്‍ക്ക് സമ്മര്‍ദ്ദഫലമായുള്ള രക്താദിമര്‍ദ്ദമുണ്ട്

ജോലിയുടെ സമ്മര്‍ദ്ദവും ഉറക്കക്കുറവും തൊഴിലാളികളില്‍ ഹൃദ്രോഗത്തിനു മൂന്നിരട്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. രക്താദിമര്‍ദ്ദം ഉള്ള തൊഴിലാളികള്‍ക്കിയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണം ഇതാണ്. ഉറക്കം പ്രധാനമായും വിശ്രമമാണ്, ഇതില്‍ വിനോദം, വിശ്രാന്തി, നഷ്ടമായ ഊര്‍ജം തിരിച്ചുപിടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി പഠനത്തിനു നേതൃത്വം കൊടുത്ത കാള്‍-ഹീന്‍സ് ലാഡ്വിഗ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഉറക്കക്കുറവും തൊഴില്‍സമ്മര്‍ദ്ദവും ഹൈപ്പര്‍ടെന്‍ഷനുമായി കൂടിച്ചേരുമ്പോള്‍ മാരകമായ പ്രത്യാഘാതമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതു സംബന്ധിച്ച ആദ്യ പഠനമാണിത്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവെന്റീവ് കാര്‍ഡിയോളജിയില്‍ ഗവേഷണഫലം പസിദ്ധീകരിച്ചു.

ഹൃദ്രോഗമോ പ്രമേഹമോ ഇല്ലാത്ത ഹൈപ്പര്‍ടെന്‍ഷനുള്ള 25-65 പ്രായപരിധിയില്‍പ്പെട്ട 1,959 ജോലിക്കാരെയാണ് പഠനവിധേയരാക്കിയത്. ജോലിസമ്മര്‍ദ്ദമോ ഉറക്കപ്രശ്‌നങ്ങളോ ഇല്ലാത്തവരെ അപേക്ഷിച്ച്, ഈ രണ്ടു പ്രശ്‌നവുമുള്ളവരില്‍ ഹൃദ്രോഗം മൂലമുള്ള മരണത്തിനു മൂന്നിരട്ടി സാധ്യതയുള്ളതായി കണ്ടെത്തി. ഇതില്‍ ജോലിയുടെ സമ്മര്‍ദ്ദം മാത്രമുള്ളവരില്‍ അല്ലാത്തവരേക്കാള്‍ 1.6 മടങ്ങ് കൂടുതലും ഉറക്കപ്രശ്‌നമുള്ളവര്‍ക്ക് 1.8 മടങ്ങ് കൂടുതലും ഹൃദ്രോഗ സാധ്യത ഉണ്ടായിരുന്നു. ശരാശരി 18 വര്‍ഷം നടത്തിയ തുടര്‍പരിശോധനകളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള ജീവനക്കാരില്‍ ഹൃദ്രോഗം മൂലമുള്ള മരണത്തിനുള്ള സാധ്യത സംപൂര്‍ണമാണെന്നും കണ്ടെത്തി. ഇവരില്‍ ഹൃദ്രോഗം ഘട്ടം ഘട്ടമായി വളരുന്നു. രണ്ടു തരത്തിലുള്ള പ്രശ്‌നങ്ങളുമനുഭവിക്കുന്നവരില്‍ ആയിരത്തിന് 7.13 എന്ന തോതില്‍ സംപൂര്‍ണ മരണ നിരക്കുണ്ടാകുമെന്ന് കണ്ടെത്തി. ഇരുപ്രശ്‌നങ്ങളുമില്ലാത്തവരില്‍ ആയിരത്തിന് 3.05 നിരക്കായിരുന്നു ഇത്.

ജോലിയിലെ ഉയര്‍ന്ന സമ്മര്‍ദ്ദം എന്നതു കൊണ്ടുദ്ദേശിക്കുന്നത് വന്‍ ഡിമാന്‍ഡുള്ളതും എന്നാല്‍ നിയന്ത്രണം തുലോം കുറഞ്ഞതുമായ തൊഴിലുകളാണ്. ഉദാഹരണമായി തൊഴില്‍ ദാതാവ് മികച്ച ഫലങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ത്തന്നെ അതിനു തക്ക തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ജീവനക്കാരനു നിഷേധിക്കപ്പെടുന്ന ജോലികള്‍. വളരെയധികം ആവശ്യകത ഉള്ള ജോലിയില്‍ നിങ്ങള്‍ക്ക് നിയന്ത്രണം കൂടിയുണ്ടെങ്കില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ഇത് ആരോഗ്യത്തിനും ഗുണകരമാണ്. എന്നാല്‍ മാറ്റം വരുത്താന്‍ ശേഷിയില്ലാത്ത കുടുക്കില്‍പ്പെട്ട അവസ്ഥയിലാണെങ്കില്‍ അത് വലിയ സമ്മര്‍ദ്ദത്തിനിടയാക്കുകയും ആരോഗ്യത്തെ ഹനിക്കുകയും ചെയ്യുമെന്ന് ലാഡ്വിഗ് പറഞ്ഞു.

ഉറക്കക്കുറവ് എന്നു പറയുന്നത് ഉറക്കം കിട്ടാന്‍ പ്രയാസം നേരിടുന്നതും ഉറക്കത്തിനിടെ ഉണരുകയും പിന്നെ, ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നതിനെയുമാണ്. സമ്മര്‍ദ്ദമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറ്റവും സാധാരണ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. പുലര്‍ച്ചെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഓഫിസ് കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നവരാണിവര്‍. ഈ ഘട്ടത്തില്‍ നിദ്രാദേവി ഇവരെ വിട്ടകലുന്നു, പിന്നെ അനുഗ്രഹിക്കുകയേ ഇല്ല. പകലും ഇവര്‍ക്ക് ഉറക്കം ഇല്ല. ഇത് ഗുരുതര പ്രശ്‌നമാണ്. ദീര്‍ഘകാലത്തെ ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും അകാലമരണത്തിലേക്കു നയിച്ചേക്കാമെന്ന് ലാഡ്വിഗ് ചൂണ്ടിക്കാട്ടി. തൊഴിലുടമകള്‍ സ്‌ട്രെസ് മാനേജ്‌മെന്റും ഉറക്കം ലഭിക്കാനുള്ള ചികില്‍സയും ജീവനക്കാര്‍ക്കു നല്‍കണമെന്ന് നിര്‍ദേശിക്കപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ പോലുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകിച്ച്.

സ്‌ട്രെസ് മാനേജ്‌മെന്റ് സെഷന്‍

അഞ്ച് മുതല്‍ 10 മിനുറ്റ് വിശ്രമ വേളയോടെയാണ് ഈ സെഷന്‍ ആരംഭിക്കേണ്ടത്. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള ക്ലാസ് (പുകവലി നിര്‍ത്തല്‍, വ്യായാമം, ഭാരം കുറയ്ക്കല്‍ എന്നിവയ്ക്കു സഹായകമായ ബോധവല്‍ക്കരണം), വീട്ടിലും ഓഫിസിലും സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അകറ്റാനുള്ള മാര്‍ഗങ്ങള്‍ നല്‍കുക, സമ്മര്‍ദ്ദങ്ങളനുഭവിക്കുന്നവര്‍ക്കു വേണ്ട പിന്തുണ നല്‍കുക തുടങ്ങിയി കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഉറക്ക ചികില്‍സ

സ്റ്റിമുലസ് കണ്‍ട്രോള്‍ തെറാപ്പിയാണ് ഇതില്‍ പ്രധാനമായും നിര്‍ദേശിക്കപ്പെടുന്നത്. കിടക്കയും കിടപ്പുമുറിയും ഉറക്കത്തിനും പ്രേരിപ്പിക്കുന്ന വിധത്തില്‍ സജ്ജീകരിക്കാനുള്ള പരിശീലനം. റിലാക്‌സേഷന്‍ പരിശീലനമാണ് മറ്റൊന്ന്. ഉറക്കം നഷ്ടപ്പെടുത്തുന്ന ദുഷ്ചിന്തകള്‍ കുറയ്ക്കുന്നതാണ് ഇതില്‍ വരുക. ഉറക്കത്തെ നിയന്ത്രണത്തിലാക്കുകയെന്നു വെച്ചാല്‍ ഉറക്കത്തിലേക്കു പ്രവേശിക്കുവാനുള്ള സമയം കുറയ്ക്കുകയാണ്, കുറച്ചു സമയം ഉറക്കം നില്‍ക്കുകയും ഉറക്കസമയം നീട്ടുകയും ചെയ്യുക. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു വരാതിരിക്കാനുള്ള പരിശീലനവും ഉല്‍ക്കണ്ഠ ഇല്ലാതാക്കാനും പരിശീലിക്കുക.

Comments

comments

Categories: Health