ബാരിയാട്രിക് ശസ്ത്രക്രിയ പ്രസവസങ്കീര്‍ണത കൂട്ടും

ബാരിയാട്രിക് ശസ്ത്രക്രിയ പ്രസവസങ്കീര്‍ണത കൂട്ടും

തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കു വിധേയരായവരില്‍ പ്രസവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ സാധ്യത

പ്രസവത്തിനു മുമ്പ് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് (ബാരിയാട്രിക്) വിധേയരായ സ്ത്രീകള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടികള്‍ക്കു ജന്മം കൊടുക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്. ബാരിയാട്രിക് ശസ്ത്രക്രിയക്കോ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്കോ വിധേയരായ സ്ത്രീകളില്‍ ഇത്തരം പ്രസവാനന്തരപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ സാധ്യതയുള്ളതായി പഠനം സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പ്രത്യേക ഗര്‍ഭധാരണ പൂര്‍വ്വപരിചരണവും ഗര്‍ഭധാരണസമയത്ത് കൂടുതല്‍ പോഷകാഹാര പിന്തുണയും വേണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സൈനബ് അക്തര്‍ ആവശ്യപ്പെട്ടു. ഇത് ഇവരില്‍ പോഷകാഹാരക്കുറവും ഭ്രൂണവളര്‍ച്ചയും സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു.

പ്രസവത്തിനു മുമ്പ് ബാരിയാട്രിക് ശസ്ത്രക്രിയക്കു വിധേയരായ 14,800 ഗര്‍ഭിണികളെ ഇത്തരം ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത 40ലക്ഷം ഗര്‍ഭിണികളുമായി താരതമ്യപഠനത്തിനു വിധേയരാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അമിതഭാരമുള്ള ഗര്‍ഭിണികള്‍ ഗര്‍ഭധാരണത്തോട് അനുബന്ധിച്ചുണ്ടായ പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലുള്ള സങ്കീര്‍ണതകള്‍ കൊണ്ടു ബുദ്ധിമുട്ടിയിരുന്നു. പ്രസവത്തിനു മുമ്പു തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ഈ അരിഷ്ടതകള്‍ നീക്കി. എന്നാല്‍ ആമാശയം വെട്ടിക്കുറയ്ക്കുന്നതു പോലുള്ള ചില ബാരിയാട്രിക് ശസ്ത്രക്രിയകള്‍ സൂക്ഷ്മപോഷകങ്ങളെ ആഗിരണം ചെയ്യുകയും ഭ്രൂണവളര്‍ച്ച തടസപ്പെടുത്തുകയും ചെയ്യും. വയസ്സ്, പുകവലിശീലം, പ്രമേഹം തുടങ്ങിയ പ്രസവഫലങ്ങളെ ബാധിക്കുന്ന ഘടകങ്ങള്‍ക്കനുസരിച്ചാണോ ഇതു സംബന്ധിച്ച വിശകലനങ്ങള്‍ നടത്തിയത് എന്നു വിലയിരുത്തും.

ബാരിയാട്രിക് ശസ്ത്രക്രിയക്കു ശേഷം ജനിച്ച കുഞ്ഞുങ്ങളില്‍ 57 ശതമാനവും പൂര്‍ണവളര്‍ച്ചയെത്താത്തതാണെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. 29 ശതമാനം കുട്ടികളില്‍ ജന്മനാ ഉള്ള വൈകല്യങ്ങള്‍ കണ്ടെത്തിയെന്നും 41 ശതമാനം കുട്ടികളെ നവജാതശിശുക്കള്‍ക്കായുള്ള തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും കണ്ടെത്തി. 38 ശതമാനം കുട്ടികള്‍ പ്രസവത്തോടനുബന്ധിച്ച് മരിച്ചു പോകാന്‍ ഏറെ സാധ്യതയുള്ളവരായിരുന്നു. ബാരിയാട്രിക് ശസ്ത്രക്രിയക്കു ശേഷം പ്രസവിച്ചവരുടെ ശിശുക്കള്‍ക്ക് അല്ലാത്തവര്‍ക്ക് ജനിച്ചവരേക്കാള്‍ ശരാശരി 200 ഗ്രാം ഭാരം കുറഞ്ഞതായി മറ്റൊരു കണ്ടെത്തല്‍ സൂചിപ്പിക്കുന്നു. കൂടാതെ, ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളില്‍ ഗര്‍ഭകാലം താരതമ്യേന ഹ്രസ്വവുമായിരുന്നുവെന്നു കണ്ടെത്തി.

അമ്മമാരുടെ ബാരിയാട്രിക് ശസ്ത്രക്രിയ ഭ്രൂണവളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്നത് പഠനത്തില്‍ വ്യക്തമായില്ലെന്നു സൈനബ് പറയുന്നു. എന്നാല്‍, ഇത്തരം ശസ്ത്രക്രിയ കഴിഞ്ഞവരില്‍ പോഷകക്കുറവ് ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത്തരം വ്യത്യാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. അങ്ങനെ ശസ്ത്രക്രിയക്കു വിധേയരായ സ്ത്രീകളെയും അവരുടെ കുട്ടികളെയും ആരോഗ്യവാന്മാരായി സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നും സൈനബ് പറയുന്നു. പ്രധാനമായും താക്കോല്‍ ദ്വാര ശസ്ത്രക്രിയാ മാര്‍ഗ്ഗം അവലംബിച്ചുള്ള ചികില്‍സാരീതിയാണ് ബാരിയാട്രിക്. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയാണ് പ്രധാന ഉദ്ദേശ്യം. അല്ലെങ്കില്‍ ദഹന ശേഷം ആഗിരണം ചെയ്യുന്ന കലോറി കുറയ്ക്കുന്നു.

അഡ്ജസ്റ്റബ്ള്‍ ഗാസ്ട്രിക് ബാന്‍ഡ് എന്ന ശസ്ത്രക്രിയയില്‍ ഒരു ബാന്‍ഡ് ഉപയോഗിച്ച് നമ്മുടെ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുകയും അതുവഴി ഒരു പ്രാവശ്യം രോഗിക്ക് പരമാവധി കഴിക്കാവുന്ന ആഹാരത്തിന്റെ അളവ് 100 മില്ലിഗ്രാമാക്കി കുറയ്ക്കുകയാണ് ചെയ്യുക. ഇതോടെ കുറച്ചു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറു നിറയും. സ്വാഭാവികമായും ഭക്ഷണം കഴിക്കുന്നതില്‍ കുറവു വരും. കൂടുതല്‍ ആഹാരം കഴിക്കാന്‍ കഴിയാതെവരുമ്പോള്‍ സ്വാഭാവികമായും രോഗിയുടെ ഭാരം കുറയാന്‍ തുടങ്ങും. ഗ്യാസ്ട്രിക് ബൈപാസ് ആണ് മറ്റൊരു ശസ്ത്രക്രിയ. ഇതും കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുകയാണു ചെയ്യുന്നത്. ചെറുകുടലിന്റെ പകുതി ഭാഗത്തുകൂടെ മാത്രം ആഹാരം കടത്തിവിടാനുള്ള സജ്ജീകരണമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അതോടെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നതിന്റെ അളവ് കുറയും. ഇതു കൂടുതല്‍ ഫലപ്രദമാണെങ്കിലും അല്‍പം സങ്കീര്‍ണമാണ്.

സാധാരണഗതിയില്‍ 200 കിലോഗ്രാമിലധികം ഭാരമുള്ളവര്‍ക്കേ ഈ ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളു. ശസ്ത്രക്രിയക്കു ശേഷം പോഷകാഹാരക്കുറവ് വരാനും പിത്താശയക്കല്ല് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ അവ പ്രതിരോധിക്കുന്നതിന് മറ്റ് ചികില്‍സകള്‍ വേണ്ടി വരും. മൂന്നുമണിക്കൂര്‍ വരെ ദൈര്‍ഘ്യം വരുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നത്. ബാരിയാട്രിക് ശസ്ത്രക്രിയ കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസത്തെ ആശുപത്രിവാസവും 10 ദിവസത്തെ വിശ്രമവും മതിയാകും. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒഴികെ ആര്‍ക്കും ഈ ശസ്ത്രക്രിയ ചെയ്യാം.

Comments

comments

Categories: Health