2025 ല്‍ എല്ലാ ബ്രാഞ്ചുകളെയും ലാഭത്തിലാക്കാന്‍ യെസ് ബാങ്ക്

2025 ല്‍ എല്ലാ ബ്രാഞ്ചുകളെയും ലാഭത്തിലാക്കാന്‍ യെസ് ബാങ്ക്

ബാങ്കിന്റെ 1,100 ബ്രാഞ്ചുകളില്‍ വെറും 30 ശതമാനം മാത്രമാണ് നിലവില്‍ ലാഭകരം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായ പാലിച്ചാണ് യെസ് ബാങ്ക് മുന്നോട്ട് നീങ്ങുന്നതെന്ന് ഉറപ്പാക്കാന്‍ ശ്രമങ്ങളുമായി പുതുതായി ചുമതലയേറ്റ സിഇഒ റവ്‌നീത് ഗില്‍. ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതില്‍ മാത്രമല്ല, ഭരണപരമായ കാര്യങ്ങളിലും ഈ ലക്ഷ്യമാണ് ഗില്ലിനുള്ളത്. ബാങ്കിന്റെ 1,100 ബ്രാഞ്ചുകളില്‍ വെറും 30 ശതമാനം മാത്രമാണ് നിലവില്‍ ലാഭകരം. 2023 ഓടെ 80 ശതമാനത്തേയും 2025 ഓടെ 100 ശതമാനം ബ്രാഞ്ചുകളെയും ലാഭകരമാക്കാനാണ് ലക്ഷ്യമിടുന്നത്. യെസ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തുവിട്ടത്. മാര്‍ച്ച് 31ന് അവസാനിച്ച് പാദത്തില്‍ ബാങ്കിന്റെ നഷ്ടം 1,506 കോടി രൂപയാണ്. ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നഷ്ടമാണിത്.

മാര്‍ച്ച് പാദത്തിലെ വന്‍ നഷ്ടക്കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ അടുത്തിടെ ഒരു ബഹുരാഷ്ട്ര കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് ഗില്‍ സൂചിപ്പിച്ചിരുന്നു. ഈ ബഹുരാഷ്ട്ര കമ്പനിക്ക് വലിയ തോതിലുള്ള പണമയക്കല്‍ ഇടപാടുകളാണ് വേണ്ടിയിരുന്നതെന്നും ആര്‍ബിഐയുടെ തടസങ്ങളില്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് അറിയാന്‍ വേണ്ടിയാണ് അവര്‍ ബാങ്കിനെ സമീപിച്ചതെന്നും ഗില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചട്ടങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വ്യക്തമായ സന്ദേശം വിപണിക്ക് നല്‍കിയിട്ടുണ്ടെന്നും യെസ് ബാങ്ക് മേധാവി കൂട്ടിച്ചേര്‍ത്തു.

യെസ് ബാങ്കിന്റെ ഭരണ രംഗത്തും പ്രവര്‍ത്തനത്തിലും കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് ഗില്ലിന്റെ ശ്രമം. ഡ്യൂഷെ ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മുന്‍ തലവനും ബാങ്കിംഗ് മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള ഗില്ലിന്റെ സാന്നിധ്യം യെസ് ബാങ്കിന് കരുത്താകുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Banking
Tags: 2025, Yes Bank