ശാഖകളുടെ  പങ്കാളിത്തം വിലയിരുത്താന്‍ എസ്ബിഐ

ശാഖകളുടെ  പങ്കാളിത്തം വിലയിരുത്താന്‍ എസ്ബിഐ

ബ്രാഞ്ചുകളിലെ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിന്റെ ഭാഗമാക്കാമെന്ന് പരിശോധിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, ശാഖകളുടെ പ്രവര്‍ത്തനം വിലയിരുത്താനൊരുങ്ങുന്നു. ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ വളര്‍ച്ചയില്‍ ശാഖകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. ബ്രാഞ്ചുകളില്‍ നടത്തുന്ന ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിന്റെ ഭാഗമാക്കാമെന്ന് ബാങ്ക് പരിശോധിക്കും. പദ്ധതിയോടനുബന്ധിച്ച് ബാലന്‍സ് ഷീറ്റ് ഒപ്റ്റിമൈസേഷന്‍, ആസ്തികളില്‍ നിന്ന് പരമാവധി വരുമാനം നേടല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചാ അവസരങ്ങള്‍ കണ്ടെത്തുക, കറന്റ് എക്കൗണ്ട് നേടുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുക, ബാലന്‍സ് വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റിന്റെ സേവനം ആവശ്യമാണെന്നാണ് ബാങ്കിന്റെ പക്ഷം. ടെക്‌നോളജി ഉപയോഗം വര്‍ധിപ്പിച്ചുകൊണ്ട് ഭൗതികമായ സൗകര്യങ്ങളുടെ ചെലവ് കുറക്കാന്‍ എസ്ബിഐ ആലോചിക്കുന്നുണ്ട്.

2018 ജനുവരിയില്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ബാങ്കുകളുടെ നവീകരണത്തിനുള്ള അജന്‍ഡയില്‍ ഹോം, മൊബീല്‍ ബാങ്കിംഗ് സേവനങ്ങള്‍ ക്രമേണ പരമ്പരാഗതമായ ശാഖ സന്ദര്‍ശിച്ചുള്ള ഇടപാടുകള്‍ കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബീല്‍ ബാങ്കിംഗ്, ഏകീകൃത മൊബീല്‍ ആപ്പുകള്‍, ഫോണ്‍ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ ബാങ്കിംഗ് സേവന രീതികള്‍ പ്രോല്‍സാഹിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. പരമാവധി അടിസ്ഥാന സൗകര്യ ചെലവുകള്‍ കുറച്ചുകൊണ്ട് മുന്നോട്ടു നീങ്ങാനാണ് പദ്ധതി.

Categories: Banking, Slider
Tags: SBI