നിസാന്‍ ജിടി-ആര്‍ അമ്പതാം ആനിവേഴ്‌സറി എഡിഷന്‍ പ്രദര്‍ശിപ്പിച്ചു

നിസാന്‍ ജിടി-ആര്‍ അമ്പതാം ആനിവേഴ്‌സറി എഡിഷന്‍ പ്രദര്‍ശിപ്പിച്ചു

ജിടി-ആര്‍ ബാഡ്ജിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് നിര്‍മ്മിച്ചത്

ന്യൂയോര്‍ക് : നിസാന്‍ ജിടി-ആര്‍ സ്‌പോര്‍ട്‌സ് കാറിന്റെ പ്രത്യേക പതിപ്പ് ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. ജിടി-ആര്‍ ബാഡ്ജിന്റെ (ഗ്രാന്‍ ടൂറിസ്‌മോ റേസര്‍) അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ നിസാന്‍ ജിടി-ആര്‍ നിര്‍മ്മിച്ചത്. 1969 ലാണ് നിസാന്‍ ആദ്യമായി ജിടി-ആര്‍ ബാഡ്ജ് അവതരിപ്പിക്കുന്നത്. നിസാന്‍ സ്‌കൈലൈന്‍ കാറുകളുടെ ഒരു വേരിയന്റ് എന്ന നിലയിലാണ് അന്ന് ജിടി-ആര്‍ ബാഡ്ജ് പ്രഖ്യാപിച്ചത്. 2007 ല്‍ മാത്രമാണ് സ്‌കൈലൈനില്‍നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം നിലയില്‍ നിസാന്‍ ജിടി-ആര്‍ വിപണിയിലെത്തുന്നത്.

‘പൈതൃക പ്രചോദിതമായ’ മൂന്ന് കളര്‍ സ്‌കീമുകളിലാണ് നിസാന്‍ ജിടി-ആര്‍ സ്‌പെഷല്‍ എഡിഷന്‍ ലഭ്യമാക്കുന്നത്. ജപ്പാന്‍ ജിപി സീരീസില്‍ മല്‍സരിച്ച സ്‌കൈലൈന്‍ ജിടി-ആര്‍ കാറുകളുടെ ലിവറി അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൂന്ന് കളര്‍ സ്‌കീമുകള്‍. നിസാന്‍ സ്‌കൈലൈന്‍ ആര്‍34 ജിടി-ആര്‍ മോഡലില്‍ നല്‍കിയിരുന്ന ‘ബേസൈഡ് ബ്ലൂ’ ഉള്‍പ്പെടെയുള്ളവയാണ് മൂന്ന് നിറങ്ങള്‍. കാറിനകത്ത് പ്രത്യേക ചാര നിറമാണ് നല്‍കിയിട്ടുള്ളത്.

കൈകൊണ്ട് നിര്‍മ്മിച്ച 3.8 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി6 എന്‍ജിന്‍ നിസാന്‍ ജിടി-ആര്‍ അമ്പതാം ആനിവേഴ്‌സറി എഡിഷന് കരുത്തേകുന്നു. ഈ മോട്ടോര്‍ 570 എച്ച്പി കരുത്തും 633 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. താഴ്ന്ന ആര്‍പിഎമ്മില്‍ കൂടുതല്‍ മികച്ച പ്രകടനവും മെച്ചപ്പെട്ട ഇന്ധനമതയും ലഭിക്കുന്നതിന് പുതിയ ടര്‍ബോചാര്‍ജറുകള്‍ സഹായിക്കുമെന്ന് നിസാന്‍ അറിയിച്ചു. 2019 ജിടി-ആര്‍ മോഡലുകളും ഇതേ എന്‍ജിന്‍ ഉപയോഗിക്കുന്നു. പരിഷ്‌കരിച്ച 6 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിന്റെ ചങ്ങാതി. പരമാവധി പെര്‍ഫോമന്‍സ് സമ്മാനിക്കുന്ന ആര്‍-മോഡ് പരിഷ്‌കരിച്ചു. റൈഡ് കംഫര്‍ട്ട്, കോര്‍ണറിംഗ് സ്റ്റബിലിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇലക്ട്രോണിക്കലായി നിയന്ത്രിക്കാവുന്ന സസ്‌പെന്‍ഷന്‍ സംവിധാനവും പരിഷ്‌കരിച്ചു.

സ്റ്റാന്‍ഡേഡ് നിസാന്‍ ജിടി-ആര്‍ സ്‌പോര്‍ട്‌സ് കാറിന് 2.12 കോടി രൂപ മുതലാണ് ഇന്ത്യയില്‍ നോയ്ഡയിലെ എക്‌സ് ഷോറൂം വില. അമ്പതാം ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയിലെത്തുമെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto
Tags: Nissan GTR