ലോകരാഷ്ട്രീയത്തിന്റെ ഇന്ധനം

ലോകരാഷ്ട്രീയത്തിന്റെ ഇന്ധനം

മേയ് രണ്ട് മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയും ചൈനയുമടക്കം ഒരു രാഷ്ട്രങ്ങള്‍ക്കും വാങ്ങാനാവില്ല. ഇറാന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേലും ഉപരോധം കൊണ്ടുവരുമെന്ന യുഎസ് ഭീഷണി മറികടക്കാന്‍ ആര്‍ക്കും നിലവില്‍ ധൈര്യമില്ല. എണ്ണ വിലക്കയറ്റത്തിന്റെ കാലം ഇനിയും വരുമോയെന്ന ആശങ്കയിലാണ് ഇന്ത്യയടക്കം പ്രധാന ഇറക്കുമതിക്കാര്‍. ഭീകരവാദത്തിന്റെയും ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷണത്തിന്റെയും പേരില്‍ ലോക രാജ്യങ്ങളെ പത്മവ്യൂഹത്തില്‍ കയറ്റി ഉപരോധം ചമയ്ക്കുന്ന അമേരിക്കയുടെ നടപടി വാസ്തവത്തില്‍ സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിന്റെ ഭാഗമാണ്

‘ഭടന്മാര്‍ക്കത്രയേ പറയാനുള്ളു. അഭിമന്യു മരിച്ചു. ധൃഷ്ടദ്യുമ്‌നനും സാത്യകിയും വന്നപ്പോഴാണ് യുദ്ധത്തിന്റെ വിശദ വിവരങ്ങള്‍ അറിയുന്നത്. യുധിഷ്ഠിരനെ പിടിക്കാന്‍ ചക്രാകൃതിയില്‍ വ്യൂഹം ചമച്ച് അടുപ്പിക്കുകയായിരുന്നു ദ്രോണാചാര്യര്‍. അവരുടെ വ്യൂഹം തകര്‍ക്കുന്നത് ഒരാവശ്യമായി വന്നപ്പോള്‍ അകത്ത് കയറി യുദ്ധം ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്ന് പറഞ്ഞ് അഭിമന്യു കൂസലില്ലാതെ ഏറ്റെടുത്തു. അഭിമന്യു അകത്ത് കയറിയ ഉടനെ പാര്‍ശ്വഭാഗങ്ങളില്‍ വന്നവര്‍ക്ക് ഇടകൊടുക്കാതെ ജയദ്രഥന്‍ ഒറ്റത്തേരില്‍ വന്ന അഭിമന്യുവിനെ കുടുക്കി. ഇരുവശവും മുന്നിലും കടക്കാന്‍ യുദ്ധമുറയനുസരിച്ചുള്ള സഹായികളില്ലാത്ത നിലയില്‍ അഭിമന്യുവിനെ ദ്രോണര്‍, കൃപര്‍, അശ്വത്ഥാത്മാവ്, കര്‍ണ്ണന്‍, ശല്യര്‍ എന്നിവര്‍ വളഞ്ഞു.’

– ‘രണ്ടാമൂഴം’, എം ടി

ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍, മെയ് മാസം രണ്ടാം തിയതി മുതല്‍ രാജ്യത്ത് എണ്ണവില കൂടിയേക്കും. ഇറാനെതിരെ അമേരിക്ക തീര്‍ത്ത ഉപരോധം തന്നെ കാരണം. ഉപരോധം എന്ന മലയാള വാക്ക്, സാമാന്യാര്‍ത്ഥം എല്ലാവര്‍ക്കും മനസ്സിലാക്കത്തക്കവണ്ണം ഉള്ളതാണ്. ഇംഗ്ലീഷില്‍ തത്തുല്യമായി ഉപയോഗിക്കുന്ന പദം ‘sanctions’ എന്നാണ്. അതിനെ മലയാളവല്‍ക്കരിച്ചാല്‍ നേരെ വിപരീതമായ അര്‍ത്ഥം ഉളവാക്കുന്ന ‘അനുമതി’ എന്നാവും. ‘വിരോധം തോന്നുമാറുക്തിവിരോധാഭാസമായിടും’ എന്നാണ് കേരളപാണിനിയുടെ വ്യാകരണശാസ്ത്രം. ഈ രണ്ട് പദങ്ങള്‍ തമ്മില്‍ ഉള്ള അര്‍ത്ഥ വൈരുദ്ധ്യങ്ങള്‍ക്ക് അര്‍ത്ഥം ചമച്ച് പൊലിപ്പിക്കുന്നത് ആരോടോ വിരോധം തീര്‍ക്കുവാനുള്ള തോന്നല്‍ ഉളവാക്കാനുള്ള അവയുടെ ശക്തിയാണ്.

ഐക്യരാഷ്ട്രസഭയുടെ നിയമാവലികള്‍ പ്രകാരം രാഷ്ട്രങ്ങളുടെ മേല്‍ ഉപരോധം തീര്‍ക്കുന്നത് ചില പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങള്‍ ആ രാജ്യങ്ങളില്‍ നിന്ന് നേടിയെടുക്കാനാണ്. അവയില്‍ ഒന്നാമത്, ഒന്നോ അതിലധികമോ രാജ്യങ്ങളുടെ പ്രവര്‍ത്തികള്‍ മൂലം അന്താരാഷ്ട്ര ഉത്കണ്ഠ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവയുടെ ആപല്‍ഫലങ്ങളെ ഇല്ലാതാക്കുക അല്ലെങ്കില്‍ കുറയ്ക്കുക. രണ്ടാമത്, രാജ്യങ്ങളിലെ മനുഷ്യാവകാശവും ജനാധിപത്യവും നിയമവ്യവസ്ഥിതിയും പരിരക്ഷിക്കുക. മൂന്നാമത്, മേല്‍ രണ്ടിനും കാരണഭൂതരായ രാജ്യങ്ങളുടെ സ്വഭാവത്തെ സ്വാധീനിച്ച്, അവയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക. നാല്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ലോകവിനാശ ഹേതുവായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കുക. മൊത്തത്തില്‍, കേട്ടാല്‍ തരക്കേടില്ലാത്ത സംഭവം.

2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കിലെ ലോക വാണിജ്യ സമുച്ചയങ്ങള്‍ വിമാനമിടിപ്പിച്ച് തകര്‍ത്ത ആ പ്രഭാതം മുതലാണ് അമേരിക്കയ്ക്ക് തീവ്രവാദത്തോട് വിരക്തി തോന്നിത്തുടങ്ങിയത്. ആ സംഭവത്തിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ, തങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അഴിച്ച് വിട്ട ഭൂതം തങ്ങളെ തിരിച്ച് കുത്തിയേക്കും എന്ന് അമേരിക്കയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു. അതിനാല്‍, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയെക്കൊണ്ട് ഒരു പ്രമേയം പാസ്സാക്കിപ്പിച്ചു. വ്യക്തികളോ സ്ഥാപനങ്ങളോ രാഷ്ട്രങ്ങളോ അല്‍ഖായിദയ്ക്ക് സഹായങ്ങള്‍ നല്‍കുന്നതിനെ വിലക്കിക്കൊണ്ട് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ 1267 ാം നമ്പര്‍ തീരുമാനം നിലവില്‍ വന്നു. 9/11 ഭീകരാക്രമണം കഴിഞ്ഞതോടെ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി പെട്ടെന്ന് യോഗം ചേര്‍ന്ന് ഭീകര പ്രവര്‍ത്തനത്തിനെതിരെ കടുത്ത നടപടി നിഷ്‌കര്‍ഷിച്ചു. അതാണ് പ്രമേയം നമ്പര്‍ 1373. അത് പ്രകാരം രാഷ്ട്രങ്ങള്‍ ഭീകര സംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് നിര്‍ത്തണം. അതുപോലെ ഭീകര പ്രസ്ഥാനങ്ങള്‍ക്കോ ഭീകരര്‍ക്കോ അംഗരാജ്യങ്ങളിലെ പ്രജകളോ സ്ഥാപനങ്ങളോ ഒരു സാമ്പത്തിക സഹായവും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സൈനിക നടപടി എടുക്കാന്‍ സുരക്ഷാസമിതിയ്ക്ക് അധികാരം നല്‍കുന്നതായിരുന്നു പ്രമേയം. അത് പ്രകാരമാണ് അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടി ഉണ്ടായത്.

2010 ല്‍ വലിയ മാനങ്ങളുള്ള ഒരു നിയമം അമേരിക്ക പാസ്സാക്കി. ‘ദ്വിതീയ ഉപരോധം’ ആയിരുന്നു അതിന്റെ ലക്ഷ്യം. ഏത് അന്താരാഷ്ട്ര പണമിടപാട് നടന്നാലും അത് ആത്യന്തികമായി ഒരിക്കലെങ്കിലും അമേരിക്കന്‍ ഡോളറില്‍ അമേരിക്കയിലെ ബാങ്കുകളില്‍ കൂടി കടന്ന് പോകേണ്ടതുണ്ട്. ആ ഇടപാട് ശൃംഘലയില്‍ എവിടെയെങ്കിലും നിരോധിത രാഷ്ട്രങ്ങളോ നിരോധിതവ്യക്തികളോ നിരോധിത സ്ഥാപനങ്ങളോ ഉള്‍പ്പെടുകയാണെങ്കില്‍ ആ ഇടപാടില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ നിബന്ധന ചെയ്യുന്നത് ആയിരുന്നു ആ നിയമം. ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിരോധിക്കത്തക്ക പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെങ്കിലും അവര്‍ ഉപരോധങ്ങള്‍ ഉള്ളവരുമായി ഇടപാടുകള്‍ നടത്തുന്നത് അവരെയും ഉപരോധിക്കാനും ശിക്ഷിക്കാനും കഴിയുന്ന നിയമം. അതാണ് അതിനെ ദ്വിതീയ ഉപരോധം എന്ന് പറയുന്നത്. പ്രാഥമിക ബന്ധം വേണമെന്നില്ല. ഇവിടെയെല്ലാം ഭീകരവാദത്തിനെതിരെ ഉള്ള യുദ്ധം എന്ന മറ ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഉദ്ദേശ്യം ലോകത്തെവിടെയുമുള്ള സാമ്പത്തിക ഉറവകള്‍ അമേരിക്കയുടെ വരുതിയില്‍ നിര്‍ത്തുക എന്നതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിരുന്നു. പക്ഷേ, എതിര് പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. കാരണം, എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, പറഞ്ഞവരെ ഭീകരരെ സഹായിക്കുന്ന രാഷ്ട്രമായി അടയാളപ്പെടുത്തുവാന്‍ അമേരിക്കയ്ക്കോ അവരുടെ ചട്ടുക രാജ്യങ്ങള്‍ക്കോ പ്രയാസം ഉണ്ടായിരുന്നില്ല.

2017 ല്‍ അമേരിക്കയുടെ വ്യാപാര-യുദ്ധ ലക്ഷ്യങ്ങള്‍ കൃത്യമായി പുറത്തറിയിക്കുന്ന നിയമം യുഎസ് കോണ്‍ഗ്രസ്സ് പാസ്സാക്കി. ‘അമേരിക്കയുടെ എതിരാളികളെ ഉപരോധങ്ങളിലൂടെ പ്രതിരോധിക്കാനുള്ള നിയമം’ (Countering America’s Adversaries Through Sanctions Act – CAATSA) എന്ന കാട്‌സ. റഷ്യ, ഇറാന്‍, ഉത്തര കൊറിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശം. റഷ്യയുടെ വൈദ്യുതിരംഗം, എണ്ണ പര്യവേഷണരംഗം, പ്രതിരോധരംഗം, സാമ്പത്തികരംഗം എന്നിവയില്‍ വായ്പകള്‍, കടങ്ങള്‍ എന്നിവ പരമാവധി 15 ദിവസം മുതല്‍ 60 ദിവസം വരെ മാത്രമായി നിജപ്പെടുത്തപ്പെടുന്നു. നിയമത്തിലെ 105 ാം വകുപ്പ് ഇറാനുമായുള്ള (സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍, ബന്ധപ്പെട്ടവര്‍ എന്നിങ്ങനെ എല്ലാ ഇറാന്‍ സ്വത്വങ്ങളും ഇതില്‍ വരുന്നു) എല്ലാ സാമ്പത്തിക ബന്ധങ്ങളും മറ്റെല്ലാ രാജ്യങ്ങളും പൂര്‍ണ്ണമായും വിച്ഛേദിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ്. ഇറാനുമായുള്ള ഡോളര്‍ ഇടപാടുകള്‍ അമേരിക്ക ഇതിനിടെ അവസാനിപ്പിച്ചിരുന്നു. അതിനാല്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിക്കുമ്പോള്‍ വില ഡോളറില്‍ നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍ ഇറാന്‍ സമ്മതിക്കുകയും അതിനായി അവരുടെ എക്കൗണ്ട് കൊല്‍ക്കത്തയിലെ ഒരു ബാങ്കില്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ എണ്ണവില ഈ എക്കൗണ്ടിലേക്ക് അടച്ച് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നു. നമുക്ക് ആവശ്യമുള്ള എണ്ണയുടെ 10 ശതമാനവും നല്‍കുന്നത് ഇറാനാണ്.

2017 ലെ കാട്‌സ നിയമം അമേരിക്കയുടെ ആഭ്യന്തര നിയമമാണെന്നും 2010 ലെ ദ്വിതീയ ഉപരോധ നിയമം നമുക്ക് ബാധകമല്ലെന്നും ആയിരുന്നു നമ്മുടെ വാദം. നമ്മള്‍ അനുസരിക്കേണ്ടത് ഐക്യരാഷ്ട്ര സംഘടനയുടെ നിയമങ്ങള്‍ മാത്രമാണ്. ഈ വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നെങ്കിലും അമേരിക്ക കുലുങ്ങിയില്ല. ദ്വിതീയ ഉപരോധ നിയമപ്രകാരം നമുക്കെതിരെ ഉപരോധം പ്രയോഗിക്കുമെന്ന് അമേരിക്ക തീര്‍ത്തുപറഞ്ഞു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍, ആറ് മാസം ഇറാന്‍ എണ്ണ രൂപ കൊടുത്ത് വാങ്ങുവാനുള്ള ഇളവ് തന്നു. നമുക്ക് മാത്രമല്ല, അമേരിക്കയുമായി വ്യാപാര യുദ്ധത്തിലുള്ള ചൈനയ്ക്കും, അവരുമായി വലിയ ചങ്ങാത്തത്തിലുള്ള ജപ്പാന്‍, തെക്കന്‍ കൊറിയ, തുര്‍ക്കി എന്നിവര്‍ക്കും ഇളവ് കിട്ടി. ആ ഇളവാണ് നമുക്ക് മെയ് മാസം രണ്ട് മുതല്‍ നഷ്ടമാവുന്നത്.

നമ്മുടെ ഭരണഘടന പ്രകാരം നമ്മള്‍ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആണ്. അതായത്, നമുക്ക് നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആത്യന്തിക അധികാരം ഉണ്ട്. എന്നിട്ടും അമേരിക്ക നിര്‍മ്മിക്കുന്ന നിയമങ്ങള്‍ നമുക്ക് ബാധകമാവുന്നത് രാജ്യാന്തര ഇടപാടുകള്‍ നടത്തുമ്പോള്‍ ഡോളര്‍, ഇടനിലക്കാരനായും ക്ഷണിക്കപ്പെടാത്ത അതിഥിയായും എത്തുമ്പോഴാണ്. ഇന്ത്യന്‍ രൂപ ലോകനാണയമായി ശക്തി പ്രാപിക്കുന്നത് വരെ നമ്മള്‍ സാമ്പത്തികമായി ഇത്തരം രാജ്യങ്ങളുടെ വരുതിയില്‍ ആയിരിക്കും. അതിനുള്ള തന്ത്രപ്രധാനമായ നടപടിയാണ് പരമാവധി സ്വര്‍ണ്ണം വാങ്ങി സംഭരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. രാജ്യത്തെ സ്വര്‍ണ്ണ നിക്ഷേപം വര്‍ധിക്കുംതോറും നാണയത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള വിശ്വാസമേറും. അത് രാജ്യാന്തര ഇടപാടുകള്‍ തീര്‍ക്കുവാനുള്ള സാമ്പത്തികവേദിയായി ഇന്ത്യയെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, സ്വര്‍ണ്ണം വാങ്ങിയത് കൊണ്ടുമാത്രം ആയില്ല. ചൈനയും ഇതേ ലക്ഷ്യത്തിലേക്കാണ് കണ്ണ് വെക്കുന്നത്. അവര്‍ക്ക് ഇത് താരതമ്യേന എളുപ്പമായിരിക്കും. കാരണം അവരുടേത് നിര്‍മ്മാണ സമ്പദ്വ്യവസ്ഥയാണ്. ലോകത്തിന് വേണ്ട ഏത് സാധനവും അവിടെ നിര്‍മ്മിക്കുന്നു. നമ്മുടേത് ഉപഭോഗ സമ്പദ്വ്യവസ്ഥയാണ്. എല്ലാം നമ്മള്‍ വാങ്ങി ഉപയോഗിക്കുന്നു. നമുക്ക് ഉല്‍പ്പാദനത്തിനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അനന്തമായ പ്രകൃതി നിക്ഷേപവും മാനവിക നിക്ഷേപവും നമുക്കുണ്ട്. എന്നാല്‍ നമ്മള്‍ അവയുടെ ഉപയോഗത്തിന്റെ ആത്യന്തിക കഴിവുകള്‍ മനസ്സിലാക്കുന്നില്ല. ഓരോ പൗരനും അത് മനസ്സിലാക്കി ഇന്ത്യയെ ലോകത്തിന്റെ ഫാക്ടറി ആക്കിയാല്‍ പിന്നെ നമ്മളായിരിക്കും ലോകകാര്യങ്ങള്‍ തീരുമാനിക്കുന്നത്.

എണ്ണ ലോകരാഷ്ട്രീയത്തിന്റെയും ഇന്ധനമാണ്. അതില്‍ പെട്ടാണ് ഇറാഖ് ഇല്ലാതായത്. ഖത്തറും ജിസിസി രാജ്യങ്ങളും തമ്മില്‍ത്തല്ലുന്നത്, വെനിസ്വേലയെ അമേരിക്ക ശ്വാസം മുട്ടിക്കുന്നത്, ഇറാനെ ഒറ്റപ്പെടുത്തുന്നത്. രാജ്യങ്ങള്‍ക്കെതിരെ ചക്രവ്യൂഹമാണ് ചമയ്ക്കുന്നത്. ഓടിച്ചിട്ട് തെളിച്ച് അതിനകത്ത് കയറ്റിയാല്‍ പിന്നെ പുറത്തിറങ്ങരുത്. ഇറാന്‍ പറയുന്നത് അവര്‍ അഭിമന്യുവിനെപ്പോലെ അകത്ത് കയറി യുദ്ധം ചെയ്യാന്‍ സന്നദ്ധനായി നില്‍ക്കുകയാണ് എന്നാണ്. ശനിയാഴ്ച അവര്‍ അമേരിക്കന്‍ യുദ്ധക്കപ്പലില്‍ നിന്ന് പുറപ്പെട്ട ഒരു ഡ്രോണ്‍ വെടിവച്ചിട്ടു എന്ന് അവകാശപ്പെടുന്നു. ലോകത്തെ യുദ്ധം പഠിപ്പിക്കുന്നത് അമേരിക്കയാണ്. അതവരുടെ വ്യവസായമാണ്. ഒന്നാം ലോകയുദ്ധത്തിന് ആയുധവും പണവും നല്‍കിയാണ് അവര്‍ ലോകനേതാവായി സ്വയം അവരോധിച്ചത്. എണ്ണരാജാക്കന്മാരായ ഗള്‍ഫ് രാജ്യങ്ങള്‍ ജയദ്രഥനായി ഒപ്പമുണ്ട്. യു എന്‍ എന്ന കൃപാചാര്യര്‍ക്ക് അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായ താല്‍പ്പര്യങ്ങള്‍ ഒന്നുമില്ല. യു എന്നിനെ പറ്റി ‘പരാജയപ്പെട്ട ദൈവവും തകര്‍ന്ന കുറെ സങ്കല്‍പ്പങ്ങളും’ എന്ന മലയാളലേഖനം പ്രമുഖ വാരികയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ട് അര നൂറ്റാണ്ട് ആവാറായി. കൃപാചാര്യര്‍ക്ക് സുഭദ്രാദര്‍ശനമാത്രേ കൈവന്ന വിജൃംഭണം അതുപോലെ അടക്കാനേ ആയിട്ടുള്ളൂ. കൃഷ്ണ സോദരിയെ സ്വന്തമാക്കാനുള്ള സൗഭാഗ്യം വന്നത് പാണ്ഡവരില്‍ മധ്യനാണ്. കലഹിക്കുന്ന കര്‍ണ്ണനായി യൂറോപ്യന്‍ യൂണിയനും, ശല്യരായി ഒരുകാലത്തെ സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ അമ്മാവന്‍ ബ്രിട്ടനും എതിര്‍പക്ഷത്ത്. എല്ലാവരും ചേര്‍ന്നാണ് മൂന്നാം ലോകരാജ്യങ്ങളെ ഉപരോധങ്ങളുടെ ചക്രവ്യൂഹത്തില്‍ കയറ്റി വളഞ്ഞിട്ടാക്രമിക്കുന്നത്. അത് തീവ്രവാദത്തെ തോല്‍പ്പിക്കാനോ, ലോകരാജ്യങ്ങളില്‍ ജനാധിപത്യവും മനുഷ്യാവകാശവും നിയമവ്യവസ്ഥയും സംരക്ഷിക്കാനോ അല്ല. മറിച്ച്, അമേരിക്കയുടെ സങ്കുചിതവും കുല്‍സിതവുമായ വാണിജ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ്.

Categories: FK Special, Slider
Tags: Iran Oil