ഇ-ഗവേണന്‍സില്‍ വൈദഗ്ധ്യം നേടാം, ഇതാ അവസരം

ഇ-ഗവേണന്‍സില്‍ വൈദഗ്ധ്യം നേടാം, ഇതാ അവസരം

ഐഐഐടിഎംകെയില്‍ ഇ-ഗവേണന്‍സില്‍ പിജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള  (ഐഐഐടിഎംകെ) ഇഗവേണന്‍സില്‍ ബിരുദാനന്തര ഡിപ്ലോമ  (പിജിഡിഇജി) കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു.

ഐഐഐടിഎംകെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റും (ഐഎംജി) സംയുക്തമായി നടത്തുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.

സങ്കീര്‍ണമായ ഇഗവേണന്‍സ് പദ്ധതികള്‍ ചിട്ടയായി ആസൂത്രണം ചെയ്യുന്നതിനാവശ്യമായ സമ്പൂര്‍ണ നൈപുണ്യവും അറിവും നേതൃപാടവവുമുള്ള ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

ആനുകാലിക വിവര വിനിമയ സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മുന്‍നിര ഐടി സ്ഥാപനങ്ങളുടേയും ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്റുകളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇവരുടെ സേവനങ്ങള്‍ കാലാനുസൃത മാറ്റങ്ങള്‍ക്കനുസൃതമായി പൗരന്‍മാര്‍ക്കും പങ്കാളികള്‍ക്കും ലഭ്യമാക്കുന്നതിനും കോഴ്‌സ് ഉപകരിക്കും. അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ  ലഭ്യമാക്കുന്ന കോഴ്‌സിന് വിദഗ്ധരായ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്.

പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് പിജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.

ബിരുദവും കംപ്യൂട്ടര്‍ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാനയോഗ്യത.  കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമ അഭികാമ്യം. ബിടെക്, എംബിഎ, എംസിഎ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന. പിജിഡിഇജി കോഴ്‌സിനെക്കുറിച്ചും അപേക്ഷയെക്കുറിച്ചുമുള്ള വിവരങ്ങളും സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മേയ് നാല് ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. മറ്റുള്ളവര്‍ക്ക്  മേയ് 18 വരെ അപേക്ഷിക്കാം.

Comments

comments

Categories: FK News
Tags: e-governance